ദുബൈ: കോവിഡിന് മുമ്പുള്ള കാലത്തിലേക്ക് യാത്രക്കാരുടെ എണ്ണം മടങ്ങിയെത്തുന്നു. കഴിഞ്ഞ വർഷം ദുബൈ വിമാനത്താവളംവഴി സഞ്ചരിച്ചത് 6.6 കോടി യാത്രക്കാരാണ്. ഇന്ത്യയിൽനിന്നാണ് ഏറ്റവും കൂടുതൽ യാത്രക്കാർ. മുൻ വർഷത്തെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തിൽ 127 ശതമാനം വർധനവുണ്ടായതായി വിമാനത്താവളം അധികൃതർ വ്യക്തമാക്കി. ഈ വർഷം പ്രതീക്ഷിക്കുന്നത് 7.8 കോടി യാത്രക്കാരെയാണ്. ഇതോടെ, ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളം എന്ന റെക്കോഡ് ദുബൈക്ക് നിലനിർത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2021ന്റെ അവസാനം മുതൽ യാത്രക്കാരുടെ എണ്ണം ഗണ്യമായി വർധിച്ച് തുടങ്ങിയിരുന്നു. എന്നാൽ, 2021ന്റെ അവസാന പാദത്തെ അപേക്ഷിച്ച് 67 ശതമാനം വർധനവാണ് കഴിഞ്ഞ വർഷത്തെ അവസാന പാദത്തിലുണ്ടായത്. 2019നുശേഷം ഏറ്റവും കൂടുതൽ തിരക്കുണ്ടായത് 2022ന്റെ അവസാന പാദത്തിലാണ്. ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെട്ടത് ഡിസംബറിലാണ്, 71 ലക്ഷം യാത്രക്കാരാണ് ഡിസംബറിൽ എത്തിയത്. ഖത്തർ ലോകകപ്പും ദുബൈയിൽ നടന്ന വിവിധ പരിപാടികളുമാണ് യാത്രക്കാരുടെ എണ്ണം ഇത്രയേറെ വർധിക്കാൻ കാരണം. 2020നുശേഷം ആദ്യമായാണ് ഒരുമാസം യാത്രക്കാരുടെ എണ്ണം 70 ലക്ഷം കടക്കുന്നത്.
കഴിഞ്ഞ വർഷം ദുബൈ വിമാനത്താവളംവഴി സർവിസ് നടത്തിയത് 3.43 ലക്ഷം വിമാനങ്ങളാണ്. മുൻ വർഷത്തെ അപേക്ഷിച്ച് 47 ശതമാനമാണ് വർധിച്ചത്. നാലാം പാദത്തിൽ മാത്രം 96,701 വിമാനങ്ങൾ സർവിസ് നടത്തി. അതേസമയം, കാർഗോ ഇടപാടിൽ വൻ കുറവാണ് രേഖപ്പെടുത്തിയത്. 2021ന്റെ നാലാം പാദത്തെ അപേക്ഷിച്ച് കഴിഞ്ഞ വർഷം 31.7 ശതമാനം കുറവ് രേഖപ്പെടുത്തി. 6.14 ലക്ഷം ടൺ ആയിരുന്നത് 4.20 ലക്ഷം ടണ്ണായി കുറഞ്ഞു.
കാർഗോ ഇടപാടുകളിൽ നല്ലൊരു ശതമാനവും ദുബൈ അൽ മക്തൂം വിമാനത്താവളത്തിലേക്ക് (ഡി.ഡബ്ല്യു.സി) മാറ്റിയതോടെയാണ് ദുബൈ വിമാനത്താവളത്തിൽ കാർഗോ തിരക്ക് കുറഞ്ഞത്. യാത്രക്കാരുടെ സംതൃപ്തിക്കാണ് മുഖ്യ പരിഗണനയെന്നും ഈ വർഷവും റെക്കോഡ് യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നതെന്നും എയർപോർട്ട് സി.ഇ.ഒ പോൾ ഗ്രിഫിത്സ് പറഞ്ഞു. എയർഷോ, കോപ് 28 പോലുള്ള അന്താരാഷ്ട്ര പരിപാടികൾ വരുന്നതോടെ ഈ ലക്ഷ്യം മറികടക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏറ്റവും കൂടുതൽ ഇന്ത്യയിൽനിന്ന്
ദുബൈ: ദുബൈയിലേക്ക് കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ യാത്രക്കാർ എത്തിയത് ഇന്ത്യയിൽനിന്ന്. 98 ലക്ഷം യാത്രക്കാരാണ് ഇന്ത്യയിൽനിന്ന് മാത്രം എത്തിയത്. സൗദി അറേബ്യ (49 ലക്ഷം), യു.കെ (46 ലക്ഷം), പാകിസ്താൻ (37 ലക്ഷം), യു.എസ് (30 ലക്ഷം), റഷ്യ (19 ലക്ഷം), തുർക്കിയ (16 ലക്ഷം) എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാർ. കഴിഞ്ഞ വർഷം ദുബൈയിൽനിന്ന് 99 രാജ്യങ്ങളിലെ 229 കേന്ദ്രങ്ങളിലേക്ക് വിമാനം സർവിസ് നടത്തി.
ദുബൈ സന്ദർശിച്ച വിനോദ സഞ്ചാരികളുടെ എണ്ണത്തിലും മുന്നിൽ ഇന്ത്യയാണ്. 18 ലക്ഷം ഇന്ത്യക്കാരാണ് കഴിഞ്ഞ വർഷം വിനോദ സഞ്ചാരികളായി എത്തിയത്. സൗദി (12 ലക്ഷം), യു.കെ (10 ലക്ഷം), പാകിസ്താൻ (3.5 ലക്ഷം) എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളിൽനിന്നുള്ള സന്ദർശകർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.