തണുപ്പ് കാലത്തേക്ക് യു.എ.ഇ ചുവടുവെച്ചു തുടങ്ങിയിരിക്കുന്നു. സാധാരണ സെപ്റ്റംബർ അവസാനത്തോടെ യു.എ.ഇയിലേക്കെത്തുന്ന മഞ്ഞുകൂട്ടങ്ങൾ ഇക്കുറി മടിച്ചുനിൽക്കുകയാണെങ്കിലും ചില മേഖലകളിൽ തണുപ്പ് തുടങ്ങിയിട്ടുണ്ട്. പൊരിവെയിലിൽ കത്തിനിന്ന ഹത്തയും ഇതോടെ ഉണർന്നു. കൊടും തണുപ്പിന് കാത്തുനിൽക്കാതെ ഹത്തയിൽ ഒക്ടോബർ ഒന്ന് മുതൽ ക്യാമ്പിങ് സീസൺ തുടങ്ങി. ഇനിയുള്ള ഏഴ് മാസം ഇവിടെ ചെറിയ കൂടാരങ്ങൾ ഉയരും. അടുത്ത വർഷം ഏപ്രിൽ 30 വരെ നീളുന്ന സീസണിനെ വരവേൽക്കാൻ ഹത്തയിലെ കാരവനുകളും ടെൻറുകളും ഹോട്ടലുകളും ഭക്ഷണശാലകളും ഒരുങ്ങിക്കഴിഞ്ഞു. തീ കത്തിച്ച് ചൂടകറ്റാനും ചിക്കനും മട്ടനും ചുട്ടെടുക്കാനും ക്യാമ്പ് ഫയറുകൾ നടത്താനുമാണ് ഹത്ത തണുപ്പ് കാലത്ത് സ്വാഗതം ചെയ്യുന്നത്.
ഹത്ത കാമ്പിങ് സീസണിെൻറ ഏറ്റവും വലിയ ആകർഷണമാണ് കാരവനിലെ താമസം. 11 ആഡംബര കാരവനുകളാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്. മേഖലയിലെ ആദ്യത്തെ ലക്ഷ്വറി കാരവൻ പാർക്കാണിത്. രാത്രിയും പകലുമെല്ലാം കാരവനിൽ ചെലവഴിക്കാം. ഇതിനായി പ്രത്യേക പാക്കേജുകളുമുണ്ട്. പാചകം, ടെലിവിഷൻ, വൈഫൈ സൗകര്യങ്ങളെല്ലാം ഈ ആഡംബര കാരവനിലുണ്ട്. രണ്ട് മുതിർന്നവർക്കും രണ്ടോ മൂന്നോ കുട്ടികൾക്കും തങ്ങാനുള്ള സൗകര്യമാണ് ഓരോ കാരവനിലുമുള്ളത്. രാത്രിക്ക് 1350 ദിർഹമാണ് നിരക്ക്. കൂടുതൽ കുടുംബാംഗങ്ങൾ ഉണ്ടെങ്കിൽ മറ്റ് കാരവനും ബുക്ക് ചെയ്യേണ്ടി വരും. visithatta.com എന്ന വെബ്സൈറ്റ് വഴി ബുക്ക് ചെയ്യാം.
പുറത്തുനിന്ന് കാണുന്നത് പോലെയല്ല ടെൻറുകൾ. ആഡംബര സൗകര്യങ്ങളാണ് ഹത്തയിലെ ഡോം പാർക്കിലുള്ളത്. താഴിക കുടത്തിെൻറ ആകൃതിയിലുള്ള 15 ടെൻറുകൾ. ഹത്തയിലെ മലനിരകളുടെ സൗന്ദര്യം ആസ്വദിക്കാൻ കഴിയുന്ന രീതിയിൽ മലമുകളിലാണ് സജ്ജമാക്കിയിരിക്കുന്നത്. ഉയരം കൂടുന്നതിനാൽ തണുപ്പും കൂടിവരും.
ഹോട്ടലുകാർ ഒരുക്കുന്ന ടെൻറുകൾക്ക് പുറമെ ഹത്ത വാദി ഹബിൽ സ്വന്തം ടെൻറും ഉപയോഗിക്കാം. 18 സ്ഥലങ്ങളാണ് ഇത്തരം ക്യാമ്പിങ്ങിനായി നീക്കിവെച്ചിരിക്കുന്നത്.
