അബൂദബി: മഴക്കെടുതിയിൽ എമിറേറ്റിലുടനീളമുണ്ടായ പ്രതികൂല സാഹചര്യത്തെ നേരിടുന്നതിന് അബൂദബി നഗര, ഗതാഗത വകുപ്പ് വിവിധ വകുപ്പുകളെ ഏകോപിപ്പിക്കുന്ന നടപടി തുടരുന്നു. കാറ്റും മഴയും മൂലം അടിസ്ഥാന സൗകര്യങ്ങള്‍ക്കും മറ്റു സേവനങ്ങള്‍ക്കും വിവിധ നാശനഷ്ടങ്ങൾ നേരിട്ടിട്ടുണ്ട്. ഇവ പരിഹരിക്കുന്നതിനുള്ള നീക്കമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
തെരുവുകള്‍ ശുചീകരിക്കുന്നതും ഓടകള്‍ വൃത്തിയാക്കുന്നതും അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്നുണ്ടായ ആഘാതങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിന് പ്രത്യേക കര്‍മസേനക്ക് രൂപം നല്‍കിയതായും ഭാവിയില്‍ ഇത്തരം സാഹചര്യങ്ങളില്‍ പൊതുജനങ്ങളെ പരിരക്ഷിക്കുന്നതിന് സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് കര്‍മസേന പദ്ധതി തയാറാക്കുമെന്നും നഗര, ഗതാഗത വകുപ്പ് അറിയിച്ചു. സത്വര നടപടികള്‍ സ്വീകരിച്ച വിവിധ വകുപ്പുകളെ പ്രശംസിച്ച വകുപ്പ് അധികൃതര്‍ നല്കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് പൗരന്മാരോട് ആവശ്യപ്പെടുകയും ചെയ്തു.
പ്രധാന റോഡുകളുകളിലെയും ജനവാസ മേഖലകളിലെ ഇടവഴികളിലെയുമടക്കം വെള്ളക്കെട്ട് പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍, വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനും മറ്റും ഉപയോഗിക്കുന്ന ചതുപ്പ് നിറഞ്ഞ ഭാഗങ്ങളിൽ വെള്ളക്കെട്ടുണ്ട്. ഇത്തരത്തിലുള്ള വെള്ളക്കെട്ടുകളില്‍ കുടുങ്ങിയ വാഹനങ്ങളും നീക്കം ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്. നിരവധി വാഹനങ്ങള്‍ക്കാണ് കേടുപാടുകള്‍ സംഭവിച്ചിട്ടുള്ളത്. നിരവധി ഷോപ്പുകളിലും വില്ലകളിലും മഴ നാശനഷ്ടം വരുത്തിയിരുന്നു. വെള്ളക്കെട്ട് ഒഴിവായ റോഡുകളില്‍ അടിഞ്ഞുകൂടിയ ചളിയും മണലും നീക്കുന്ന ജോലികള്‍ ദ്രുതഗതിയില്‍ നടന്നുവരുകയാണ്. കാര്‍ഷിക മേഖലകളിലെ നാശനഷ്ടങ്ങളും അധികൃതര്‍ വിലയിരുത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.