ദുബൈ: സുസ്ഥിരത ലക്ഷ്യമിട്ട് ആരംഭിച്ച ദുബൈ കാൻ പദ്ധതിയിലൂടെ കഴിഞ്ഞ രണ്ടു വർഷത്തിനിടെ 1.8 കോടി പ്ലാസ്റ്റിക് കുപ്പികളുടെ ഉപയോഗം കുറച്ചതായി അധികൃതർ അറിയിച്ചു. ഒത്തവണ ഉപയോഗിക്കാവുന്ന 500 മില്ലി പ്ലാസ്റ്റിക് കുപ്പികളുടെ ഉപയോഗത്തിലാണ് വലിയ കുറവ് രേഖപ്പെടുത്തിയത്. കുടിവെള്ള സ്റ്റേഷനുകളിൽ നിന്ന് പൊതുജനങ്ങൾ ഉപയോഗിക്കുന്ന വെള്ളത്തിന്റെ അളവിനെ അടിസ്ഥാനമാക്കിയാണ് ഏറ്റവു പുതിയ കണക്കുകൾ പുറത്തുവിട്ടത്.
ദുബൈ കിരീടാവകാശിയും എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ നേതൃത്വത്തിൽ 2022 ഫെബ്രുവരിയിലാണ് ദുബൈ കാൻ പദ്ധതിക്ക് തുടക്കം കുറിച്ചത്.
കുടിവെള്ളത്തിനായി പുനരുപയോഗിക്കുന്ന വെള്ളക്കുപ്പികളും പൊതു കുടിവെള്ള സ്റ്റേഷനുകളും ഉപയോഗിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. സംരംഭത്തിന്റെ ഭാഗമായി സ്ഥാപിച്ച 50 കുടിവെള്ള സ്റ്റേഷനുകളിലൂടെ 90 ലക്ഷം ലിറ്റർ ജലമാണ് വിതരണം ചെയ്തത്. കൈറ്റ് ബീച്ച്, ദുബൈ മറീന, ജെ.എൽ.ടി, ഡൗൺ ടൗൺ ദീബൈ, ദുബൈ ഹാർബറ, മദീനത്ത് ജുമൈറ, ദുബൈ ഫെസ്റ്റീവ് സിറ്റി, ഖവാനീജ് എന്നിവിടങ്ങളിലാണ് നിലവിൽ കുടിവെള്ള സ്റ്റേഷനുകൾ സ്ഥാപിച്ചിരിക്കുന്നത്. ഈ വർഷം അവസാനത്തോടെ 30 സ്റ്റേഷനുകൾ കൂടി സ്ഥാപിക്കാനാണ് അധികൃതരുടെ പദ്ധതി. പൊതു ജനങ്ങളിൽ നിന്ന് മികച്ച പ്രതികരണമാണ് പദ്ധതിക്ക് ലഭിച്ചുവരുന്നതെന്ന് ഡിപാർട്ട്മെന്റ് ഓഫ് ഇകണോമി ആൻഡ് ടൂറിസം വകുപ്പ് വ്യക്തമാക്കി. ജനങ്ങളെ റീഫിൽ ചെയ്യാവുന്ന ബോട്ടിലുകൾ ഉപയോഗിച്ച് കുടിവെള്ളം ശേഖരിക്കുന്നത് പ്രോത്സാഹിപ്പിക്കുകയാണ് ദുബൈ കാനിന്റെ പ്രധാന ലക്ഷ്യമെന്ന് ഡിപാർട്ട്മെന്റ് സി.ഇ.ഒ യൂസുഫ് ലൂത്ത പറഞ്ഞു.
പ്ലാസ്റ്റിക് ബോട്ടിലുകളുടെ ഉപയോഗം കുറക്കുന്നതിലൂടെ സമുദ്രത്തേയും പ്രകൃതിയേയും വന്യ ജീവികളേയും സംരക്ഷിക്കുകയാണ് ലക്ഷ്യം. സർക്കാർ, സ്വകാര്യമേഖലയിലെ 100ലധികം കമ്പനികൾ ദുബൈ കാൻ പദ്ധതിക്ക് പിന്തുണ നൽകുന്നുണ്ട്. പദ്ധതി രണ്ടു വർഷമെന്ന നാഴികക്കല്ല് ആഘോഷിക്കുന്നതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.