ഷാർജ: സ്കൂളുകൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ എമിറേറ്റിൽ ആരംഭിച്ച ‘ബാക്ക് ടു സ്കൂൾ’ കാമ്പയിന് മികച്ച പ്രതികരണം. 80 ശതമാനം വരെ ഇളവുകളുമായാണ് ‘ബാക്ക് ടു സ്കൂൾ’ കാമ്പയിൻ തുടങ്ങിയത്. ഷാർജ സമ്മർ പ്രമോഷന്റെ ഭാഗമായി ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി സംഘടിപ്പിക്കുന്ന കാമ്പയിൻ സെപ്റ്റംബർ ഒന്നുവരെ നീണ്ടുനിൽക്കും.
വസ്ത്രങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, സ്കൂൾ ബാഗുകൾ എന്നിവക്കെല്ലാം എമിറേറ്റിലെ മാളുകളിലും സ്റ്റേഷനറി കടകളിലും ഓഫർ ലഭിക്കുന്നുണ്ട്. വിദ്യാർഥികൾക്ക് ഇക്കാലയളവിൽ വിദ്യാഭ്യാസ സാമഗ്രികൾ വിതരണം ചെയ്യുന്ന പരിപാടികളും വിനോദ പ്രവർത്തനങ്ങളും ശിൽപശാലകളും ഒരുക്കിയിട്ടുണ്ട്.
ആഗസ്റ്റ് 25 വരെ എമിറേറ്റിലെ മാളുകളിൽ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും കുടുംബങ്ങൾക്കും 100 സ്കൂൾ ബാഗുകളും 100 വൗച്ചറുകളും നൽകുകയും ചെയ്യും.
ബാക്ക് ടു സ്കൂൾ ഓഫറുകൾ കുടുംബങ്ങൾക്കും വിദ്യാർഥികൾക്കും സ്കൂൾ സാമഗ്രികളും അവശ്യവസ്തുക്കളും ഡിസ്കൗണ്ട് വിലയിൽ വാങ്ങുന്നതിനും ആത്യന്തികമായി കുട്ടികൾക്ക് അനുകൂലമായ വിദ്യാഭ്യാസ അന്തരീക്ഷം വളർത്തിയെടുക്കുന്നതുമാണ് കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.
വ്യാപാരികൾ, വിതരണക്കാർ, ലൈബ്രറികൾ, റീട്ടെയിൽ സ്റ്റോറുകൾ എന്നിവയുടെ സഹകരണത്തോടെയാണ് ബാക്ക് ടു സ്കൂൾ കാമ്പയിൻ വാണിജ്യ പ്രമോഷനുമായി ചേർന്ന് ഒരുക്കിയത്.
‘ബാക്ക് ടു സ്കൂൾ’ കാമ്പയിൻ എപ്പോഴും വിജയകരമാണെന്നും അതിന്റെ ലക്ഷ്യങ്ങൾ കൈവരിച്ചിട്ടുണ്ടെന്നും ചേംബർ ഇക്കണോമിക് റിലേഷൻസ് ആൻഡ് മാർക്കറ്റിങ് വകുപ്പ് ഡയറക്ടറും ഷാർജ സമ്മർ പ്രമോഷൻസ് ജനറൽ കോഓഡിനേറ്ററുമായ ഇബ്രാഹീം റാശിദ് അൽ ജർവാൻ പറഞ്ഞു. ഷാർജയിലെ ബുക്സ് സ്റ്റോറുകളും സ്റ്റേഷനറി റീട്ടെയിലർമാരും എല്ലാ പ്രായത്തിലുള്ള വിദ്യാർഥികൾക്കും അനുയോജ്യമായ വൈവിധ്യമാർന്ന പഠനോപകരണങ്ങൾ ഒരുക്കിക്കൊണ്ട് കാമ്പയിനിൽ പങ്കെടുക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.