ദുബൈ: സംസ്ഥാന ബജറ്റ് പ്രഖ്യാപനം ഒരേസമയം ആശ്വാസവും ആശങ്കയും പ്രകടിപ്പിച്ചാണ് പ്രവാസി ലോകം സ്വീകരിച്ചത്. പ്രവാസിക്ഷേമ പദ്ധതികളെ കുറിച്ചുള്ള ബജറ്റിലെ പരാമർശം പരക്കെ സ്വാഗതം ചെയ്യപ്പെട്ടെങ്കിലും തെരഞ്ഞെടുപ്പ് മുൻനിർത്തിയുള്ള തട്ടിപ്പ് മാത്രമാണ് സംസ്ഥാന ബജറ്റെന്ന വിമർശനവും ഡോ. തോമസ് ഐസക് അവതരിപ്പിച്ച ബജറ്റ് നേരിട്ടു.
പ്രവാസി പെൻഷൻ വർധിപ്പിച്ചതാണ് ബജറ്റിലെ പ്രവാസിലോകത്തിന് ആശ്വാസം പകരുന്ന പ്രഖ്യാപനങ്ങളിലൊന്ന്. വിദേശത്തുള്ളവരുടെ ക്ഷേമനിധി അംശാദായം 350 രൂപയായി ഉയർത്തിയിട്ടുണ്ട്. ഇവർക്ക് 3500 രൂപ പെൻഷൻ ലഭിക്കും. ജോലി മതിയാക്കി നാട്ടിൽ എത്തിയവർ 200 രൂപയാണ് അംശാദായം അടക്കേണ്ടത്. ഇവർക്ക് 3000 രൂപയാണ് പെൻഷൻ ലഭിക്കുക. ഭരണപക്ഷ സംഘടനകളും ഇടതു കൂട്ടായ്മകളും പ്രവാസിലോകത്ത് ഇതിനെ സ്വാഗതം ചെയ്തപ്പോൾ, ക്ഷേമനിധി അംശാദായം ഒട്ടുമേ വർധിപ്പിക്കാതെ തന്നെ വിവിധ സംസ്ഥാനങ്ങളിൽ കഴിയുന്ന മറുനാടൻ മലയാളികൾക്ക് പെൻഷൻ തുക വർധിപ്പിക്കുകയും പ്രവാസികളോട് ഇരട്ടത്താപ്പ് നയം തുടരുകയാണ് ഇടതു സർക്കാർ ബജറ്റിലൂടെ ആവർത്തിച്ചിരിക്കുന്നതെന്നതാണ് പ്രതിപക്ഷ അനുകൂല പ്രവാസി കൂട്ടായ്മകളും സംഘടനകളും മുന്നോട്ടുവെക്കുന്ന പ്രധാന വിമർശനം.
കോവിഡ് മൂലം നാട്ടിലേക്ക് മടങ്ങിയവർക്കും പ്രവാസം മതിയാക്കിയവർക്കും ആശ്വാസമാകുന്ന പ്രവാസി തൊഴിൽ പുനരധിവാസം, നൈപുണ്യ വികസനം എന്നിവക്ക് 100 കോടി രൂപയാണ് നീക്കിവെച്ചിട്ടുള്ളത്. സമാശ്വാസ പ്രവർത്തനങ്ങൾക്ക് 30 കോടിയും പ്രവാസി ക്ഷേമനിധിക്കായി ഒമ്പത് കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. തിരിച്ചെത്തിയ പ്രവാസികളുടെ കണക്കെടുക്കുമെന്നും ബജറ്റ് പ്രഖ്യാപനത്തിൽ പറയുന്നു. പഞ്ചായത്ത്, നഗരസഭ തലത്തിൽ ജൂലൈയിൽ നടക്കുന്ന ഒാൺലൈൻ പ്രവാസി സംഗമങ്ങളിലൂടെയാകും കണക്കെടുപ്പ് നടക്കുക. ഇൗ ലിസ്റ്റുകൾ ജില്ലതലത്തിൽ ക്രോഡീകരിക്കും. പ്രവാസി തൊഴിൽ പദ്ധതിയുടെ ആദ്യഘട്ടം ഇൗ വർഷം തന്നെ നടപ്പിലാക്കും. ഇൗ വർഷം അവസാനം മൂന്നാം ലോക കേരള സഭ വിളിച്ചു ചേർക്കുമെന്നും ഡോ. തോമസ് ഐസക് പ്രഖ്യാപിച്ചു.
