കിൻഡർ ചോക്ലേറ്റ് യു.എ.ഇയിലെ മാർക്കറ്റിൽ നിന്ന്​​ പിൻവലിച്ചു

ദുബൈ: കിൻഡർ സർപ്രൈസ്​ ചോക്ലേറ്റ് യു.എ.ഇയിലെ മാർക്കറ്റിൽ നിന്ന്​ പിൻവലിച്ചതായി പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. കിൻഡർ ചോക്ലേറ്റ് ഉൽപന്നങ്ങൾ വഴി യൂറോപ്പിൽ സാൽമൊണെല്ല ബാക്ടീരിയ പടരുന്നു എന്ന റിപ്പോർട്ടുകളെ തുടർന്നാണ്​ നടപടി​.

ബെൽജിയത്തിൽ നിന്ന് എത്തിയ കിൻഡർ സർപ്രൈസ് യൂവോ മാക്സി ചോക്ലേറ്റിന്‍റെ രണ്ട് ബാച്ചുകളാണ് യു.എ.ഇ വിപണിയിൽ നിന്ന് ഉടൻ പിൻവലിക്കാൻ പരിസ്ഥിതി മന്ത്രാലയം നിർദേശം നൽകിയത്. ഇവ നശിപ്പിക്കുകയോ കൊണ്ടുവന്ന രാജ്യത്തേക്ക് തിരിച്ചയക്കുകയോ ചെയ്യണമെന്ന് മന്ത്രാലയം മുഴുവൻ എമിറേറ്റുകളിലെയും നഗരസഭകൾക്കും മറ്റ് അനുബന്ധ വകുപ്പുകൾക്കും നിർദേശം നൽകി. ദുബൈയിലെ മാർക്കറ്റിൽ കിൻഡർ സർപ്രൈസ്​ വിതരണം ചെയ്യുന്നില്ലെന്ന്​ ഉറപ്പാക്കിയതായി ദുബൈ മുനിസിപ്പാലിറ്റി അറിയിച്ചു. ബെൽജിയത്തിലെ എട്ട് ഫാക്ടറികളിൽ നിർമിക്കുന്ന കിൻഡർ സർപ്രൈസ് യുവോ മാക്സി ചോക്ലേറ്റിന്‍റെ രണ്ട് ബാച്ചുകളിലാണ് പ്രശ്നം കണ്ടെത്തിയത്. കിൻഡർ നിർമാതാക്കളായ ഫെറേറോയുടെ മറ്റ് ഉൽപന്നങ്ങളിലും നിരീക്ഷണം ശക്തമാക്കാൻ മന്ത്രാലയം നിർദേശിച്ചു.

കമ്പനിയുടെ ഫാക്ടറികളിൽ സാൽ​മൊണെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇതേതുടർന്ന്​ വിവിധ രാജ്യങ്ങളിൽ ഉൽപന്നം പിൻവലിച്ചിരുന്നു. വാർത്ത പുറത്തുവന്നതോടെ കിൻഡർ സർപ്രൈസിന്‍റെ ബാച്ച്​ പിൻവലിക്കുന്നതായി കമ്പനിയും അറിയിച്ചു.

Tags:    
News Summary - Kinder chocolate withdrawn from UAE market

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.