ദുബൈ: ജില്ല ആസ്ഥാനത്ത് അനുവദിച്ച പാസ്പോർട്ട് സേവ കേന്ദ്രം നാമമാത്രമാണെന്നും മറ്റു സേവ കേന്ദ്രങ്ങളെപ്പോലെ പൂർണസജ്ജമാക്കണമെന്നും ദുബൈ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു.
ജില്ലയുടെ വടക്കൻ മേഖലകളിലെ അപേക്ഷകർക്ക് ഏറെ പ്രതീക്ഷ പകർന്ന് തുടക്കം കുറിച്ച ജില്ല ആസ്ഥാനത്തെ പാസ്പോർട്ട് സേവ കേന്ദ്രം വർഷങ്ങൾ കഴിഞ്ഞും വേണ്ടത്ര സൗകര്യങ്ങളും സംവിധാനങ്ങളുമില്ലാതെ പരിമിതികളാൽ ബുദ്ധിമുട്ടുകയാണെന്നും അപ്പോയിന്റ്മെന്റ് സ്ലോട്ടുകൾ ലഭ്യമാകാൻ ദീർഘനാളുകൾ കാത്തിരിക്കേണ്ട അവസ്ഥയായതിനാൽ ഭൂരിഭാഗം പേരും ഇപ്പോഴും ജില്ലക്ക് പുറത്തുള്ള കേന്ദ്രത്തെ ആശ്രയിക്കേണ്ട സ്ഥിതിയാണെന്നും ജില്ല കമ്മിറ്റി അഭിപ്രായപ്പെട്ടു. പോസ്റ്റ് ഓഫിസിന്റെ താൽക്കാലിക കെട്ടിടത്തിൽ നിന്നും മാറ്റി സ്വന്തമായി ഓഫിസ് സംവിധാനിച്ച് പൂർണസജ്ജമായ രീതിയിൽ പാസ്പോർട്ട് സേവ കേന്ദ്രം സജ്ജീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ല കെ.എം.സി.സി രാജ്മോഹൻ ഉണ്ണിത്താൻ എം.പി മുഖേന കേന്ദ്ര സർക്കാറിന് നിവേദനം സമർപ്പിക്കുമെന്നും കമ്മിറ്റി അറിയിച്ചു.
യോഗത്തിൽ ജില്ല പ്രസിഡന്റ് സലാം കന്യപ്പാടി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഹനീഫ് ടി.ആർ സ്വാഗതം പറഞ്ഞു. ഭാരവാഹികളായ ഹസൈനാർ ബീയന്തടുക്ക, സുനീർ തൃക്കരിപ്പൂർ, സുബൈർ അബ്ദുല്ല, പി.ഡി. നൂറുദ്ദീൻ, സുബൈർ കുബനൂർ, റഫീഖ് എ.സി, മൊയ്തീൻ അബ്ബ, ആസിഫ് ഹൊസങ്കടി, സി.എച്ച്. നുറുദ്ദീൻ, ഫൈസൽ മുഹ്സിൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ട്രഷറർ ഡോ. ഇസ്മായിൽ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.