പ്രവാസം ഒരു ഓർമപ്പെടുത്തൽ കൂടി ആണ്. നഷ്ടപ്പെടലിെൻറ ചെറുത്തുനിൽപ്പിെൻറ ഒത്തൊരുമയുടെ ഓരോ സാക്ഷ്യങ്ങൾ. ഒരു ദേശത്തുനിന്ന് മറ്റൊരു ദേശത്തേക്ക് പലായനം ചെയ്യുന്ന ദേശാടനക്കിളിയെ പോലെയാണ് ഓരോ പ്രവാസിയും.
എന്നും ഉറങ്ങുന്നതിനേക്കാൾ കൂടുതൽ ഇന്ന് ഉറങ്ങിയിട്ടും ഉറക്കം മതിവരാത്തതുപോലെ. പെട്ടെന്ന് റസിയയുടെ ആ വിളി എന്നെ ഉറക്കത്തിൽ നിന്നും ഞെട്ടി എഴുന്നേൽപ്പിച്ചു. ഇക്ക ഇന്ന് നോമ്പു തുറക്കാൻ ഒന്നും ഇല്ലാട്ടോ ഇവിടെ. എന്തൊരുറക്കമാണ് നിങ്ങൾ. ഇവിടെ ആരെങ്കിലും വന്നു എന്നെയും മോനെയും കുത്തിക്കൊന്നു പോയാൽപോലും നിങ്ങൾ അറിയില്ലല്ലോ. മതി, ചിക്കൻ ഒന്നും ഫ്രിഡ്ജിൽ ഇരിക്കുന്നില്ല. ഇനി ആ നേരത്തു ചിക്കൻ കറി കിട്ടിയില്ല എന്നും പറഞ്ഞുള്ള പതിവ് കലാപരിപാടി ഒന്നും ഉണ്ടാവരുത്. അതും പറഞ്ഞു അവൾ പതിയെ അടുക്കളയിലേക്ക് നീങ്ങി. മോനെയും കൂട്ടി അങ്ങാടിയിൽ പോയി ചിക്കനും വാങ്ങി വന്നു. റസിയയുടെ കൈയിൽ ചിക്കൻ പൊതി ഏൽപ്പിച്ചിട്ടു വീണ്ടും ഞാൻ ഉറക്കത്തിലേക്ക് വഴുതിവീണു. മഗ്രിബ് ബാങ്ക് കൊടുക്കുന്നതിനു കുറച്ചുമുമ്പേ ഞാനും മോനും റസിയയും വട്ടമേശക്ക് ചുറ്റും ഇരുന്ന് കാത്തിരിപ്പു തുടങ്ങി. തെൻറ യജമാനെൻറ കൽപന സന്ദേശം ബാങ്കിെൻറ രൂപത്തിൽ വരുന്നത് കാത്തുള്ള ഇരുത്തം. മതി, സമയം ഒരുപാടായി. നീ ഒന്നു ഒതുങ്ങി ഇരിക്ക് എെൻറ റസിയാ.
