ദുബൈ: സ്വദേശിവത്കരണ നിബന്ധന പാലിക്കാത്ത സ്വകാര്യ സ്ഥാപനങ്ങളിൽനിന്ന് ഈ വർഷത്തെ പിഴ ജൂലൈയിൽ ഈടാക്കും. ആറുമാസം കൂടുമ്പോൾ പിഴയിടുന്ന സംവിധാനം നിലവിൽ വന്നതോടെയാണ് ജൂലൈയിൽ പിഴ ഈടാക്കുന്നത്. ഈ സമയത്ത് ഒരു ശതമാനം ഇമാറാത്തികളെ നിയമിക്കാത്ത സ്ഥാപനങ്ങൾക്കാണ് പിഴയിടുന്നത്. നേരത്തെ വർഷാവസാനമായിരുന്നു പിഴയിട്ടിരുന്നത്. ഇതാണ് ആറുമാസം കൂടുമ്പോൾ പിഴയിടുന്ന രീതിയിലേക്ക് മാറ്റിയത്. സ്വകാര്യ സ്ഥാപനങ്ങളിലെ സ്വദേശിവത്കരണം ഓരോ വർഷവും രണ്ടുഘട്ടമായി പൂർത്തിയാക്കുന്ന രീതിയിൽ നിയമം ഭേദഗതി ചെയ്യുമെന്ന് കഴിഞ്ഞ ദിവസം മന്ത്രിസഭാ യോഗം അറിയിച്ചിരുന്നു. ഓരോ വർഷത്തിന്റെയും ആദ്യ പകുതിയിലും രണ്ടാം പകുതിയിലും ഓരോ ശതമാനം വീതം ഇമാറാത്തി ജീവനക്കാരെ നിയമിച്ചാൽ മതിയെന്നാണ് പുതിയ നിർദേശം.
നിയമം പാലിച്ചില്ലെങ്കിൽ കനത്ത പിഴയാണ് ശിക്ഷ. ഒരു ജീവനക്കാരന് മാസം 6000 ദിർഹം എന്ന രീതിയിൽ വർഷത്തിൽ 72,000 ദിർഹം പിഴ അടക്കേണ്ടിവരും. അടുത്ത വർഷം മുതൽ പിഴയും വർധിക്കും. ഓരോ വർഷവും 1000 ദിർഹം വീതമാണ് പിഴ വർധിക്കുന്നത്. ഇതോടെ ഓരോ മാസവും 7000 ദിർഹമാകും പിഴ. 50ൽ കൂടുതൽ ജീവനക്കാരുള്ള സ്ഥാപനത്തിൽ രണ്ട് ശതമാനം ഇമാറാത്തി ജീവനക്കാരെ നിയമിക്കണമെന്നാണ് നിർദേശം. ഈ വർഷം അവസാനത്തോടെ ഇത് നാലുശതമാനമായി ഉയരും. അടുത്ത ഓരോ വർഷങ്ങളിലും ഇത് രണ്ടുശതമാനം വീതം ഉയർന്നുകൊണ്ടിരിക്കും. 2026 ഓടെ സ്ഥാപനങ്ങളിൽ 10 ശതമാനം ഇമാറാത്തി ജീവനക്കാരെ നിയമിക്കുക എന്നതാണ് സർക്കാർ ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.