ഷാർജ: മലയാളം ഉൾപ്പെടെ ഇതര ഭാഷകളിൽ നടത്തുന്ന വെള്ളിയാഴ്ചകളിലെ ജുമുഅ ഖുതുബ (പ്രഭാഷണം) ഷാർജയിൽ കൂടുതൽ പള്ളികളിൽ നടപ്പാക്കും. അറബ് ഇതര സമൂഹങ്ങളെയും ചേർത്തുപിടിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ഷാർജ ഇസ്ലാമിക കാര്യ വിഭാഗം അറിയിച്ചു. എമിറേറ്റിലെ 93 പള്ളികളിലാണ് മലയാളത്തിന് പുറമെ തമിഴ്, ഇംഗ്ലീഷ്, ഉർദു, പാഷ്തോ എന്നീ ഭാഷകളിൽകൂടി ജുമുഅ പ്രഭാഷണം നടപ്പാക്കുക.
സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും മതപരമായ അറിവുകൾ പകരാൻ ലക്ഷ്യമിട്ടാണ് സംരംഭം നടപ്പാക്കുന്നത്. ഷാർജ നഗരത്തിൽ 74 പള്ളികളിലും എമിറേറ്റിന്റെ മധ്യമേഖലയിലെ 10 പള്ളികളിലും കിഴക്കൻ മേഖലയിലെ ഒമ്പത് പള്ളികളിലുമായാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്.
മതപരവും ദൈനംദിനവുമായ മതകാര്യങ്ങളെക്കുറിച്ച് വിശ്വാസികളെ ബോധവത്കരിക്കുക, മതപാഠങ്ങൾ ജനങ്ങളെ ഫലപ്രദമായി പഠിപ്പിക്കുക, ജീവിത മൂല്യങ്ങളും പെരുമാറ്റരീതികളും പകർന്നുനൽകുക എന്നിവയെല്ലാമാണ് പദ്ധതി ലക്ഷ്യം. നിലവിൽ എമിറേറ്റിലെ പല പള്ളികളിലും അറബി കൂടാതെ മറ്റു ഭാഷകളിൽ ഖുതുബ നിർവഹിക്കുന്നുണ്ട്. ഇത് കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് പദ്ധതി.
അംഗീകൃത ഭാഷകളിൽ പ്രഭാഷണങ്ങളും അധ്യാപനങ്ങളും നടത്താൻ യോഗ്യരായവരെ ഇതിനായി വകുപ്പ് തിരഞ്ഞെടുക്കും. പ്രാദേശികമായി ജനങ്ങൾ കൂടുതൽ താമസിക്കുന്ന മേഖലകൾക്കനുസരിച്ചായിരിക്കും ഏതൊക്കെ ഭാഷകൾ, ഏതെല്ലാം പള്ളികളിൽ എന്ന് നിശ്ചയിക്കുക. വൈകല്യമുള്ള വ്യക്തികൾക്കായി ഷാർജയിലെ ഇമാം അഹ്മദ് ബിൻ ഹംബൽ മസ്ജിദിൽ വെള്ളിയാഴ്ച പ്രഭാഷണത്തിന്റെ ആംഗ്യഭാഷ വിവർത്തനവും ഈ പദ്ധതിയുടെ ഭാഗമായി നടത്തും.
ഷാർജ സിറ്റി ഫോർ ഹ്യൂമാനിറ്റേറിയൻ സർവിസസുമായി സഹകരിച്ചാണ് പുതിയ സംരംഭം. രാജ്യത്തെ പള്ളികളിൽ ഇത്തരത്തിലുള്ള ആദ്യത്തെ ശ്രമമാണിത്. ഷാർജ എമിറേറ്റിൽ വികലാംഗ സൗഹൃദ പള്ളികൾ വ്യാപിപ്പിക്കാനുള്ള ശ്രമങ്ങളും സജീവമാണെന്ന് ഷാർജ ഇസ്ലാമിക കാര്യ വകുപ്പ് തലവൻ അബ്ദുല്ല ഖലീഫ അൽ സെബൗസി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.