ഇത് റസിയ ഒന്നുമല്ല. മുനീർ ആണ്. നീ ഇന്നലെ നാട്ടിൽ നിന്ന് വന്നിട്ടും ഇപ്പോഴും അവിടെത്തന്നെ ആണല്ലേ ചിന്തകൾ. അതൊക്കെ ഒഴിവാക്കി കുളിച്ചു റെഡിയായി വാ. ഇന്ന് ഞാനും നീയുമാണ് അടുക്കള ഡ്യൂട്ടി. അപ്പോഴാണ് ഞാൻ കണ്ടത് സ്വപ്നം ആയിരുന്നു എന്ന സത്യാവസ്ഥ തിരിച്ചറിഞ്ഞത്. പിന്നീട് നോമ്പു തുറക്കുന്നതിനുള്ള നെട്ടോട്ടത്തിൽ ആയി. എത്ര രുചിയിൽ ഉണ്ടാക്കിയാലും മനസ്സിന് സംതൃപ്തി ലഭിക്കില്ല. രുചിക്കൂട്ടുകൾ മനോഹരം ആക്കാനുള്ള രസക്കൂട്ടിെൻറ പാചകപ്പുര ഒരു വശത്തു റെഡി ആവുമ്പോൾ മറുവശത്തു അന്ന് അടുക്കള ഡ്യൂട്ടി ഇല്ലാത്തവരുടെ രാഷ്ട്രീയ ചർച്ചകൾ പുരോഗമിക്കുന്നു. വി.എസും ചെന്നിത്തലയും പിണറായിയും ഉമ്മൻ ചാണ്ടിയും പുതിയ കേരള സർക്കാറും ചെഗുവേരയുമെല്ലാം അവിടെ ക്ഷണിക്കപ്പെടാത്ത അതിഥികൾ. ഉപദേശങ്ങൾക്കും തിരുത്തലുകൾക്കും സംഘട്ടനങ്ങൾക്കുമൊടുവിൽ ബാങ്കിെൻറ നേരം അടുക്കാൻ ഇനി നിമിഷങ്ങൾ ബാക്കി. എല്ലാവരുടെ മുഖത്തും പ്രകാശം കത്തിനിൽക്കുന്ന പുഞ്ചിരി. എെൻറ മുഖത്തു മാത്രം ആധി. അതു മറ്റൊന്നും കൊണ്ടല്ല. ഇന്ന് ഞാൻ ആദ്യമായി ഉണ്ടാക്കിയ ചിക്കൻ ബിരിയാണി ആണ്. അതിെൻറ റിസൽട്ട് അറിയാനുള്ള വേവലാതി ആണ്. ബാങ്ക് കൊടുത്തു.
ഞങ്ങൾ എല്ലാം കൂട്ടമായി നോമ്പു തുറന്നു. ഞാൻ പതിയെ മറ്റുള്ളവരുടെ മുഖത്തേക്ക് നോക്കിയിരുന്നു. പെട്ടെന്ന് ഉവൈസ് ഉസ്താദിെൻറ സന്ദേശം എത്തി. മാഷാ അല്ലാഹ്. ഒരു രക്ഷയും ഇല്ലാട്ടോ. അതുകേട്ടതും അവിടെനിന്നു നിറ പുഞ്ചിരിയാലെ നിസ്ക്കാര മുറിയിലേക്ക് നടക്കുന്നതിനിടയിൽ ന്യൂജൻ പിള്ളേർ പറയുന്നപോലെ ആൾക്കൂട്ടത്തിൽ നിന്നും ആരോ പറഞ്ഞു. പൊളിച്ചു കിടുക്കി തിമിർത്തു. മനസ്സിൽ കത്തിക്കൊണ്ടിരുന്ന ആ കനൽ അണഞ്ഞു. അതു പ്രകാശമായി പുഞ്ചിരിച്ചു. അവിടെ നിന്നും എഴുന്നേറ്റ് നമസ്ക്കാര മുറിയിലേക്ക് പോകുമ്പോൾ റസിയയുടെ മുഖം മനസ്സിലേക്ക് വന്നു. എന്നും അവൾ എത്ര മനോഹരമായി വിഭവങ്ങൾ ഉണ്ടാക്കിത്തന്നിട്ടും ഇല്ലാത്ത കുറ്റങ്ങൾ കണ്ടെത്താനാണ് ഞാൻ ശ്രമിച്ചിരുന്നത്. ഉപ്പില്ല, എരിവില്ല, പുളിയില്ല അങ്ങനെ. ഒരുവട്ടം എങ്കിലും റസിയാ... നന്നായിട്ടുണ്ട് എന്ന ആ വാക്കിനുവേണ്ടി അവൾ എത്ര കൊതിച്ചിട്ടുണ്ടാവും. ഭക്ഷണ മേശക്കും നമസ്ക്കാര മുറിക്കും ഇടയിലെ എെൻറ ആ നടത്തത്തിലെ ഓരോ തിരിഞ്ഞുനോട്ടത്തിലും ഓർമകളുടെ ഒരുപാട് ഉരുൾപൊട്ടലുകൾ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.