മുഖം കണ്ട് അഭിനേതാവിെൻറ കഴിവ് തിരിച്ചറിയുന്ന സംവിധായകനാണ് ലാൽജോസ്. മലയാള സിനിമയിലേക്ക് പല താരങ്ങൾക്കും വഴിയൊരുക്കിയിട്ടുണ്ട് ലാൽജോസിെൻറ ഈ കഴിവ്. കഥാപാത്രത്തിന് അനുയോജ്യമായ മുഖമാണെങ്കിൽ അധികം ആലോചിക്കാറില്ല, ഒറ്റ കൂടിക്കാഴ്ചയിൽ ഒ.കെ പറയും. സംവൃത സുനിൽ, മീരനന്ദൻ, അനുശ്രീ, ശ്രാവണ എന്നിവരെ മലയാള സിനിമയിലെത്തിച്ച ലാൽജോസ് പുതിയൊരു കുട്ടിതാരത്തെ കൂടി അവതരിപ്പിക്കുകയാണ് പുതിയ ചിത്രമായ 'മ്യാവു'വിൽ. പേര് മാനസ മനോജ്. റാസൽഖൈമയിൽ ചിത്രീകരിച്ച സിനിമയിൽ സൗബിൻ ഷാഹിറിെൻറയും മംത മോഹൻദാസിെൻറയും ഇളയമകൾ 'റൂമി'യായാണ് മാനസ തിരശീലയിലേക്ക്കാലെടുത്ത് വെക്കുന്നത്.
അപ്രതീക്ഷിതം
ടിക് ടോകിൽ 33k ഫോളോവേഴ്സുള്ള താരമാണ് മാനസ. ഷാർജ ഇന്ത്യൻ സ്കൂളിൽ ഏഴാം തരത്തിൽ പഠിക്കുേമ്പാഴാണ് അഛൻ മനോജിെൻറ സുഹൃത്തുക്കൾ വഴി ലാൽജോസിെൻറ സിനിമയെ കുറിച്ച് അറിയുന്നത്. ടിക് ടോകിലെ പ്രകടനവും ഒരു ഷോർട് ഫിലിമിലെ വേഷവും മാത്രമാണ് ആകെയുണ്ടായിരുന്നു അഭിനയ പരിചയം. ഫോട്ടോയും വിഡിയോയും സുഹൃത്ത് വഴി ലാൽ ജോസിന് അയച്ച് കൊടുക്കുേമ്പാഴും വലിയ പ്രതീക്ഷയുണ്ടായിരുന്നില്ല. പക്ഷെ, രണ്ടാഴ്ച കഴിഞ്ഞപ്പോൾ വിളി വന്നു. മാനസയെയാണ് പരിഗണിക്കുന്നതെന്നും ലാൽജോസ് വിളിക്കാൻ സാധ്യതയുണ്ടെന്നും പറഞ്ഞു. സിനിമ ഷൂട്ടിങ് തുടങ്ങുന്നതിന് മുൻപ് ദുബൈയിലെത്തിയ ലാൽജോസ് കാണണമെന്ന് പറഞ്ഞു. ഇഖ്ബാൽ കുറ്റിപ്പുറവും ഒപ്പമുണ്ടായിരുന്നു. അഭിനയിച്ച് കാണിക്കേണ്ടി വരുമെന്ന് പ്രതീക്ഷിച്ചാണ് പോയതെങ്കിലും അതികമൊന്നും വേണ്ടി വന്നില്ല. കഥാപാത്രവുമായി യോജിക്കുന്നുണ്ടോ എന്നറിയാൻ തട്ടമിട്ട് കൊടുത്തു. പിന്നെയെല്ലാം സ്വപ്നസാക്ഷാത്കാരമായിരുന്നു.
