ദുബൈ: നിയമവിധേയ ഗർഭഛിദ്രത്തിന്റെ നടപടിക്രമങ്ങളും നിയന്ത്രണവും സംബന്ധിച്ച് മാർഗനിർദേശം പുറത്തുവിട്ട് ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം. ഗർഭിണികളുടെ ജീവന് സംരക്ഷണം നൽകുകയും സുരക്ഷ ഉറപ്പുവരുത്തുകയും ആരോഗ്യ സംവിധാനങ്ങളുടെ മേൽനോട്ടം വർധിപ്പിക്കുകയും ചെയ്യുന്നത് ലക്ഷ്യമിട്ടാണ് നിർദേശങ്ങൾ പുറത്തുവിട്ടത്. ഗർഭഛിദ്രം വ്യക്തമായ മാർഗനിർദേശങ്ങൾക്ക് അടിസ്ഥാനത്തിൽ മാത്രമേ അനുവദിക്കപ്പെടുകയുള്ളൂവെന്ന് മന്ത്രാലയം വ്യക്തമാക്കി. ഗർഭഛിദ്രത്തിനുള്ള അപേക്ഷകൾ പരിഗണിക്കുന്നതിനും പരിശോധിക്കുന്നതിനും ഒരോ ആരോഗ്യ വകുപ്പുകൾക്ക് കീഴിലും കമ്മിറ്റികൾ സ്ഥാപിതമാകും. ഈ കമ്മിറ്റികളിൽ ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി സ്പെഷലിസ്റ്റ്, സൈക്യാട്രി സ്പെഷലിസ്റ്റ്, പബ്ലിക് പ്രോസിക്യൂഷനിൽ നിന്നുള്ള ഒരു പ്രതിനിധി എന്നിങ്ങനെ മൂന്നുപേർ അംഗങ്ങളായിരിക്കണം. ഇവർക്ക് തീരുമാനമെടുക്കുന്നതിന് പുറത്തുനിന്നുള്ള വിദഗ്ധരെ സമീപിക്കുകയും ചെയ്യാം.
എല്ലാ ഗർഭഛിദ്രങ്ങളും ഔദ്യോഗിക സംവിധാനങ്ങളിലെ ലൈസൻസുള്ള ഡോക്ടറുടെ നേതൃത്വത്തിൽ മാത്രമേ ചെയ്യാൻ പാടുള്ളൂ. ഗർഭിണിയുടെ ജീവന് ഭീഷണിയാകുന്ന സാഹചര്യം ഗർഭഛിദ്രത്തിലൂടെ ഉണ്ടാകരുതെന്നും ഗർഭകാലം 120 ദിവസം പിന്നിട്ടവരാകരുതെന്നും നിർദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഗർഭിണിയുടെ ജീവന് ഭീഷണിയുണ്ടാകുന്ന സാഹചര്യമുണ്ടാവുന്ന സാഹചര്യത്തിൽ മാത്രമേ ഗർഭഛിദ്രം അനുവദിക്കൂ എന്നും നിർദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ആരോഗ്യ സ്ഥാപനങ്ങൾ ഗർഭിണിയുടെ അവകാശങ്ങളും ഉത്തരവാദിത്തങ്ങളും വിശദീകരിച്ചു നൽകുകയും നടപടിക്രമത്തിന് മുമ്പും ശേഷവും ആവശ്യമായ ആരോഗ്യ സംരക്ഷണ നിർദേശങ്ങൾ വിശദീകരിച്ച് നൽകുകയും വേണം. ഗർഭഛിദ്രത്തിന് വിധേയയായ സ്ത്രീയെക്കുറിച്ച വിവരങ്ങളുടെ സ്വകാര്യതയും രഹസ്യസ്വഭാവവും നിലനിർത്താൻ ആരോഗ്യ സംരക്ഷണ സൗകര്യങ്ങളും ബാധ്യസ്ഥമാണ്.
കൂടാതെ, ഗർഭഛിദ്രം നടത്താൻ ലൈസൻസുള്ള ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുകയും മേൽനോട്ടം വഹിക്കുകയും അവ പാലിക്കുന്നുണ്ടോയെന്ന് വിലയിരുത്തുകയും ചെയ്യേണ്ടത് ആരോഗ്യ അതോറിറ്റിയുടെ ഉത്തരവാദിത്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.