ദുബൈ: ഭീമമായ ആശുപത്രി ചെലവുകൾ താങ്ങാനാവാതെ പ്രയാസം അനുഭവിച്ച തൃശൂർ സ്വദേശി മൊയ്തീൻ കുട്ടിയെ സാമൂഹിക പ്രവർത്തകരുടെ ഇടപെടലിനെ തുടർന്ന് തുടർചികിത്സക്കായി നാട്ടിലേക്ക് അയച്ചു.
ദുബൈയിൽ സന്ദർശന വിസയിൽ എത്തിയതായിരുന്നു തൃശൂർ ജില്ലയിലെ ചേലക്കര വരവൂർ ചേലൂർ സ്വദേശി മൊയ്ദീൻ കുട്ടി. ജോലി അന്വേഷിക്കുന്നതിനിടെ കുഴഞ്ഞുവീണ ഇദ്ദേഹത്തെ സുഹൃത്തുക്കൾ ചേർന്ന് ദുബൈ റാശിദ് ആശുപത്രിയിൽ എത്തിച്ചെങ്കിലും അത്യാസന്ന നിലയിലായിരുന്നു ആരോഗ്യസ്ഥിതി. റാശിദ് ഹോസ്പിറ്റലിലെ മെഡിക്കൽ വിഭാഗം നടത്തിയ ചികിത്സയിലൂടെ അത്യാസന്ന നില തരണം ചെയ്തെങ്കിലും ഭീമമായ ചികിത്സ ചെലവ് കുടുംബത്തിന് താങ്ങാവുന്നതിനും അപ്പുറമായിരുന്നു. ഏകദേശം രണ്ടര ലക്ഷം ദിർഹത്തിന്റെ ഹോസ്പിറ്റൽ ചെലവുകൾ താങ്ങാനാവാതെ പ്രയാസപ്പെട്ട കുടുംബത്തിന്റെ സ്ഥിതി അറിഞ്ഞ ദുബൈ കെ.എം.സി.സി പ്രവർത്തകരാണ് സാമൂഹിക പ്രവർത്തകനായ നസീർ വാടാനപ്പള്ളിയെ അറിയിക്കുന്നത്. ഇദ്ദേഹത്തിന്റെ ഇടപെടലിൽ ചികിത്സ ചെലവുകൾ പൂർണമായും ആശുപത്രി അധികൃതർ ഒഴിവാക്കി നൽകി.
എമിഗ്രേഷൻ നടപടികളും മറ്റു നിയമതടസ്സങ്ങളും ഇന്ത്യൻ കോൺസുലേറ്റും ഒഴിവാക്കി.
യാത്രയിൽ സഹായത്തിനായി കൂടെ പോകാനുള്ള ആളുടെയും ഇദ്ദേഹത്തിന്റെയും യാത്രക്കുള്ള ടിക്കറ്റുകളും ഇന്ത്യൻ കോൺസുലേറ്റ് നൽകി. ഇതോടെ മൊയ്തീന് നാട്ടിൽ തുടർചികിത്സക്ക് വഴിയൊരുങ്ങുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജിൽ തുടർചികിത്സ നടത്താനാണ് കുടുംബത്തിന്റെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.