റാസല്‍ഖൈമ: മൂന്ന് പതിറ്റാണ്ട് നീണ്ട ഗള്‍ഫ് പ്രവാസം മതിയാക്കി റാസല്‍ഖൈമയിലെ സാമൂഹിക-സാംസ്കാരിക പ്രവര്‍ത്തകയും കൊല്ലം പന്മന സ്വദേശിനിയുമായ എ.സി. ജയലക്ഷ്മി മടങ്ങുന്നു. 32 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് താന്‍ യു.എ.ഇയിലെത്തിയതെന്ന് ജയലക്ഷ്മി പറഞ്ഞു. റാക് ഗള്‍ഫ് ഫാര്മസ്യൂട്ടിക്കല്സിലായിരുന്നു ജോലി. ഓര്മവെച്ച നാള് മുതല്‍ ഇടത് സഹയാത്രിക, നിലവില്‍ പാര്‍ട്ടി അംഗമാണ്. ജോലിക്കും കുടുംബ ജീവിതത്തിനുമൊപ്പം സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ഭാഗമാകാന്‍ കഴിഞ്ഞതാണ് പ്രവാസ ജീവിതത്തിലെ സന്തോഷ ഓര്മ.
തൊഴില്‍-പൊതുയിടങ്ങളില്‍ സ്ത്രീകള്‍ക്ക് യു.എ.ഇയില്‍ ലഭിക്കുന്ന സുരക്ഷബോധം വലുതാണെന്ന് ജയലക്ഷ്മി പറയുന്നു. റാക് ചേതനയുമായി ചേര്‍ന്നായിരുന്നു സാംസ്ക്കാരിക പ്രവര്‍ത്തനം. ചേതന എക്സി.അംഗം, കേരള സമാജം വനിത വിഭാഗം സെക്രട്ടറി, ലോക കേരള സഭയിലെ ക്ഷണിതാവ്, നോര്‍ക്ക റൂട്ട്സ് ഹെല്പ് ഡെസ്ക്, മലയാളം മിഷന്, നോളജ് തിയറ്റര്‍ തുടങ്ങിയ വേദികളുമായി സഹകരിക്കാന്‍ കഴിഞ്ഞതില്‍ ഏറെ ചാരിതാര്‍ഥ്യമുണ്ട്. നിലവില്‍ പന്മന ഗ്രാമത്തിലെ കേരള പ്രവാസ സംഘത്തിന്റെ നിയുക്ത മേഖല പ്രസിഡന്റാണ്. യു.എ.ഇ അധികൃതര്‍ പ്രഖ്യാപിച്ച പൊതുമാപ്പ് സമയങ്ങളിലും കോവിഡ് മഹാമാരിയുടെ പ്രയാസ നാളുകളിലും ദുരിതമനുഭവിച്ചവര്‍ക്ക് കൗണ്‍സലിങ്ങിലൂടെയും കൂട്ടായ്മകളുമായി ചേര്‍ന്ന് സാന്ത്വനമെത്തിക്കുന്ന പ്രവൃത്തികളിലും കൂടെ നില്ക്കാന് കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. റാസല്‍ഖൈമയില്‍ നടന്ന സൗജന്യ ആരോഗ്യ ബോധവത്കരണ ശിബിരങ്ങളില്‍ സന്നദ്ധ സേവകയായി രംഗത്തുണ്ടായിരുന്നു.
പിതാവിന്റെ വേര്‍പാട് സമയത്ത് നാട്ടിലെത്താന്‍ കഴിയാതിരുന്നത് പ്രവാസ ജീവിതത്തിലെ തീരാദു$ഖമാണ്. തൊഴിലിടത്തെ സഹപ്രവര്‍ത്തകരും മേധാവികളും വിവിധ കൂട്ടായ്മകളിലെ സുഹൃത്തുക്കളും നല്കിയ പിന്തുണയെ സ്മരിച്ചും എല്ലാവര്ക്കും നന്ദി പറഞ്ഞുമാണ് ജയലക്ഷ്മിയുടെ പന്മനയിലേക്കുള്ള മടക്കം. ചവറ സി.പി.എം ഏരിയ സെക്രട്ടറിയായിരുന്ന പരേതനായ കോളറ ചന്ദ്രശേഖരന് നായരുടെ മകളാണ് ജയലക്ഷ്മി. മാതാവ് ആനന്ദവല്ലി അമ്മ. മക്കള്‍: വിനീത വിജയകൃഷ്ണന്, വിജയേഷ് വി. കൃഷ്ണന്, ഗോവിന്ദ് വി. കൃഷ്ണന്. മരുമകന് ബിജു വി. നായര്‍.
ഗള്‍ഫ് ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ജയലക്ഷ്മിക്ക് റാക് ചേതന യാത്രയയപ്പ് നല്കി. പ്രസിഡന്റ് സന്തോഷ് അധ്യക്ഷത വഹിച്ചു. വനിത വിഭാഗം കണ്‍വീനര്‍ ബബിത നൂര്‍, ജയലക്ഷ്മി തുടങ്ങിയവര്‍ സംസാരിച്ചു. റസാഖ് സ്വാഗതവും ലെസി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.