ദുബൈ: യൂറോപ്യൻ യൂനിവേഴ്സിറ്റികളിൽ ഇന്ത്യൻ വിദ്യാർഥികൾക്കുള്ള സാധ്യതകളെക്കുറിച്ച് പ്രവാസി സംഘടനയായ എക്സ്പ്ലോർ സെമിനാർ സംഘടിപ്പിച്ചു. ഫ്രാൻസ്, ജർമനി, ഇറ്റലി എന്നീ രാജ്യങ്ങളിലെ വിവിധ യൂനിവേഴ്സിറ്റികളിലെ പ്രവേശന നടപടികളെക്കുറിച്ചും സ്കോളർഷിപ്പുകളെക്കുറിച്ചും വിശദീകരിച്ച സെമിനാറിൽ അറുപതിലധികം വിദ്യാർഥികൾ പങ്കെടുത്തു.
കോഴിക്കോട് ജില്ലയിലെ ചേന്ദമംഗലൂരിൽനിന്നുള്ള പ്രവാസികളുടെയും വിവിധ പ്രവാസിസംഘടനകളെയും പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് രൂപവത്കരിച്ച എക്സ്പ്ലോർ എന്ന കൂട്ടായ്മയാണ് ഓൺലൈൻ സെമിനാർ സംഘടിപ്പിച്ചത്.
യൂറോപ്പിലെ വിവിധ യൂനിവേഴ്സിറ്റികളിലെ ഉപരിപഠന സാധ്യതകളെക്കുറിച്ച് നിലവിൽ ഈ യൂനിവേഴ്സിറ്റികളിൽ ഉന്നതപഠനം നടത്തുന്ന ഷാഹിദ് ഇക്ബാൽ (ബ്രോൺഷെഗ് ടെക്നിക്കൽ യൂനിവേഴ്സിറ്റി, ജർമനി), ഷഫീഖ് ഷാജി (ഇ.എസ്.സി ക്ലെർമോണ്ട്, ഫ്രാൻസ്), നഈം അഹ്മദ് (ഇറ്റലി) എന്നിവർ ക്ലാസുകളെടുത്തു. വിദ്യാർഥികൾക്ക് സംശയനിവാരണം നടത്താനുള്ള അവസരവുമുണ്ടായിരുന്നു. മറ്റു രാജ്യങ്ങളിലെ യൂനിവേഴ്സിറ്റികളിൽ പ്രവേശനം നേടുന്നതിനെക്കുറിച്ചും ലഭ്യമായ സ്കോളർഷിപ്പുകളെക്കുറിച്ചുമുള്ള സെഷനുകൾ വരുംമാസങ്ങളിൽ സംഘടിപ്പിക്കുമെന്ന് എക്സ്പ്ലോർ സമിതി ചീഫ് കോഓഡിനേറ്റർ പി.ടി. യൂനുസ് പറഞ്ഞു. ഡോ. ഷംലാൻ, സി.ടി. അജ്മൽ ഹാദി, ടി.ടി. മുഷ്താഖ്, ടി. സാലിഹ്, കബീർ പാലിയിൽ, സി.ടി. ഷംലാൻ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
സൗദി അറേബ്യ, യു.എ.ഇ, ഖത്തർ, കുവൈത്ത്, ബഹ്റൈൻ, ഒമാൻ, ഫ്രാൻസ്, യു.കെ, ഇറ്റലി, ആസ്ട്രേലിയ, കാനഡ, അമേരിക്ക, മലേഷ്യ എന്നിങ്ങനെ വിവിധ രാജ്യങ്ങളിലുള്ള ചേന്ദമംഗലൂർ സ്വദേശികൾ എക്സ്പ്ലോർ കൂട്ടായ്മയുടെ ഭാഗമാണ്. ഇവിടങ്ങളിലെ തൊഴിൽസാധ്യതകളും ഉന്നത പഠനസാധ്യതകളും വരുംതലമുറക്ക് പരിചയപ്പെടുത്താനും തൊഴിലവസരങ്ങൾ പങ്കുവെക്കാനും സൃഷ്ടിക്കാനുമായി നിരവധി പദ്ധതികൾ ഈ കൂട്ടായ്മയുടെ നേതൃത്വത്തിൽ ആവിഷ്കരിക്കപ്പെടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.