തെരഞ്ഞെടുപ്പ് മുന്നിൽകണ്ടുള്ള കസർത്ത് –കെ.എം.സി.സി
ആത്മാർഥതയില്ലാത്ത വാഗ്ദാനങ്ങളും കണക്കുകൾ പെരുപ്പിച്ചു കാട്ടിയുള്ള എന്നാൽ യാഥാർഥ്യമാകാത്ത പദ്ധതികളുടെയും നെടുങ്കൻ പ്രഖ്യാപനം മാത്രമാണ് ഇത്തവണത്തെ ബജറ്റ്. കേൾക്കുമ്പോൾ ആശ്വസിക്കാൻ ഒട്ടേറെ കാര്യങ്ങളുണ്ടെന്ന് തോന്നാമെങ്കിലും ഫലത്തിൽ പഴയകാലങ്ങളിലെ ആവർത്തന പ്രഖ്യാപനങ്ങൾ മാത്രമാണിതെന്ന് സൂക്ഷിച്ചുനോക്കിയാൽ മനസ്സിലാവും. കോവിഡ് കാലത്ത് മരണത്തെ മുഖാമുഖം കണ്ട പ്രവാസിലോകത്ത് നൂറുകണക്കിന് പേരാണ് മരിച്ചുവീണത്. അവരുടെ നിർധന കുടുംബങ്ങളെ ആശ്വസിപ്പിക്കുന്നതിനു പോലും ബജറ്റിൽ ഒരു പരാമർശവുമുണ്ടായിട്ടില്ല. മാത്രമല്ല, തിരിച്ചുവരുന്നവരുടെ പുനരധിവാസം എന്ന ഓമനപ്പേരിൽ ഇത്തവണയും കോടികളുടെ പദ്ധതിയുണ്ട്. എത്രപേർ ഇത്രയും കാലത്തിനകം പുനരധിവസിക്കപ്പെട്ടു എന്ന കണക്ക് നോക്കിയാൽ പൊള്ളത്തരങ്ങൾ പകൽപോലെ വ്യക്തമാകും. ജനങ്ങൾക്ക്, വിശിഷ്യാ പ്രവാസികൾക്കും കുടുംബങ്ങൾക്കും ഒരു പ്രതീക്ഷയും വെച്ചുപുലർത്താൻ കഴിയാത്തവിധം കണക്കുകൾ കൊണ്ടു നടത്തിയ വെറും കസർത്ത് മാത്രമാണീ ബജറ്റെന്ന് കേന്ദ്ര കെ.എം.സി.സി പ്രസിഡൻറ് ഡോ. പുത്തൂര്‍ റഹ്മാന് പറഞ്ഞു.
പ്രവാസികൾക്ക് കരുതലിെൻറ ആശ്വാസം –ഓർമ
പ്രവാസികൾക്ക് ഏറെ ആശ്വാസവും പ്രതീക്ഷയും പകരുന്ന സംസ്ഥാന ബജറ്റിനെ സ്വാഗതം ചെയ്യുന്നുവെന്ന് യു.എ.ഇ ഓവർസീസ് മലയാളി അസോസിയേഷൻ (ഓർമ). തൊഴില്‍ നഷ്ടപ്പെടുന്ന പ്രവാസികള്‍ക്ക് ഏകോപിത പ്രവാസി തൊഴില്‍ പദ്ധതി പ്രഖ്യാപിച്ചത് ഒരുപാട് പേർക്ക് ഗുണകരമാകുമെന്ന് ലോക കേരള സഭാംഗവും ഓർമ രക്ഷാധികാരിയുമായ എൻ.കെ. കുഞ്ഞുമുഹമ്മദ് ചൂണ്ടിക്കാട്ടി.
പദ്ധതിയുടെ ഭാഗമായി മടങ്ങിവരുന്നവരുടെ പട്ടിക തയാറാക്കും. ഇവര്‍ക്ക് താൽപര്യമനുസരിച്ച് നൈപുണ്യ പരിശീലനം നല്കി വീണ്ടും വിദേശത്ത് പോകാനുള്ള സഹായവും ലഭ്യമാക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പദ്ധതിക്കുവേണ്ടി 100 കോടി രൂപ വകയിരുത്തുമെന്ന് ധനമന്ത്രി പറഞ്ഞു. സമാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് 30 കോടിയും പ്രഖ്യാപിച്ചു. പ്രവാസി ക്ഷേമനിധിക്ക് ഒമ്പത് കോടി രൂപ അനുവദിക്കാനും പ്രവാസി പെൻഷൻ തുക 3500 രൂപയായി ഉയര്‍ത്താനുമുള്ള തീരുമാനം സർക്കാറിെൻറ പ്രവാസി സൗഹൃദ നയത്തിന് ഉദാഹരണമാണെന്ന് ഓർമ ജനറൽ സെക്രട്ടറി കെ. സജീവനും പ്രസിഡൻറ് അൻവർ ഷാഹിയും ചൂണ്ടിക്കാട്ടി.
