ദുബൈ: ബീഫ് കഴിക്കുന്നതിനെ കുറിച്ച് താൻ പറഞ്ഞത് തന്‍റെ നിലപാടാണെന്നും അതിൽ ഉറച്ചു നിൽക്കുന്നുവെന്നും നടി നിഖില വിമൽ. അതിന്‍റെ പേരിൽ നടന്ന സൈബർ ആക്രമണങ്ങൾ ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും അത്തരം ആക്രമണങ്ങൾ ഗൗനിക്കാറില്ലെന്നും നിഖില പറഞ്ഞു. പുതിയ ചിത്രമായ ജോ ആൻഡ് ജോയുടെ പ്രൊമോഷന്‍റെ ഭാഗമായി ദുബൈയിൽ എത്തിയ നിഖില വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു.
എല്ലാവർക്കും നിലപാടുകളുണ്ട്. വ്യക്തിപരമായ എന്‍റെ നിലപാടാണ് ഞാൻ പറഞ്ഞത്. അത് തുറന്നു പറയാൻ എല്ലാവർക്കും കഴിയണം. സൈബർ ആക്രമണം ഉണ്ടായതായി ഞാൻ പറഞ്ഞിട്ടില്ല. മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം അറിഞ്ഞത്. ആരെങ്കിലും എന്തെങ്കിലും പറയുന്നത് എന്നെ ബാധിക്കില്ല. സിനിമാ മേഖലയിൽ നിന്ന് അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായം അറിയിച്ചവരുണ്ടെന്നും നിഖില പറഞ്ഞു.
കോഴിക്കും മീനിനും ഇല്ലാത്ത ഇളവ് എന്തിനാണ് പശുവിനെന്നും താൻ എന്തും ഭക്ഷിക്കുമെന്നും ഈ രാജ്യത്ത് അതിനുള്ള സ്വാതന്ത്ര്യമുണ്ടെന്നുമായിരുന്നു നിഖില ഓൺലൈൻ മാധ്യമത്തിന് നൽകിയ ഇന്‍റർവ്യൂവിൽ പറഞ്ഞിരുന്നത്. ഇതിന് പിന്നാലെ നിഖിലക്കെതിരെ സാമൂഹിക മാധ്യമങ്ങളിൽ വിദ്വേഷ പ്രചാരണം നടന്നിരുന്നു. നിരവധി പേർ നടിയെ പിന്തുണച്ചുമെത്തി.
അതേസമയം, വിവാദം സിനിമയുടെ പ്രൊമോഷന് പോസിറ്റീവായി ഗുണം ചെയ്തുവെന്ന് സംവിധായകൻ അരുൺ ഡി. ജോസ് പറഞ്ഞു. സിനിമയുടെ പ്രൊമോഷനിൽ ഇന്‍റർവ്യൂവർ ചോദിക്കേണ്ടത് സിനിമയെ കുറിച്ചാണ്. ആ ചോദ്യത്തിൽ തന്നെ പ്രശ്നമുണ്ട്. അത് പാളിയപ്പോഴാണ് ഇത്തരം വിവാദത്തിലേക്ക് വഴിതിരിച്ചുവിട്ടതെന്നും അരുൺ പറഞ്ഞു. ചിത്രത്തിലെ താരങ്ങളായ മാത്യു തോമസ്, നസ്ലിൻ ഗഫൂർ, മെൽവി ബാബു തുടങ്ങിയവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.