മസ്കത്ത്: സുൽത്താനേറ്റിലെ കായികപ്രേമികൾക്ക് ആവേശംപകർന്ന് ഹോക്കി മഹോത്സവത്തിന് വെള്ളിയാഴ്ച കൊടിയേറും. ഒമാനി ഹോക്കി അസോസിയേഷന്റെ സഹകരണത്തോടെ യുനൈറ്റഡ് തലശ്ശേരി സ്പോർട്സ് ക്ലബ് (യു.ടി.എസ്.സി) സംഘടിപ്പിക്കുന്ന 'ഗൾഫ് ഹോക്കി ഫിയസ്റ്റ' ഹോക്കി മത്സരം വെള്ളി, ശനി ദിവസങ്ങളിൽ ബൗഷറിലെ സുൽത്താൻ ഖാബൂസ് സ്റ്റേഡിയം കോംപ്ലക്സിൽ നടക്കും. ഹോക്കി മഹോത്സവത്തിന്റെ ആറാം പതിപ്പിനാണ് സുൽത്താനേറ്റ് വേദിയാകുന്നത്. ആറ് അന്തർദേശീയ ടീമും അത്രതന്നെ പ്രാദേശിക ടീമുകളുമാണ് മത്സരത്തിൽ ഏറ്റുമുട്ടുക.
വെള്ളിയാഴ്ച വൈകീട്ട് ആറിന് ടൂർണമെന്റിന്റെ ഔപചാരിക ഉദ്ഘാടനം ഒമാൻ ഹോക്കി അസോസിയേഷൻ ചെയർമാൻ ഡോ. മർവാൻ ജുമ അൽജുമ നിർവഹിക്കും. ഒമാനിലെ ഇന്ത്യൻ അംബാസഡർ അമിത് നാരങ് മുഖ്യാതിഥിയാകും. കേരള ഹോക്കി പ്രസിഡന്റും ഹോക്കി ഇന്ത്യയുടെ എക്സിക്യൂട്ടിവ് ബോർഡ് മെംബറുമായ സുനിൽ കുമാർ സംബന്ധിക്കും. 29ന് ഉച്ചകഴിഞ്ഞ് മൂന്നിന് ഇന്ത്യൻ സ്കൂളുകളിലെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും പ്രദർശനമത്സരം നടക്കും. 2024ൽ ഒമാനിൽ ഫൈവ് എ സൈഡ് ലോകകപ്പ് നടക്കുന്നതിനാൽ 'ഗൾഫ് ഹോക്കി ഫിയസ്റ്റ 22'നെ പ്രാധാന്യത്തോടെയാണ് കാണുന്നതെന്ന് യു.ടി.എസ്.സി ഭാരവാഹികൾ പറഞ്ഞു. സ്വദേശികൾക്കും വിദേശികൾക്കും ഇടയിൽ ഹോക്കി മത്സരം ജനകീയമാക്കുകയാണ് ടൂർണമെന്റിലൂടെ സംഘാടകർ ലക്ഷ്യംവെക്കുന്നത്.
