ദുബൈ: ജൈടെക്സിൽ ശ്രദ്ധേയ സാന്നിധ്യമായി കേരള പവിലിയനുകൾ. കേരള ഇൻഫർമേഷൻ ടെക്നോളജിയെ പ്രതിനിധീകരിച്ച് 30 ഐ.ടി കമ്പനികളാണ് ഇത്തവണ പ്രദർശനത്തിനെത്തിയിരിക്കുന്നത്. ഐ.ടി കമ്പനികളുടെ കൂട്ടായ്മയായ ജിടെക് ആണ് പ്രമുഖ സ്റ്റാർട്ടപ്പുകളെ പ്രദർശനത്തിനെത്തിച്ചത്. തിരുവനന്തപുരം ടെക്നോ പാർക്ക്, കൊച്ചി ഇൻഫോ പാർക്ക്, കോഴിക്കോട് സൈബർ പാർക്ക് എന്നിവിടങ്ങളിൽനിന്നുള്ള 10 വീതം സോഫ്റ്റ്വെയർ കമ്പനികളാണ് പ്രദർശകർ.
ആബാ സോഫ്റ്റ്, എക്യൂബ്, അലൈൻ മൈൻഡ്സ്, എടീം ഇൻഫോ സോഫ്റ്റ് സൊലൂഷൻസ്, കോഡിലർ, സൈബ്രോസിസ് ടെക്നോളജി, ലീഐടി ടെക്നോ ഹബ്, ലിലാക് ഇൻഫോടെക്, മൈക്രോ സൈബർ സെക്യൂരിറ്റി ആൻഡ് ടെക്നോളജി, ലിതോസ് പോസ്, പിക്സിബിറ്റ് സൊലൂഷൻ, പ്രോംടെക്, റെഡ് ടീം സൈബർ സെക്യൂരിറ്റി ലാബ്സ്, ടെക്ലോജിക ഐ.ടി ഡി.ടി സൊലൂഷൻസ് തുടങ്ങിയവയാണ് ഇതിൽ പ്രധാനം. രജിസ്റ്റർ ചെയ്തിരുന്ന 65ലധികം കമ്പനികളിൽനിന്നാണ് 30 കമ്പനികളെ തെരഞ്ഞെടുത്തത്.
ടെക്നോപാര്‍ക്ക് സി.ഇ.ഒ കേണല്‍ സഞ്ജീവ് നായര്‍ (റിട്ട.), ഇന്‍ഫോപാര്‍ക്ക് & സൈബര്‍പാര്‍ക്ക് സി.ഇ.ഒ സുശാന്ത് കുറുന്തില്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ച ചടങ്ങില്‍ കേരളത്തിലെ വിവിധ ഐ.ടി കമ്പനി മേധാവികളും ജൈടെക്സ് പ്രതിനിധികളും പങ്കെടുത്തു. രണ്ട് ഉൽപന്നങ്ങളുടെ ലോഞ്ചിങ്ങും എക്സിബിഷനിൽ നടന്നു. കഴിഞ്ഞ വർഷം 80 കോടിയുടെ ബിസിനസ് ലീഡുകൾ എക്സിബിഷനിൽ പങ്കെടുത്ത സ്റ്റാർട്ടപ്പുകൾക്ക് നൽകാൻ കഴിഞ്ഞതായി ജി ടെക് സി.ഇ.ഒ വിഷ്ണു വി. നായർ പറഞ്ഞു. ഇത്തവണയും ഏറെ പ്രതീക്ഷകളോടെയാണ് ഏറ്റവും നൂതനമായ ആശയങ്ങളുമായി കേരളത്തിലെ സ്റ്റാർട്ടപ്പുകൾ പ്രദർശനത്തിലെത്തിയിരിക്കുന്നത്.
മെറ്റ പ്ലാറ്റ്ഫോമിൽ ആഗോളതലത്തിൽ പ്രചാരത്തിലുള്ള വാട്സ്ആപ്പിന് വെല്ലുവിളി ഉയർത്താൻപോന്ന മെസേജിങ് ആപ്പാണ് കോഴിക്കോട് സൈബർ പാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ലീഐടി ടെക്നോ ഹബ് ഇത്തവണ പ്രദർശനത്തിൽ പരിചയപ്പെടുത്തുന്നത്. ‘കൂപ’ എന്ന് പേരിട്ടിരിക്കുന്ന ആപ്പിൽ വ്യാജ വാർത്തകൾ തിരിച്ചറിയാൻ പ്രത്യേക സംവിധാനം തന്നെയുണ്ട്. ആപ്പിൽ പങ്കുവെക്കുന്ന വാർത്തകളുടെ ആധികാരികത പരിശോധിച്ച് വ്യാജമെന്ന് ബോധ്യപ്പെട്ടാൽ വാർത്തകൾക്ക് താഴേ ചുവന്ന അടയാളം രേഖപ്പെടുത്തും.
ഇത് പരിശോധിക്കാൻ വിപുലമായ ക്ലൗഡ് സംവിധാനവും കമ്പനി ഒരുക്കിയിട്ടുണ്ട്. ആപ് അടുത്ത മാർച്ചോടുകൂടി പുറത്തിറക്കാനാണ് പദ്ധതിയെന്ന് സ്റ്റാർട്ടപ് വൃത്തങ്ങൾ പറഞ്ഞു. വിവിധ കമ്പനികൾക്ക് ആവശ്യമായ സൈബർ സുരക്ഷ ഒരുക്കുന്ന സ്റ്റാർട്ടപ്പുകളും പ്രദർശനത്തിൽ പങ്കെടുക്കുന്നുണ്ട്. മാംസ വിൽപനയുടെ വിവിധഘട്ടങ്ങളെ നിയന്ത്രിക്കാൻ കഴിയുന്ന സമഗ്രമായ സോഫ്റ്റ്വെയറുകളും പ്രദർശനത്തിൽ അവതരിപ്പിക്കപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.