അൽഐൻ: രാഷ്ട്രപിതാവിനെ വധിച്ചതിലൂടെ ഇന്ത്യൻ മതേതരത്വത്തെ ഇല്ലാതാക്കാനുള്ള ഫാഷിസ്റ്റ് കക്ഷികളുടെ ശ്രമം മഹാഭൂരിപക്ഷം വരുന്ന ഹിന്ദുസമൂഹം അനുവദിക്കില്ലെന്നത് ശുഭപ്രതീക്ഷയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി. കെ.എം.സി.സി അൽഐൻ കാസർകോട് ജില്ല ഘടകം സംഘടിപ്പിച്ച ‘കാസർകോട് ഫെസ്റ്റ്’ കുടുംബ സംഗമത്തിൽ അനുമോദന പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഗാന്ധിജിയുടെ മതേതര ഇന്ത്യയെന്ന സ്വപ്നം രാഹുൽ ഗാന്ധിയിലൂടെ പൂവണിയുമെന്നാണ് ജോഡോ യാത്രക്ക് ശേഷം നടന്ന കർണാടക തെരഞ്ഞെടുപ്പ് ഫലം നൽകുന്ന സൂചനയെന്നും ഷാജി വിശദീകരിച്ചു. യു.എ.ഇ. കെ.എം.സി.സി സീനിയർ വക്താവ് അഷ്റഫ് പള്ളിക്കണ്ടം ചടങ്ങ് ഉദ്ഘാടനം ചെയ്തു.
കെ.എം.സി.സി കാസർകോട് ജില്ല പ്രസിഡന്റ് ഖാലിദ് പാഷ അധ്യക്ഷത വഹിച്ചു. കെ.എം.സി.സി അഡ്വൈസറി ബോർഡ് ചെയർമാൻ പൂക്കോയ തങ്ങൾ ബാ അലവിയുടെ പ്രാർഥനയോടെ ആരംഭിച്ച ചടങ്ങിൽ, അൽ-ഐൻ കെ.എം.സി.സി കാസർകോട് ജില്ലാ സീനിയർ നേതാവ് ഇഖ്ബാൽ പരപ്പ ആമുഖ പ്രഭാഷണം നടത്തി. സംസ്ഥാന നേതാക്കളായ ശിഹാബുദ്ദീൻ തങ്ങൾ ബാ അലവി, ഹാഷിം തങ്ങൾ എന്നിവർ സംസാരിച്ചു. കാസർകോട് ജില്ല ജനറൽ സെക്രട്ടറി നാസർ വലിയപറമ്പ സ്വാഗതവും ജില്ല ട്രഷറർ എ.സി. അഷ്റഫ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.