കായികമേഖലയിൽ കരുത്തായി യു.ടി.എസ്.സി
ഹോക്കിയെ നെഞ്ചോടുചേർത്ത സംസ്ഥാന ഹോക്കി താരങ്ങൾ അടങ്ങിയ കായികപ്രേമികൾ ചേർന്ന് രൂപവത്കരിച്ച ക്ലബാണ് യു.ടി.എസ്.സി അഥവാ യുനൈറ്റഡ് തലശ്ശേരി സ്പോർട്സ് ക്ലബ്. 2009ൽ തലശ്ശേരിയിലെ മൈതാനത്ത് ചേർന്ന യോഗത്തിലായിരുന്നു ക്ലബിന്റെ രൂപവത്കരണം. തലശ്ശേരിയാണ് ആസ്ഥാനമെങ്കിലും നിലവിൽ ഒമാൻ, സൗദി, യു.എ.ഇ എന്നിവിടങ്ങളിലെല്ലാം കായികമത്സരങ്ങളും മറ്റും സംഘടിപ്പിക്കുന്നുണ്ട്. ആദ്യഘട്ടത്തിൽ ഹോക്കിയിലായിരുന്നു ശ്രദ്ധകേന്ദ്രീകരിച്ചിരുന്നത്. പിന്നീട് ഫുട്ബാൾ, ക്രിക്കറ്റ്, ബാസ്കറ്റ്ബാൾ, വോളിബാൾ എന്നിവയിലെല്ലാം പരിശീലനം നൽകുകയും ടൂർണമെന്റുകളും മറ്റും നടത്തുകയും ചെയ്തു. ക്രിക്കറ്റ്, ഹോക്കി, ഫുട്ബാൾ, ബാസ്കറ്റ്ബാൾ തുടങ്ങിയ കായികയിനങ്ങളിലേക്ക് നിരവധി താരങ്ങളെ യു.ടി.എസ്.സി സംഭാവന നൽകിയിട്ടുണ്ട്. ഇവരിൽ പലരും ഇന്ന് പ്രാദേശിക, അന്തർദേശീയ മത്സരങ്ങളിൽ കളിക്കുന്നവരാണെന്ന് യു.ടി.എസ്.സി ഭാരവാഹികൾ പറഞ്ഞു. മൂന്നുവർഷം മുമ്പ് തലശ്ശേരിയിൽ യു.ടി.എസ്.സി ഹോക്കി അക്കാദമിയും രൂപവത്കരിച്ചിട്ടുണ്ട്.
യു.ടി.എസ്.സി ഗ്ലോബലിന് കീഴിൽ ജിദ്ദ, മസ്കത്ത്, ദുബൈ, യു.ടി.എസ്.സി തലശ്ശേരി, യു.ടി.എസ്.സി ഹോക്കി അക്കാദമി എന്നിങ്ങനെ അഞ്ചു യൂനിറ്റുകൾ പ്രവർത്തിച്ചു വരുന്നു. സൗദിയിൽ ഫുട്ബാളിലും ദുബൈയിൽ ഹോക്കിയിലും ഒമാനിൽ ഫുട്ബാളിലും ഹോക്കിയിലുമാണ് ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. നാട്ടിൽ ഹോക്കി, ബാസ്കറ്റ്ബാൾ എന്നീ ഇനങ്ങളിലാണ് സജീവമായി പരിശീലനങ്ങളും മറ്റും നൽകിവരുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന 40 വയസ്സിനു മുകളിലുള്ള മാസ്റ്റേഴ്സ് ഹോക്കി ടൂർണമെന്റുകളിൽ യു.ടി.എസ്.സി പങ്കെടുക്കാറുണ്ട്. ഈവർഷം മേയിൽ ഇന്ത്യയിലെ ബംഗളൂരുവിൽ നടന്ന ഓൾ ഇന്ത്യ മാസ്റ്റേഴ്സ് ടൂർണമെന്റിലും കഴിഞ്ഞവർഷം ഒക്ടോബറിൽ മുംബൈയിൽ നടന്ന ഓൾ ഇന്ത്യ മാസ്റ്റേഴ്സ് ടൂർണമെന്റിലും യു.ടി.എസ്.സി രണ്ടാം സ്ഥാനം സ്വന്തമാക്കിയിരുന്നു. വളർന്നുവരുന്ന കായികതാരങ്ങൾക്ക് ദിശാബോധം നൽകി ഇന്ത്യയുടെ കായികഭൂപടത്തിൽ തങ്ങളുടേതായ പുതിയ ഏടുകൾ എഴുതിച്ചേർക്കുകയാണ് യു.ടി.എസ്.സി.
