അബൂദബി: ബലിപെരുന്നാളും സ്കൂള്‍ വേനല്‍ക്കാല അവധിയും ഒരുമിച്ചുവന്നതോടെ അബൂദബി വിമാനത്താവളത്തില്‍ വന്‍ തിരക്ക്. വിവിധ കാരണങ്ങളാല്‍ കൃത്യസമയത്ത് വിമാനത്താവളത്തിൽ എത്താനാവാതെ യാത്ര മുടങ്ങുന്നത് ഒഴിവാക്കാന്‍ ആവശ്യമായ മുന്‍കരുതല്‍ യാത്രക്കാര്‍ സ്വീകരിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി.
ജൂലൈ ഏഴുവരെ ഒമ്പതുലക്ഷത്തോളം പേര് അബൂദബി വിമാനത്താവളം വഴി കടന്നുപോകുമെന്നാണ് കണക്ക്. അതുകൊണ്ടുതന്നെ എയര്‍പോര്‍ട്ട് റോഡുകളിലും അനുബന്ധ പാതകളിലുമെല്ലാം ഗതാഗതത്തിരക്കേറും. ഇത് കൃത്യസമയത്ത് വിമാനത്താവളത്തിൽ എത്തുന്നത് തടസ്സപ്പെടുത്താനിടയുണ്ട്. അതുകൊണ്ട് യാത്രക്കാർ മൂന്നുമണിക്കൂര്‍ മുമ്പെങ്കിലും വിമാനത്താവളത്തിൽ എത്താനുള്ള ക്രമീകരണങ്ങള്‍ നടത്തണം.
59 രാജ്യങ്ങളിലെ 109 ലക്ഷ്യസ്ഥാനങ്ങളിലേക്ക് വ്യാപിച്ചുകിടക്കുന്ന 5,000ത്തിലധികം വിമാനങ്ങളാണ് അബൂദബിയില്‍ സര്‍വിസ് നടത്തുന്നത്. എല്ലാ ഫ്ലൈറ്റുകളുടെയും ബോര്‍ഡിങ് പുറപ്പെടുന്നതിന് 20 മിനിറ്റുമുമ്പ് അടക്കും. യാത്രക്കാരുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍, തിരഞ്ഞെടുത്ത ഫ്ലൈറ്റുകളുടെ ചെക്ക്-ഇന്‍ കൗണ്ടറുകള്‍ എയര്‍വേകള്‍ മാറ്റുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍, യാത്രക്കാര്‍ അവരുടെ ഫ്ലൈറ്റ് സമയവും പുറപ്പെടല്‍ ടെര്‍മിനലും പരിശോധിക്കണം.
തിരക്ക് ഒഴിവാക്കാന്‍ ഓണ്‍ലൈനില്‍ ചെക്ക് ഇന്‍ ചെയ്ത് നേരത്തെ വിമാനത്താവളത്തിലെത്താന്‍ ശ്രമിക്കണം. മുതിര്‍ന്നവര്‍ക്ക് 35 ദിര്‍ഹത്തിനും കുട്ടിക്ക് 25 ദിര്‍ഹത്തിനും മിന സായിദിലോ അബൂദബി നാഷനല്‍ എക്സിബിഷന് സെന്ററിലോ ചെക്ക്-ഇന്‍ സൗകര്യങ്ങള്‍ ഉപയോഗിക്കാം.
അതേസമയം, യു.എ.ഇയിലെ വിമാനത്താവളങ്ങളില്‍ അനുഭവപ്പെടുന്ന തിരക്ക് മലയാളികളെയും കൂടുതലായി ബാധിക്കും. സ്കൂള്‍ അടച്ചതും ബലിപെരുന്നാള്‍ ഒപ്പം വന്നതുമെല്ലാമാണ് നാട്ടിലേക്ക് പോവുന്നവരുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടാക്കിയത്. ഇത് എയര്‍പോര്‍ട്ടുകളില്‍ കൂടുതല്‍ തിക്കിനും തിരക്കിനും കാരണമാവുന്നുണ്ട്. യാത്രക്കാരുടെ നിര വിമാനത്താവളത്തിന് പുറത്തേക്കും നീണ്ടതോടെ നിരവധി പേര്‍ക്ക് കൃത്യസമയത്തിന് അകത്തുകടക്കാനുമാവാത്ത സ്ഥിതിയുണ്ട്. ചെക്കിങ്ങിനായി മൂന്നുമണിക്കൂര്‍ മുമ്പേ എയര്‍പോര്‍ട്ടില്‍ എത്തണമെന്ന് അധികൃതര്‍ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നതാണ്.
എന്നാല്‍, കുടുംബമായി വരുന്നവര്‍പോലും ഏറ്റവും ഒടുക്കമെത്തി പരക്കം പായുകയാണ്. നീണ്ട ക്യൂ ഉള്ളതിനാല്‍ തന്നെ ലഗേജുകളും മറ്റുമായി തങ്ങളുടെ കൗണ്ടറിലേക്ക് എത്തുക നിലവില്‍ അത്ര എളുപ്പമല്ല. ചെക്കിങ്ങിന്റെ സമയം അവസാനിക്കുന്നതിന് തൊട്ടുമുമ്പെത്തുന്നവര് ഇതിനാല്‍ തന്നെ പരിഭ്രാന്തിയിലാവുകയും ചെയ്യും.
അബൂദബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വലിയ തിരക്ക് അനുഭവപ്പെടുന്നതിനാല്‍ യാത്രയുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. വിമാനത്താവളത്തിലേക്കുള്ള റോഡുകളിലും ചെക്ക് ഇന്‍ ചെയ്യുമ്പോഴുമൊക്കെയുള്ള തിരക്കുകളെക്കുറിച്ച് ബോധ്യം ഉണ്ടാവണം. പരമാവധി നേരത്തെയിറങ്ങി ട്രാഫിക് ബ്ലോക്കില്‍ കുടുങ്ങുന്നതില്‍ നിന്ന് ഒഴിവാകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.