ടെൻറുകളും കാരവനും മാത്രമല്ല, ഹോട്ടലുകളും റിസോർട്ടുകളുമെല്ലാം ഹത്തയുടെ മലമുകളിൽ താമസം ഒരുക്കുന്നുണ്ട്. യാത്ര ഉൾപെടെയുള്ള പാക്കേജുകളും ഓഫറും ലഭ്യമാണ്. ഒരു രാത്രി, രാത്രിയും പകലും, കുടുംബ സമേതം, വിവിധ പ്രദേശങ്ങളിലെ സന്ദർശനം എന്നിങ്ങനെ നീളുന്നു പാക്കേജ്. റിസോർട്ടുകളുടെ കീഴിലും ടെൻറ് സൗകര്യമുണ്ട്. കൂടുതൽ കുടുംബാംഗങ്ങളുമായി എത്തുന്നവർ റിസോർട്ടുകളാണ് തെരഞ്ഞെടുക്കുന്നത്. ആറ് മാസമായി വരണ്ട അവസ്ഥയിലായിരുന്നു ഇവിടെയുള്ള റിസോർട്ടുകൾ. ചൂട് കാലത്ത് ഹത്തയിേലക്ക് വരുന്നവർ കുറവാണ്. ഇനിയുള്ള ഏഴ് മാസമാണ് ഈ വരൾച്ച മറികടക്കുന്നത്.
ചൂട് കാലത്ത് വിശ്രമത്തിലേക്ക് നീങ്ങുന്ന മറ്റൊരു കൂട്ടരാണ് ഓഫ് റോഡ് സ്കൂട്ടറുകൾ. മൗണ്ടൻ ബൈക്കിങുകാർ മാത്രമാണ് ചൂടുകാലത്ത് ഈ വഴി റൈഡിങ് നടത്തുന്നത്. എന്നാൽ, എല്ലാത്തരം വിനോദ സഞ്ചാരികളും തണുപ്പ് കാലത്ത് മല കയറാൻ എത്തും. ഇവർക്കായി നാലുചക്രങ്ങളുള്ള ഓഫ് റോഡ് സ്കൂട്ടറാണ് ഒരുക്കിയിരിക്കുന്നത്. മലനിരകൾ കീഴടക്കാൻ ഇവനാണ് ബെസ്റ്റ്. മൗണ്ടയ്ൻ ബൈക്കിങ് ഇഷ്ടപ്പെടാത്തവർ പോലും ഇത്തരം നാല് ചക്ര വാഹനങ്ങൾ ഉപയോഗിക്കാറുണ്ട്.
കഴിഞ്ഞ മാസം ഹത്ത ഡാമിലേക്ക് കയാക്കിങ്ങിനെത്തിയവരിൽ ഭൂരിപക്ഷവും ഡാമിലിറങ്ങാതെ മടങ്ങുകയാണ് ചെയ്തത്. തണലിെൻറ ലാഞ്ചന പോലുമില്ലാത്ത ഡാമിന് നടുവിലൂടെ ഒരു മണിക്കൂറിലേറെ തുഴയുക എന്നത് അസാധ്യമാണെന്ന് തോന്നിയവരാണ് മടങ്ങിയവരിൽ അധികവും. എന്നാൽ, ഇനിയുള്ള ഏഴ് മാസം ഹത്ത ഡാമിലെ ബോട്ടുകൾക്ക് തിരക്കോട് തിരക്കായിരിക്കും. തണുപ്പ് സമയത്ത് ജാക്കറ്റുമിട്ട് ഹത്തയുടെ മലമടക്കുകൾക്കിടയിലൂടെ ബോട്ടിങും കയാക്കിങ്ങും നടത്തുന്നത് പ്രത്യേക അനുഭൂതിയാണ്. 60 ദിർഹം മുതൽ മുകളിലേക്കാണ് നിരക്ക്. ബോട്ടുകളുടെ വലിപ്പത്തിനും സൗകര്യത്തിനും അനുസരിച്ച് നിരക്കുകളിൽ മാറ്റമുണ്ടാകും. ഹത്ത ഡാമിന് സമീപത്തെ ടിക്കറ്റ് കൗണ്ടറിൽ ബുക്കിങ് സൗകര്യമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.