പ്രവാസികളോട് വീണ്ടും ഇരട്ടത്താപ്പ് –ഇൻകാസ്
പ്രവാസി പെൻഷൻ വർധിപ്പിച്ചു എന്നതാണ് കൊട്ടിഘോഷിക്കപ്പെടുന്ന പ്രധാന ബജറ്റ് പ്രചാരണം. എന്നാൽ, അംശാദായം വർധിപ്പിച്ചത് ആരും ഗൗനിക്കുന്നില്ല. മാത്രമല്ല, പ്രവാസികളുടെ അംശാദായം മാത്രമാണ് വർധിപ്പിച്ചിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിൽ കഴിയുന്ന മറുനാടൻ മലയാളികൾക്ക് വർധിപ്പിച്ച അംശാദായം അടക്കേണ്ടതില്ല. പ്രവാസികളോട് പിണറായി സർക്കാർ തുടരുന്ന ഇരട്ടത്താപ്പാണ് ഇത് വ്യക്തമാണ്. ഇടതു സർക്കാർ അധികാരത്തിൽ വന്നതു മുതൽ കേൾക്കാൻ തുടങ്ങിയ പദ്ധതികളല്ലാതെ പുതുതായി ഒന്നും ഡോ. തോമസ് ഐസക് ഇത്തവണത്തെ ബജറ്റിലും പറഞ്ഞിട്ടില്ല. യു.എ.ഇ സന്ദർശനങ്ങളിൽ മുഖ്യമന്ത്രി നടത്തിയ വാഗ്ദാനങ്ങളൊന്നുംതന്നെ ബജറ്റിൽ ഇല്ല. പ്രവാസികളുടെ കണ്ണിൽ പൊടിയിടാനുള്ള പദ്ധതി പ്രഖ്യാപനം മാത്രമാണ് ബജറ്റിൽ ദൃശ്യമാകുന്നതെന്ന് ഇൻകാസ് യു.എ.ഇ ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദലി പറഞ്ഞു.
കബളിപ്പിക്കുന്ന ബജറ്റ് –ഇന്ത്യൻ പീപ്ൾസ് ഫോറം
ജനങ്ങളെ ആകമാനം കബളിപ്പിക്കുന്ന ബജറ്റാണിതെന്ന് ഇന്ത്യൻ പീപ്ൾസ് ഫോറം അഭിപ്രായപ്പെട്ടു. സംസ്ഥാന രൂപവത്കരണത്തിന് ശേഷം ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും ഇപ്പോഴും ബജറ്റിൽ സമ്പൂർണ ദാരിദ്ര്യ നിർമാർജനമാണ് ലക്ഷ്യം എന്ന് പറയേണ്ടി വരുന്ന സാഹചര്യമാണ് കാലാകാലങ്ങളിൽ സംസ്ഥാനം മാറി മാറി ഭരിക്കുന്നവർ ഉണ്ടാക്കിെവച്ചിരിക്കുന്നത്. ഈ സർക്കാർ അധികാരത്തിൽ വരുന്നതിനു മുമ്പ് തെരഞ്ഞെടുപ്പിനെ നേരിടുന്നതിനായി പുറപ്പെടുവിച്ച പ്രകടനപത്രികയിൽ പറഞ്ഞ ഒരു കാര്യവും ഇതുവരെ നടപ്പാക്കാത്തവരാണ് ഇപ്പോൾ പ്രവാസി ക്ഷേമത്തിന് 100 കോടി എന്ന് പറയുന്നത്. ഇതിലെ ആത്മാർഥതയിൽ സംശയമുണ്ട്. പ്രവാസികൾക്ക് കൊടുത്ത വാഗ്ദാനങ്ങളൊന്നും നാളിതുവരെ പാലിക്കാത്ത ഈ സർക്കാറിെൻറ ബജറ്റ് പ്രഖ്യാപനവും പ്രവാസികളുടെ കണ്ണിൽ പൊടിയിടുന്നതിനു വേണ്ടി മാത്രമാണ് എന്നും ഐ.പി.എഫ് അഭിപ്രായപ്പെട്ടു.
