അജ്മാൻ: ഏജൻറിനാൽ വഞ്ചിക്കപ്പെട്ട് പെരുവഴിയിലായ നിർധന തമിഴ് യുവതിക്ക് നാടണയാൻ അജ്മാൻ ഇന്ത്യൻ സോഷ്യൽ സെൻററിെൻറ കാരുണ്യഹസ്തം. ജോലി തേടി ടൂറിസ്റ്റ് വിസയിൽ ഫെബ്രുവരി 22ന് യു.എ.ഇയിൽ എത്തിയതായിരുന്നു വെല്ലൂർ കാട്പാടി കാസിക്കുട്ടെ സ്വദേശിനിയായ 22കാരി.
നിത്യരോഗിയായ അച്ഛൻ, കൂലിവേലക്കാരനായ ഭർത്താവ്, രണ്ടു സഹോദരങ്ങൾ എന്നിവരാണ് പട്ടിണിയും പരിവട്ടവുമുള്ള വീട്ടിലെ മറ്റ് അംഗങ്ങൾ. തരക്കേടില്ലാത്ത ശമ്പളത്തിൽ ജോലി വാഗ്ദാനം ചെയ്തു തമിഴ്നാട്ടുകാരൻ തന്നെയായ ഏജൻറ് മുഖേന എത്തിയതായിരുന്നു. 1.40 ലക്ഷം രൂപയാണ് ഈയിനത്തിൽ ഏജൻറ് കൈപ്പറ്റിയത്. എന്നാൽ, പ്രതീക്ഷിച്ച ജോലി കിട്ടിയില്ല. ഇതോടെ അജ്മാനിലെ ഒരു തമിഴ്കുടുംബത്തിൽ വീട്ടുവേലക്കാരിയായി. റെസിഡൻഷ്യൽ വിസ എടുക്കാനുള്ള നടപടിയുടെ ഭാഗമായി വൈദ്യപരിശോധന നടത്തിയപ്പോഴാണ് യുവതി ഗർഭിണിയാണെന്ന് ബോധ്യപ്പെട്ടത്. അതോടെ സ്പോൺസർ ജോലിയിൽനിന്ന് ഒഴിവാക്കി. തുടർന്ന് രണ്ടുമാസത്തോളം മറ്റൊരു സ്ഥലത്തായിരുന്നു താമസം.
മുറിവാടക കുടിശ്ശിക വന്നതോടെ ഏജൻറിനെ പലവട്ടം ഫോണിൽ ബന്ധപ്പെട്ടെങ്കിലും നിരാശയായിരുന്നു ഫലം. ഫ്ലാറ്റ് നടത്തിപ്പുകാരൻ മുറിയിൽനിന്ന് പുറത്താക്കി. കോവിഡ് നിയന്ത്രണങ്ങൾ നിലവിലുള്ളപ്പോൾ വലഞ്ഞ യുവതി സുമനസ്സുകൾ മുഖേനയാണ് അജ്മാൻ പൊലീസ് സ്റ്റേഷനിൽ അഭയം തേടിയത്. യുവതിയുടെ ദയനീയത ബോധ്യപ്പെട്ട പൊലീസ്, അജ്മാൻ ഇന്ത്യൻ സോഷ്യൽ സെൻററുമായി ബന്ധപ്പെടുകയായിരുന്നു. സെൻറർ പ്രസിഡൻറ് ജാസിം മുഹമ്മദ്, ജനറൽ സെക്രട്ടറി സുജികുമാർ പിള്ള, മാനേജിങ് കമ്മിറ്റി അംഗങ്ങളായ ചന്ദ്രൻ ബേപ്പ്, ഷാഹിദാ അബൂബക്കർ എന്നിവർ സ്റ്റേഷനിലെത്തി യുവതിയുടെ സംരക്ഷണ ചുമതല ഏറ്റെടുത്തു.
ജാസിം മുഹമ്മദ് ദുൈബയിലെ ഇന്ത്യൻ കോൺസുലേറ്റിലെത്തി വിവരങ്ങൾ ധരിപ്പിക്കുകയും യാത്രാനുമതി നേടിയെടുക്കുകയും ചെയ്തു.
കേന്ദ്ര സർക്കാറിെൻറ വന്ദേഭാരത് മിഷൻ വിമാനത്തിൽ നാട്ടിലേക്ക് തിരിച്ചുപോകാൻ സൗജന്യമായി ടിക്കറ്റ് എടുത്തുനൽകിയതും ഇന്ത്യൻ സോഷ്യൽ സെൻററാണ്. ദുരിതബാധിതരെ സഹായിക്കാൻ ഐ.എസ്.സി രൂപവത്കരിച്ച ചാരിറ്റി ഫണ്ടിൽ നിന്നാണ് ടിക്കറ്റിനുള്ള തുക കണ്ടെത്തിയത്.
മാതൃകാപരമായ നിരവധി പ്രവർത്തനങ്ങളാണ് കോവിഡ് കാലത്ത് ഇന്ത്യൻ സോഷ്യൽ സെൻറർ നടത്തിവരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.