ദുബൈ: കോൺഗ്രസ് പ്രവാസി സംഘടനയായ ഒ.ഐ.സി.സി/ ഇൻകാസ് കൂട്ടായ്മകളെ ഗൾഫ് രാജ്യങ്ങളിൽ ശക്തിപ്പെടുത്തുന്നതിെൻറ ഭാഗമായി യു.എ.ഇയിൽനിന്നും മൂന്നുപേരെ ഉന്നതാധികാര സമിതി കൺവീനർമാരായി നിയമിച്ചു. ഡോ. ഇ.പി. ജോൺസൺ, അഡ്വ. ഹാഷിക് തൈക്കണ്ടി, പി.കെ മോഹൻദാസ് എന്നിവരെയാണ് കെ.പി.സി.സി പ്രസിഡൻറ് കെ.സുധാകരൻ നിയമിച്ചിരിക്കുന്നത്.
ഇന്ത്യൻ അസോസിയേഷൻ ഷാർജയുടെ നിലവിലെ പ്രസിഡൻറാണ് ഇ.പി ജോൺസൺ. അഡ്വ. ടി.കെ. ഹാഷിക്, പി.കെ മോഹൻ ദാസ് എന്നിവർ ഗ്ലോബൽ ഭാരവാഹികളായി പ്രവർത്തിച്ചുവരുകയാണ്. ഒമാനിൽ നിന്നുള്ള പ്രവാസി കുമ്പളത്ത് ശങ്കരപിള്ളയെ നേരത്തേ ഗ്ലോബൽ ചെയർമാനായി നിയമിച്ചിരുന്നു. യു.എ.ഇക്കു പുറമേ മറ്റു രാജ്യങ്ങളിൽനിന്നും കൺവീനർമാരെ നിയമിച്ചിട്ടുണ്ട്. അതത് രാജ്യങ്ങളിലെ സംഘടനാ കാര്യങ്ങളിൽ കൺവീനർമാർ സഹകരിച്ച് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.
അതിനിടെ, യു.എ.ഇ ഇൻകാസ് സെൻട്രൽ കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയായി കണ്ണൂർ സ്വദേശി എസ്. മുഹമ്മദ് ജാബിറിനെ കെ.പി.സി.സി പ്രസിഡൻറ് നേരിട്ട് നിയമിച്ചു.
കെ.എസ്.യു മുൻ ജില്ല ഭാരവാഹിയും ഷാർജ ഇന്ത്യൻ അസോസിയേഷൻ മുൻ വൈസ് പ്രസിഡൻറുമായ ജാബിർ വിദ്യാർഥി രാഷ്ട്രീയത്തിലൂടെയാണ് കോൺഗ്രസിൽ സജീവമായത്. നേരത്തേ യു.എ.ഇ ഇൻകാസ് ജനറൽ സെക്രട്ടറിയായിരുന്ന പുന്നക്കൻ മുഹമ്മദലിയെ അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടി സംഘടനയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പദവികളിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു. ഇതേ തുടർന്ന് വന്ന ഒഴിവിലേക്കാണ് ജാബിറിനെ തെരഞ്ഞെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.