ജനകീയ ബജറ്റ് –ജനത കൾചറൽ സെൻറർ
കേരള സർക്കാറിെൻറ പുതിയ വർഷത്തെ ബജറ്റ് സർവ മേഖലകളെയും പരിഗണിച്ചിട്ടുണ്ട്. അതിൽതന്നെ സാധാരണക്കാരുടെ ജീവിതത്തെ മുന്നോട്ടു കൊണ്ടുപോകുന്ന പദ്ധതികൾ സമഗ്രമായ മാറ്റം സൃഷ്ടിക്കും. പ്രവാസി പെൻഷൻ 3500 രൂപയാക്കി വർധിപ്പിച്ചത് ആശ്വാസകരമായ തീരുമാനമാണ്. എന്നാൽ, അഞ്ച് ലക്ഷത്തോളം പേർ മാത്രമേ നിലവിൽ ക്ഷേമ പദ്ധതിയിൽ ചേർന്നിട്ടുള്ളൂ. പ്രവാസ ലോകത്തെ സംഘടനകൾ അർഹരായ മുഴുവൻ പ്രവാസികളെയും പദ്ധതിയിൽ ചേർക്കാൻ ശ്രമിക്കണമെന്ന് ജനത കൾചറൽ സെൻറർ യു.എ.ഇ കമ്മിറ്റി പ്രസിഡൻറ് പി.ജി. രാജേന്ദ്രൻ ആവശ്യപ്പെട്ടു.
പ്രവാസികൾക്ക് ആശ്വാസം പകരുന്ന ബജറ്റ് –െഎ.എം.സി.സി
കേന്ദ്ര സർക്കാർ പ്രവാസികളുടെ പുനരധിവാസം ഉൾപ്പെടെയുള്ള വിഷയങ്ങൾ കണ്ടില്ലെന്ന് നടിക്കുമ്പോൾ പ്രവാസികൾക്ക് ആശ്വാസവും പ്രതീക്ഷയും നൽകുന്ന മികച്ചൊരു ബജറ്റാണ് ധനമന്ത്രി ഡോ. ടി.എൻ. തോമസ് ഐസക് അവതരിപ്പിച്ചിരിക്കുന്നത്. പ്രവാസി തൊഴിൽ പദ്ധതിക്ക് 100 കോടി, പ്രവാസി ക്ഷേമ പെൻഷൻ 3500 രൂപ ഉയർത്തിയും മടങ്ങിയെത്തുന്ന പ്രവാസികൾക്ക് സമാശ്വാസമായി 30 കോടി, പ്രവാസി ക്ഷേമനിധിക്ക് ഒമ്പത് കോടിയും എൽ.ഡി.എഫ് സർക്കാറിെൻറ അവസാന ബജറ്റിൽ നീക്കിവെച്ചത് പ്രവാസികൾക്ക് ആശ്വാസം പകരുന്നതാണ്. മടങ്ങിയെത്തുന്ന പ്രവാസികൾക്ക് നൈപുണ്യ പരിശീലനം നൽകി തിരിച്ച് വിദേശത്ത് പോകാൻ അവസരമൊരുക്കുമെന്ന സംസ്ഥാന ബജറ്റ് പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നതായി ദുബൈ ഐ.എം.സി.സി ജനറൽ സെക്രട്ടറി എം. റിയാസ് പറഞ്ഞു.
വരുമാനം വർധിപ്പിക്കാൻ നികുതി വെട്ടിപ്പ് തടയണം
കോവിഡ് മഹാമാരിയില്‍ തകര്‍ന്ന കേരളത്തിെൻറ സാമൂഹിക- സാമ്പത്തിക മേഖലയെ കൈപിടിച്ചുയര്‍ത്തുന്ന ചില പ്രഖ്യാപനങ്ങള്‍ ധനമന്ത്രി ഡോ. തോമസ് ഐസക് അവതരിപ്പിച്ച സംസ്ഥാന ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചത് അഭിനന്ദനീയമാണ്. എന്നാല്‍, വ്യവസായ മേഖലക്ക് വേണ്ടത്ര പരിഗണന ലഭിച്ചിട്ടില്ല. മാത്രമല്ല, സംസ്ഥാന ഖജനാവിലേക്ക് വരുമാനം ലഭിക്കുന്നതിനുള്ള വ്യക്തമായ നടപടികളുമില്ല. ഇത് വിഭവ സമാഹരണം ഇല്ലാതാക്കുകയും സര്‍ക്കാറിെൻറ കടം വര്‍ധിക്കുന്നതിന് കാരണമാകുകയും ചെയ്യും. നികുതി വെട്ടിപ്പ് തടയുന്നതിന് ഫലപ്രദമായ മാര്‍ഗങ്ങള്‍ സ്വീകരിച്ചാല്‍ മാത്രമേ വരുമാനം വര്‍ധിക്കുകയുള്ളൂ. ഇതിനായി ഇ- ഗവേണൻസ് സംവിധാനം കൊണ്ടു വരണം.
