ഷാർജയിലെ അബൂ സഈദ്​ അൽ ഖുദ്​രി പള്ളിയിൽ നടന്ന ജുമുഅ നമസ്​കാരം                                                                                                                                                                                    •ചിത്രം: സിറാജ്​ വി.പി. കീഴ്​മാടം 

മഹാമാരിയില്‍നിന്ന് ലോകത്തിന് രക്ഷതേടി അവസാന വെള്ളി

ഷാര്‍ജ: റമദാനിലെ അവസാന വെള്ളിയില്‍ ലോകരക്ഷിതാവി​െൻറ കാരുണ്യവും നരകമോചനവും തേടി വിശ്വാസികള്‍.ലോകത്തെ വരിഞ്ഞുമുറുക്കി പ്രാണവായുപോലും നല്‍കാതെ കൊന്നൊടുക്കുന്ന കോവിഡില്‍നിന്ന് ലോകത്തിന്​ മോചനം നല്‍കേണമേ എന്ന പ്രാര്‍ഥനയായിരുന്നു പള്ളികളില്‍നിന്ന് ഒഴുകിയത്. ഒരാവര്‍ത്തിയെങ്കിലും ഖുര്‍ആന്‍ ഓതിത്തീര്‍ക്കുവാനും ദിക്​റുകള്‍ ചൊല്ലുവാനും ദാനധര്‍മങ്ങള്‍ കൊടുത്തുവീട്ടുവാനുമുള്ള വെമ്പല്‍ വിശ്വാസികളുടെ മനസ്സില്‍ അലയടിച്ചു. ഈ വര്‍ഷത്തെ ഫിത്​ര്‍ സകാത്ത് 20 ദിര്‍ഹമാണെന്ന് മതകാര്യ വകുപ്പ് നേരത്തേ തന്നെ അറിയിച്ചിരുന്നു.

ഇവ ശേഖരിക്കാൻ യു.എ.ഇയിലെ അംഗീകൃത ചാരിറ്റികള്‍ പള്ളികളില്‍ സജീവമായിരുന്നു. പാവപ്പെട്ടവന് അന്നം നല്‍കുകയും വ്രതാനുഷ്​ഠാനത്തിലെ അപാകതകള്‍ പരിഹരിക്കലുമാണ് ഫിത്​ര്‍ സകാത്തി​െൻറ ലക്ഷ്യം.വ്രതത്തിലൂടെ നേടിയെടുത്ത ആത്മവിശുദ്ധിയും കരുണയും കൈവിടാതെ ജീവിതം മുന്നോട്ടുനയിക്കുമെന്ന പ്രതിജ്ഞയുമായാണ് വിശ്വാസികള്‍ പള്ളികളില്‍നിന്ന് മടങ്ങിയത്. പിരിയുന്ന റമദാന് സലാം ചൊല്ലുമ്പോള്‍ ഇമാമുമാരുടെ വാക്കുകള്‍ കണ്ണീരാല്‍ നനഞ്ഞിരുന്നു. യു.എ.ഇയിലെ പള്ളികള്‍ വിശ്വാസികളാൽ നിറഞ്ഞൊഴുകുമ്പോഴും സാമൂഹിക അകലവും കോവിഡ് മാനദണ്ഡങ്ങളും പാലിച്ചിരുന്നു. പല സ്ഥലങ്ങളിലും പ്രാര്‍ഥനക്കെത്തിയവരുടെ നീണ്ടനിര പള്ളിയുടെ പുറത്തേക്ക് എത്തിയെങ്കിലും നിരത്തുകളിലും ഉദ്യാനങ്ങളിലും നമസ്കരിക്കാൻ വിലക്കുള്ളതിനാല്‍ പള്ളിയങ്കണത്തില്‍ ഒതുങ്ങി. ജുമുഅക്കെത്തുന്നവരുടെ ആധിക്യം പരിഗണിച്ച് മുഴുവന്‍ പള്ളികളിലും കൂടുതല്‍ സൗകര്യങ്ങളും നിരീക്ഷണവും ഏര്‍പ്പെടുത്തിയിരുന്നു.നരകമോചനത്തി​െൻറ അവസാനത്തെ പത്തില്‍ വിശ്വാസികള്‍ അല്ലാഹുവിലേക്ക് കരങ്ങളുയര്‍ത്തി തങ്ങളുടെ സങ്കടങ്ങള്‍ ബോധിപ്പിച്ചു.

രാജ്യത്തിനകത്തും പുറത്തും നിലനില്‍ക്കുന്ന സാഹചര്യങ്ങളും വിശ്വാസികള്‍ക്കുനേരെയുണ്ടാകുന്ന പരീക്ഷണങ്ങളും ഖതീബുമാര്‍ പ്രസംഗങ്ങളില്‍ സൂചിപ്പിച്ചു. രാജ്യക്ഷേമത്തിനും ലോക സമാധാനത്തിനും വിശ്വാസികളുടെ രക്ഷക്കുവേണ്ടിയും പ്രാര്‍ഥനകള്‍ നടന്നു.

ഇന്ന്​ 27ാം രാവ്​: ബുഖാത്വീര്‍ പള്ളിയിലും നിയന്ത്രണം

റമദാനിലെ 27ാം രാവില്‍ വിശ്വാസികളാൽ നിറഞ്ഞുകവിയുന്ന പള്ളിയാണ് ഷാര്‍ജയിലെ ശൈഖ് സായിദ് റോഡിന് സമീപമുള്ള ശൈഖ് സൗദ് ആല്‍ ഖാസിമി (ബുഖാത്വീര്‍) പള്ളി. പള്ളിയും പരിസരവും റോഡും ഉദ്യാനങ്ങളും പുല്‍മേടുകളും വിശ്വാസികളാൽ നിറയും.

ഈ ഭാഗത്തെ റോഡുകൾ പൊലീസ് അടച്ചിടും. എന്നാല്‍, ഇക്കുറി നിരത്തുകളിലും മറ്റും നമസ്കരിക്കാൻ വിലക്കുള്ളതിനാല്‍ ഇവിടെയും പൊലീസ് നിയന്ത്രണങ്ങള്‍ ഏ​ർപ്പെടുത്തി.27ാം രാവില്‍ ഇമാം സലാഹ് ബുഖാത്വീര്‍ ആണ് ഇവിടെ തറാവീഹ്, തഹജ്ജുദ് നമസ്കാരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

ഇദ്ദേഹത്തി​െൻറ സ്വരം ലോകത്താകമാനമുള്ള ഖുര്‍ആന്‍ ശ്രോതാക്കള്‍ക്ക് പരിചിതമാണ്. സമൂഹമാധ്യമങ്ങളിലും യൂട്യൂബിലും ലക്ഷക്കണക്കിന്​ പേര്‍ സലാഹ്​ ബുഖാത്വീറി​െൻറ ഖുര്‍ആന്‍ പാരായണം ശ്രവിക്കുന്നു. മനോഹര ശബ്​ദത്തിലാണ് ഇദ്ദേഹത്തി​െൻറ ഖുര്‍ആന്‍ പാരായണം.ശൈഖ് സൗദ് അല്‍ ഖാസിമി പള്ളി അന്വേഷിച്ച് ഈ ഭാഗത്ത് നടന്നാല്‍ കണ്ടെത്താന്‍ പ്രയാസമാണ്.എന്നാല്‍, ബുഖാത്വീര്‍ പള്ളി എന്നു പറഞ്ഞാല്‍ ആരും വഴി പറഞ്ഞുതരും.

Tags:    
News Summary - Last Friday as the world seeks salvation from the plague

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.