റാസൽഖൈമ: എമിറേറ്റിലെ ജബല്‍ അലി മറൈന്‍ സംരക്ഷണകേന്ദ്രത്തില്‍ 4500 കണ്ടല്‍ തൈകള്‍ നട്ടുപിടിപ്പിക്കുമെന്ന് ദുബൈ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി (ദീവ) എം.ഡിയും സി.ഇ.ഒയുമായ സഈദ് മുഹമ്മദ് അല്‍ തായര്‍ പറഞ്ഞു. എമിറേറ്റ്സ് മറൈന്‍ എന്വയണ്മെന്റല് ഗ്രൂപ്പുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക. സമുദ്ര ആവാസവ്യവസ്ഥ സംരക്ഷിക്കാനുള്ള സുപ്രധാന ചുവടുവെപ്പാണിത്.
പൊതുജനങ്ങളില്‍ പാരിസ്ഥിതിക അവബോധം വര്‍ധിപ്പിക്കാന്‍ ബോധവത്കരണ കാമ്പയിനുകളും സംഘടിപ്പിക്കും. 2030ഓടെ രാജ്യത്ത് 10 കോടി കണ്ടല്‍ തൈകള്‍ നട്ടുപിടിപ്പിക്കാനും കണ്ടല്‍ക്കാടുകളുടെ സുസ്ഥിരത വര്‍ധിപ്പിക്കാനുമുള്ള ദേശീയ സംരംഭത്തിന് അനുസൃതമാണ് തീരുമാനം. കഴിഞ്ഞ വര്‍ഷം ദീവയിലെ 1000ലേറെ ജീവനക്കാരുടെ 2,080 മണിക്കൂര്‍ പരിശ്രമത്തിലൂടെ ജബല്‍ അലി മറൈന്‍ സംരക്ഷണകേന്ദ്രത്തില്‍ 5,500ലേറെ കണ്ടല്‍ തൈകള്‍ നട്ടിരുന്നു. സംരക്ഷണ കേന്ദ്രത്തിലെ ബീച്ച് ക്ലീന്‍ കാമ്പയിനിലൂടെ 3,100 കിലോഗ്രാം മാലിന്യങ്ങള്‍ നീക്കം ചെയ്തതായും അല്‍ തായര്‍ വിശദീകരിച്ചു.
യു.എ.ഇ രാഷ്ട്രപിതാവായ ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ ആല് നഹ്യാന്റെ നിർദേശപ്രകാരം 1970കള്‍ മുതലാണ് രാജ്യത്ത് കണ്ടല്‍ തൈകള്‍ വെച്ചു പിടിപ്പിക്കാന്‍ ആരംഭിച്ചത്. കണ്ടല്‍ തൈകള്‍ നട്ടുപ്പിടിപ്പിക്കുന്നതിനും അവ സംരക്ഷിക്കുന്നതിനുമായി അശ്രാന്തമായ പരിശ്രമമാണ് യു.എ.ഇ നടത്തുന്നത്. ലോകത്തില്‍ ഏറ്റവും സമൃദ്ധമായ തീരദേശ ആവാസ വ്യവസ്ഥകളില്‍ ഒന്നാണ് കണ്ടല്‍ക്കാടുകള്‍.
തീരദേശ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതില്‍ കണ്ടല്‍ക്കാടുകള്‍ക്ക് നിര്‍ണായക പങ്കുണ്ട്. അന്തരീക്ഷത്തില്‍ നിന്നും കാര്‍ബണ്‍ ഡൈ ഓക്സൈഡ് പിടിച്ചെടുക്കുകയും വംശനാശ ഭീഷണി നേരിടുന്ന ഒട്ടേറെ സമുദ്ര ജീവികള്‍ക്ക് ആവാസവ്യവസ്ഥ ഒരുക്കുകയും ചെയ്യുന്നുണ്ട്. കാലാവസ്ഥ വ്യതിയാനത്തിന്റെ അനന്തര ഫലങ്ങള്‍ കുറക്കുന്നതിനും ജൈവവൈവിധ്യം വര്‍ധിപ്പിക്കാനും പ്രകൃതിദത്ത ആവാസ വ്യവസ്ഥകള്‍ സംരക്ഷിക്കാനുമാണ് യു.എ.ഇ. ശ്രമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.