ദുബൈ: യു.എ.ഇ വനിത ക്രിക്കറ്റ് ടീമിന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ (ഐ.സി.സി) പുരസ്കാരം. ഐ.സി.സി അസോസിയേറ്റ് അംഗങ്ങളിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച വനിത ടീമിനുള്ള അവാർഡാണ് യു.എ.ഇ സ്വന്തമാക്കിയത്. മൂന്ന് മലയാളികളടക്കം ഇന്ത്യക്കാർ നയിക്കുന്ന യു.എ.ഇ ടീം ഇന്ന് ശ്രീലങ്കയിൽ ആരംഭിക്കുന്ന വനിത ടി 20 ഏഷ്യാകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ നേപ്പാളിനെതിരെ രംഗത്തിറങ്ങും.
മലേഷ്യയിൽ നടന്ന ടി20 ലോകകപ്പ് യോഗ്യതാ മത്സരത്തിലെ പ്രകടനമാണ് യു.എ.ഇ വനിത ക്രിക്കറ്റ് ടീമിനെ ഐ.സി.സി അവാർഡിന് അർഹമാക്കിയത്. തോൽവി അറിയാതെയാണ് യു.എ.ഇ ടി 20 ലോകകപ്പ് യോഗ്യത നേടിയത്. ഇന്ത്യക്കാരിയായ ഇഷ ഓസയാണ് യു.എ.ഇ ടീമിന്റെ ക്യാപ്റ്റൻ. വയനാട് സുൽത്താൻ ബത്തേരി സ്വദേശികളായ മൂന്ന് മലയാളി സഹോദരിമാർ യു.എ.ഇ ടീമിന്റെ മറ്റൊരു പ്രത്യേകതയാണ്. ബാറ്റർ റിനിത രജിത്, ബൗളിങ് ഓൾറൗണ്ടർമാരായ റിതിക രജിത്, റിഷിത രജിത് എന്നിവരാണ് ഈ സഹോദരിമാർ. വയനാട് ജില്ല ക്രിക്കറ്റ് ടീം അംഗമായിരുന്ന രജിത്തിന്റെയും രഞ്ജിനിയുടെയും മക്കളാണ് ഇവർ. ഇന്ന് നേപ്പാളിനെയും ഈമാസം 21ന് ഇന്ത്യയെയും നേരിടാൻ പോകുന്ന യു.എ.ഇ ടീം ആത്മവിശ്വാസത്തിലാണ്. ടീമിലെ വിക്കറ്റ് കീപ്പർ എമിലി തോമസും മലയാളി വേരുകളുള്ള കളിക്കാരിയാണ്. മത്സരത്തിനായി കഴിഞ്ഞദിവസം യു.എ.ഇ ടീം ശ്രീലങ്കയിലെത്തി പരിശീലനം ആരംഭിച്ചു. ശ്രീലങ്കക്കാരിയായ കവിഷ കുമാരിയൊഴികെ യു.എ.ഇ ടീമിലെ എല്ലാവരും ഇന്ത്യക്കാരാണ്. ഈ മാസം 23ന് യു.എ.ഇ ടീം പാകിസ്താനെതിരെയും കളത്തിലിറങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.