തീപിടിപ്പിക്കാൻ 12 ടീമുകൾ
ബൗഷറിലെ സുൽത്താൻ ഖാബൂസ് സ്റ്റേഡിയം കോംപ്ലക്സിലെ പുൽനാമ്പുകളെ തീപിടിപ്പിച്ച് ജി.സി.സി രാഷ്ട്രങ്ങളിൽനിന്നടക്കമുള്ള 12 ടീമുകളാണ് ടൂർണമെന്റിൽ അങ്കംകുറിക്കുക. സീനിയർ ആൺ, സീനിയർ വനിത, സ്കൂൾ വിഭാഗം ആൺ, പെൺ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടക്കുക. നാഖി സ്ട്രൈക്കേഴ്സ് (സൗദി), ദാദാ ഭായ് (ദുബൈ), യു.ടി.എസ്.സി, സ്കാർലറ്റ്, കൂർഗ് ഹോക്സ് ബി, ദുബൈ ഹോക്കി ക്ലബ് എന്നീ അന്താരാഷ്ട്ര ടീമുകളും ഒമാനിൽനിന്ന് അഹ്ലി സിദാബ്, അൽ ബഷീർ സ്പോർട്സ് ക്ലബ്, സീബ് സ്പോർട്സ് ക്ലബ്, ഒമാൻ വെറ്ററൻസ്, സുഹാർ സ്പോർട്സ് ക്ലബ്, ടീം കൂർഗ്- മസ്കത്ത് എന്നീ പ്രാദേശിക ടീമുകളും ഇന്ത്യയിൽനിന്ന് ഒരു ടീമുമാണ് സീനിയർ മെൻസ് വിഭാഗത്തിൽ ഏറ്റുമുട്ടുന്നതെന്ന് ടൂർണമെന്റ് ഡയറക്ടർ ജാവീസ് അഹ്മദ് പറഞ്ഞു. നിലവിൽ ഒമാനിൽനിന്നുള്ള അഹ്ലി സിദാബ് ആണ് ഈ വിഭാഗത്തിലെ ജേതാക്കൾ.
സീനിയർ വനിതകളുടെ വിഭാഗത്തിൽ ഒമാൻ നാഷനൽ റെഡ്, ഒമാൻ നാഷനൽ വൈറ്റ്, ദുബൈ ഹോക്കി ക്ലബ് എന്നിങ്ങനെ മൂന്നു ടീമുകളാണ് ഹോക്കി സ്റ്റിക്കേന്തുന്നത്. ഇതിൽ ഒമാൻ വനിത നാഷനൽ ടീമിനെ രണ്ടായി തിരിച്ചാണ് റെഡ്, വൈറ്റ് എന്നിങ്ങനെ ടീം രൂപവത്കരിച്ചത്. 2024ൽ ഒമാനിൽ ഫൈവ് എ സൈഡ് ലോകകപ്പ് നടക്കുന്നതിനാൽ മികച്ച ടീമിനെ കണ്ടെത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഒമാൻ ഹോക്കി അധികൃതർ ടീമിനെ രണ്ടായി വിഭജിച്ചത്.
ഇന്ത്യൻ സ്കൂൾ വിഭാഗത്തിൽ മബേല, സീബ്, വാദികബീർ എന്നിവിടങ്ങളിൽനിന്നുള്ള ടീമുകളാണ് ആൺ, പെൺ വിഭാഗങ്ങളിൽ ഏറ്റുമുട്ടുക. മത്സരത്തിന്റെ മുന്നോടിയായി ടീമുകൾ ദിവസങ്ങൾക്ക് മുമ്പുതന്നെ പരിശീലനത്തിലേർപ്പെട്ടിരുന്നുവെന്ന് ജാവീസ് അഹമ്മദ് പറഞ്ഞു.
ഗൾഫ് ഹോക്കി ഫിയസ്റ്റ: ജഴ്സി പുറത്തിറക്കി
മസ്കത്ത്: ഗൾഫ് ഹോക്കി ഫിയസ്റ്റയുടെ ഔദ്യോഗിക ജഴ്സി പുറത്തിറക്കി. മസ്കത്തിലെ ഇന്ത്യൻ എംബസിയിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ അംബാസഡർ അമിത് നാരംഗാണ് ജഴ്സി പ്രകാശനം ചെയ്തത്. ഒമാൻ ഹോക്കി അസോസിയേഷൻ ചെയർമാൻ ഡോ. മർവാൻ ജുമ അൽജുമ, ലിജിഹാസ് ഉസൈൻ, മുഹമ്മദ് റാഫി എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.