ഉന്നത വിദ്യാഭ്യാസ മേഖലയുടെയും കാര്‍ഷിക മേഖലയുടെയും പുരോഗതിക്കായി പദ്ധതികള്‍ പ്രഖ്യാപിച്ചത് പ്രശംസനീയമാണ്. പ്രവാസി മലയാളികളുടെ പുനരധിവാസത്തിനായി കാര്യമായ നടപടികളൊന്നും തന്നെ ബജറ്റില്‍ കാണുന്നില്ല. പതിനായിരക്കണക്കിന് പ്രവാസികളാണ് നാട്ടിലേക്ക് മടങ്ങിക്കൊണ്ടിരിക്കുന്നത്. ഇവരുടെ പുനരധിവാസത്തിനുള്ള പദ്ധതികള്‍ അടിയന്തരമായി ആവിഷ്കരിക്കേണ്ടതുണ്ട്. ഇത്രയും കാലം കേരളത്തിെൻറ സാമ്പത്തിക നട്ടെല്ലിന് കരുത്ത് പകര്‍ന്നവരാണ് മടങ്ങിയെത്തിയ പ്രവാസി മലയാളികള്‍.
കേരളത്തില്‍ വ്യവസായങ്ങള്‍ സ്ഥാപിക്കാന്‍ പറ്റാത്ത രാഷ്ട്രീയ അന്തരീക്ഷം മാറണം. കേരളത്തില്‍നിന്ന് ഉൽപന്നങ്ങള് നിർമിച്ച് വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാന്‍ കഴിയണം. എന്നാല്‍, മാത്രമേ സര്‍ക്കാറിന് വലിയ തോതില്‍ വരുമാനവും നികുതിയും ലഭിക്കുകയുള്ളൂ. സ്വര്‍ണ- വജ്ര ആഭരണങ്ങളുടെ കാര്യമെടുത്താല്‍ ഇന്ത്യയില്‍നിന്നുള്ള കയറ്റുമതി വര്‍ധിച്ചു വരുകയാണെങ്കിലും കേരളത്തില്‍നിന്ന് ആഭരണ കയറ്റുമതി നടക്കുന്നില്ല. കേരളത്തില്‍ സ്വകാര്യ മേഖലയില്‍ ആഭരണ നിർമാണത്തിന് ആവശ്യമായ സഹായം സര്‍ക്കാറിെൻറ ഭാഗത്തുനിന്ന് ഉണ്ടാകണം. സ്വർണാഭരണ നിർമാണവും കയറ്റുമതിയും വര്‍ധിപ്പിക്കുന്നതിനുള്ള നടപടികളും വേണം.
ഷംലാല്‍ അഹമ്മദ്, മാനേജിങ് ഡയറക്ടര്‍ (ഇൻറര്‍ നാഷനല്‍ ഓപറേഷന്‍സ് ) മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ്
പ്രവാസി ക്ഷേമത്തിന് 100 കോടിയുടെ പദ്ധതി, ബജറ്റ് സ്വാഗതാർഹം
പ്രവാസികൾക്ക് 100 കോടിയുടെ ക്ഷേമ പദ്ധതിയുൾപ്പെടെ നിരവധി പ്രവാസി പ്രിയ പദ്ധതികൾ പ്രഖ്യാപിച്ച് ഡോ. തോമസ് ഐസക് അവതരിപ്പിച്ച ബജറ്റ് സ്വാഗതാർഹമാണ്. തിരിച്ചെത്തിയ പ്രവാസികളെ സംഘടിപ്പിച്ചുകൊണ്ടുള്ള സമഗ്ര ഏകോപിത പ്രവാസി തൊഴിൽ പദ്ധതി ബജറ്റിൽ പ്രഖ്യാപിച്ചത് ശ്രദ്ധേയവും സ്വാഗതാർഹവുമാണ്. ബജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ള പദ്ധതികളും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള പ്രഖ്യാപനങ്ങളും പ്രചോദനപ്രദവും നോളജ് എക്കണോമിയിലേക്ക് വളരുകയെന്ന സംസ്ഥാനത്തിെൻറ സമഗ്രമായ ശ്രമങ്ങൾക്ക് വലിയൊരു ഉൗർജം പകരുന്നതുമാണ്.
അദീബ് അഹമ്മദ്, എം.ഡി, ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.