അബൂദബി: ലുലു ഗ്രൂപ്പിന്‍റെ പുതിയ സ്റ്റോർ അബൂദബിയിലെ അൽ വത്‌ബയിൽ പ്രവർത്തനമാരംഭിച്ചു. സ്റ്റോറിന്‍റെയും അൽ വത്‌ബ മാളിന്‍റെയും ഉദ്ഘാടനം അബൂദബി മുനിസിപ്പാലിറ്റി അൽ വത്ബ ബ്രാഞ്ച് ഡയറക്ടർ ഹസ്സൻ അലി അൽ ദാഹിരി നിർവഹിച്ചു. അബൂദബി മുനിസിപ്പാലിറ്റി ഡയറക്ടർ സുൽത്താൻ ഹുവേയർ, മുഹമ്മദ് ഇബ്രാഹിം അൽ സബ്ബ, ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസഫലി എന്നിവർ പങ്കെടുത്തു. ആഗോളതലത്തിൽ 230ാമത്തെ ലുലു മാർക്കറ്റാണിത്.
10,000 ചതുരശ്ര അടി വിസ്തീർണമുള്ള സ്റ്റോറിൽ ഗ്രോസറി, ഫ്രഷ് പച്ചക്കറികൾ, ബേക്കറി, പാലുൽപന്നങ്ങൾ, ആരോഗ്യ-സൗന്ദര്യ വർധക വസ്തുക്കൾ തുടങ്ങി നിത്യോപയോഗത്തിനാവശ്യമായ എല്ലാ ഉല്പന്നങ്ങളും മിതമായ വിലയിൽ ലഭിക്കും. അബൂദബി നഗരത്തിന്‍റെ പ്രാന്തപ്രദേശമായ അൽ വത്ബയിൽ അബൂദബി - അൽ ഐൻ റോഡിനു സമീപമാണ് അൽ വത്ബ മാൾ. ലോകോത്തര ഷോപ്പിങ് അനുഭവം കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുക എന്ന നയത്തിന്‍റെ ഭാഗമായാണ് ലുലു എക്സ്പ്രസ് ആരംഭിച്ചതെന്ന് എം.എ. യൂസഫലി പറഞ്ഞു. എല്ലാ സൗകര്യങ്ങളും സഹായങ്ങളും ചെയ്തുതരുന്ന യു.എ.ഇ ഭരണനേതൃത്വത്തിന് നന്ദി പറയുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
തിരഞ്ഞെടുക്കപ്പെട്ട ബ്രാൻഡുകളുടെ റീട്ടെയിൽ സ്റ്റോറുകൾ, ബാങ്ക്, ഫുഡ് കോർട്ട്, ഫിറ്റ്‌നസ് സെന്‍റർ, കോഫി ഷോപ്പുകൾ, കെ.എഫ്.സി, പിസ്സ ഹട്ട്, മുനിസിപ്പാലിറ്റി ഓഫിസ്, മറ്റ് സൗകര്യങ്ങൾ എന്നിവ പുതുതായി ആരംഭിച്ച അൽ വത്ബ മാളിലുണ്ട്. ലുലു ഗ്രൂപ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ സൈഫി രൂപാവാല, എക്സിക്യൂട്ടിവ് ഡയറക്ടർ അഷ്റഫ് അലി, ചീഫ് ഓപറേഷൻസ് ഓഫിസർ വി.ഐ. സലീം, അബൂദബി റീജ്യൻ ഡയറക്ടർ അബൂബക്കർ എന്നിവരും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.