ദുബൈ: ആരോഗ്യരംഗത്തെ വിദ്യാർഥികളുടെ തൊഴിൽ സാധ്യത വർധിപ്പിക്കുന്നതിനും നൂതനാശയങ്ങളും ഗവേഷണവും പ്രോത്സാഹിപ്പിക്കുന്നതിനും ഗൾഫ് മെഡിക്കൽ യൂനിവേഴ്സിറ്റി (ജി.എം.യു) വ്യവസായ പങ്കാളിത്ത സംഗമം സംഘടിപ്പിച്ചു. ബുധനാഴ്ച ദുബൈ ഗ്രാൻഡ് ഹയാത്തിൽ നടന്ന സംഗമത്തിൽ വിവിധ മേഖലകളിൽനിന്നുള്ള വ്യവസായ പ്രമുഖർ, എക്സിക്യൂട്ടിവുകൾ, പ്രഫഷനലുകൾ എന്നിവർ പങ്കെടുത്തു.
ഇന്റേൺഷിപ്പുകളിലൂടെയും വ്യവസായ അധിഷ്ഠിത പദ്ധതികളിലൂടെയും യുവപ്രതിഭകളെ പരിപോഷിപ്പിക്കുന്നതിന് സംഗമം വഴിയൊരുക്കി. ആരോഗ്യ വിദ്യാഭ്യാസ മേഖലയിൽ വിപ്ലവം സൃഷ്ടിക്കുന്ന രണ്ടു പ്രമുഖ സംരംഭങ്ങളായ ‘തുംബൈ ഇൻസ്റ്റിറ്റ്യൂട്ട് കോളജ് ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ടെക്നോളജി ഇൻ ഹെൽത്ത്കെയർ, തുംബൈ ഹെൽത്ത്കെയർ ഇൻകുബേറ്റർ സെന്റർ’ എന്നിവയുടെ ഉദ്ഘാടനം തുംബൈ ഗ്രൂപ് സ്ഥാപക പ്രസിഡന്റ് ഡോ. തുംബൈ മൊയ്തീൻ നിർവഹിച്ചു. ‘ഗൾഫ് മെഡിക്കൽ യൂനിവേഴ്സിറ്റിയുടെ സമഗ്രവികസനത്തിനും വിദ്യാർഥികളെ തൊഴിൽ വിപണിയിൽ മത്സരാധിഷ്ഠിതമായി സജ്ജരാക്കുന്നതിനുമുള്ള പ്രതിബദ്ധതയുടെ തെളിവാണ് വ്യവസായ പങ്കാളിത്ത മീറ്റ് എന്ന് ഡോ. തുംബൈ മൊയ്തീൻ പറഞ്ഞു.
വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിനും പ്രോഗ്രാമുകളുടെ മേഖലകൾ വിപുലീകരിക്കുന്നതിനും അക്കാദമിക ആരോഗ്യസംവിധാനത്തിന്റെ വികസനത്തിനും ശക്തമായ ശ്രദ്ധ നൽകി വിദ്യാർഥികൾക്ക് സമഗ്രവും അത്യാധുനികവുമായ പഠനാനുഭവം നൽകാനാണ് ഗൾഫ് മെഡിക്കൽ യൂനിവേഴ്സിറ്റി ലക്ഷ്യമിടുന്നതെന്നും അഞ്ചു വർഷത്തിനുള്ളിൽ ആരോഗ്യ, തൊഴിൽ, വിദ്യാഭ്യാസ മേഖലയിൽ നിർമിത ബുദ്ധി ഉൾപ്പെടെയുള്ള നവീന സാങ്കേതികവിദ്യകൾ ആവിഷ്കരിച്ചു മുൻനിരയിലെത്തുമെന്നും ചാൻസലർ പ്രഫസർ ഹൊസാം ഹംദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.