ദുബൈ: മൂന്നുവർഷത്തിലേറെയായി നിർത്തിവെച്ച ഖത്തറിലേക്കുള്ള വിമാന സർവിസ് ഇത്തിഹാദ് എയർലൈൻസ് പുനരാരംഭിക്കുന്നു. അബൂദബിക്കും ദോഹക്കും ഇടയിലുള്ള പ്രതിദിന സർവിസ് ഫെബ്രുവരി 15 മുതൽ പുനഃസ്ഥാപിക്കുമെന്ന് അധികൃതർ അറിയിച്ചു. യു.എ.ഇയും ഖത്തറും തമ്മിലുള്ള ബന്ധം പുനഃസ്ഥാപിച്ചതോടെ രണ്ടു തലസ്ഥാനങ്ങൾക്കിടയിലുള്ള യാത്രാ സർവിസുകൾ പുനരാരംഭിക്കുന്നത് ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര, വിനോദസഞ്ചാര വളർച്ചയെ വീണ്ടും സഹായിക്കുമെന്ന് ഇത്തിഹാദ് ഉന്നത ഉദ്യോഗസ്ഥൻ പ്രതികരിച്ചു. വിമാനത്തിൽ എയർബസ് എ 320, ബോയിങ് 787-9 ഡ്രീംലൈനറുകൾ സർവിസ് നടത്തും. യാത്ര പുറപ്പെടും മുമ്പും അബൂദബിയിലേക്ക് തിരിച്ചെത്തിയാലും ഓരോ യാത്രക്കാരനും കോവിഡ് പി.സി.ആർ പരിശോധന നടത്തണം.
പൂർണമായും കോവിഡ് പ്രോട്ടോക്കാൾ കർശനമായി പാലിച്ചായിരിക്കും സർവീസുകൾ നടത്തുകയെന്നും ഇത്തിഹാദ് വാർത്തക്കുറിപ്പിൽ ചൂണ്ടിക്കാട്ടി.
ദോഹയുമായുള്ള ബന്ധം വിച്ഛേദിച്ചതിനാൽ 2017 ജൂണിൽ വിമാന, കടൽമാർഗങ്ങൾ അടച്ചതോടെ എമിറേറ്റ്സ്, ഇത്തിഹാദ്, മറ്റ് ഇമാറാത്തി എയർലൈനുകൾ എന്നിവ സർവിസ് നടത്തിയിട്ടില്ല.
ഇതിനിടെ ജനുവരി 27 മുതൽ ഖത്തർ എയർവേസ് യു.എ.ഇയിലേക്കുള്ള വിമാനങ്ങൾ പുനരാരംഭിക്കാനുള്ള നീക്കങ്ങൾ തുടങ്ങിയിട്ടുണ്ട്.
ഖത്തർ ഉപേരാധം അവസാനിപ്പിച്ച് ജി.സി.സി ഉച്ചകോടിയിൽ അൽ ഉല കരാർ ഒപ്പുവെച്ചതോടെയാണിത്. മൂന്നരവർഷെത്ത ഉപരോധത്തിന് ശേഷം ഇതാദ്യമായാണ് ദുബൈയിലേക്കും അബൂദബിയിലേക്കും നേരിട്ട് ഖത്തർ എയർവേസ് വിമാന സർവിസ് തുടങ്ങുന്നത്.
27ന് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും 28ന് അബൂദബി വിമാനത്താവളത്തിലേക്കുമാണ് വിമാനം പറക്കുക. ഇരു സർവിസിനുമുള്ള ബുക്കിങ് കമ്പനി വെബ്സൈറ്റിൽ തുടങ്ങിയിട്ടുണ്ട്. 27ന് ദോഹ ഹമദ് വിമാനത്താവളത്തിൽനിന്ന് ഖത്തർ സമയം വൈകീട്ട് ഏഴിന് പുറെപ്പടുന്ന വിമാനം യു.എ.ഇ സമയം രാത്രി 9.10ന് ദുബൈയിൽ എത്തും. ഒരു മണിക്കൂറും 10 മിനിറ്റുമായിരിക്കും യാത്രാസമയം.
28ന് വൈകീട്ട് 7.50ന് ദോഹയിൽനിന്ന് പുറപ്പെടുന്ന വിമാനം യു.എ.ഇ സമയം രാത്രി 9.55ന് അബൂദബി വിമാനത്താവളത്തിൽ ഇറങ്ങും.
ഒരു മണിക്കൂറും അഞ്ചു മിനിറ്റുമായിരിക്കും യാത്രാസമയം. ഖത്തറിൽനിന്ന് സൗദിയിലേക്കും തിരിച്ചുമുള്ള സർവിസുകൾ കഴിഞ്ഞദിവസം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.