ആദ്യ ഷോട്ട്
വാഹനത്തിലായിരുന്നു ആദ്യ ഷോട്ട്. സിനിമ അഭിനയത്തെ കുറിച്ച് വലിയ ധാരണയില്ലാത്തതിനാൽ ടെൻഷനുണ്ടായിരുന്നെന്ന് മാനസ പറയുന്നു. മൂന്ന് നാല് തവണ എടുത്തപ്പോഴാണ് ആദ്യ ഷോട്ട് റെഡിയായത്. ധൈര്യം പറഞ്ഞ് സൗബിക്കയും (സൗബിൻ ഷാഹിർ) യൂസുഫിക്കയും (ഹരീശ്രീ യൂസുഫ്) ഒപ്പമുണ്ടായിരുന്നു. ടെൻഷൻ വേണ്ടെന്നും ധൈര്യമായി ഡയലോഗ് പറയാനും അദ്ദേഹം പറഞ്ഞു. അതോടെ ടെൻഷൻ കുറഞ്ഞു. പിന്നീട് ഒരു സീനിൽ പോലും വലിയ ടെൻഷൻ അടിക്കേണ്ടി വന്നിട്ടില്ല. സെറ്റിൽ എല്ലാവരും നല്ല ജോളിയായിരുന്നു. എബ്രിഡ് ഷൈെൻറ മകൻ ഭഗത്തും (1987 ഫെയിം) ഫോറൻസികിലെ തമന്നയുമാണ് സിനിമയിൽ എെൻറ സഹോദരങ്ങൾ. ലാൽജോസ് സാർ വളരെ കൂളാണ്. പ്രത്യേകിച്ച് ഞങ്ങൾ കുട്ടികളോട്. മറ്റുള്ളവരോട് ദേഷ്യപ്പെട്ടാലും കുട്ടികളോട് ഇതുവരെ ചൂടായികണ്ടിട്ടില്ല. ഒന്നര മാസത്തോളം റാസൽഖൈമയിലെ സെറ്റായിരുന്നു ജീവിതം. അതിന് സമീപത്തെ ഹോട്ടലിലായിരുന്നു അഛനും അമ്മക്കും ചേച്ചിക്കുമൊപ്പം താമസം. അഛെൻറ ബെർത്ത്ഡേ സെറ്റിൽ കേക്ക് മുറിച്ചാണ് ആഘോഷിച്ചത്.
അച്ഛെൻറയും ചേച്ചിയുടെയും വഴിയേ
ദുബൈയിൽ ബിസിനസ് നടത്തുന്ന കണ്ണൂർ ആലക്കോട് സ്വദേശിയായ അച്ഛൻ മനോജ് രാമപുരത്ത് പത്തോളം ഷോർട് ഫിലിമുകളിലും ആൽബത്തിലും അഭിനയിച്ചിട്ടുണ്ട്. ജ്വാല കലാ സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ എല്ലാ വർഷവും നാടകവും അവതരിപ്പിക്കാറുണ്ട്. 'കനവിൽ ഒരു കാവൽ' എന്ന ഷോർട് ഫിലിമിന് അവാർഡ് ലഭിച്ചിരുന്നു. ചേച്ചി മാളവിക ടി.വി അവതാരകയും ഗായികയുമാണ്. ഷാർജ ഇന്ത്യൻ സ്കൂളിലായിരുന്നു ഇരുവരുടെയും പഠനം. എന്നാൽ, ഈ വർഷം നാട്ടിലേക്ക് മാറി. മാളവിക കണ്ണൂർ ചിൻമയയിൽ പ്ലസ് വണിന് ചേർന്നപ്പോൾ മാനസ ആലക്കോട് സെൻറ് മേരീസിൽ എട്ടാം ക്ലാസിലാണ്. ഓൺലൈൻ പഠനമായതിനാൽ രണ്ട് പേരും യു.എ.ഇയിലുണ്ട്. പ്രൈമസ് പ്രൈവറ്റ് സ്കൂളിലെ മലയാളം അധ്യാപികയായിരുന്ന അമ്മ മഞ്ജുഷക്കൊപ്പം നാട്ടിലേക്ക് തിരിക്കാനൊരുങ്ങുകയാണ് ഇരുവരും.
മ്യാവൂ
പൂച്ച പ്രധാന കഥാപാത്രമായി വരുന്ന ചിത്രമാണ് മ്യാവു. ഇഖ്ബാൽ കുറ്റിപ്പുറത്തിെൻറ തിരക്കഥയിൽ ലാൽജോസ് സംവിധാനം ചെയ്യുന്ന ചിത്രം നിർമിച്ചിരിക്കുന്നത് പ്രവാസി വ്യവസായി തോമസ് തിരുവല്ലയാണ്. പെരുന്നാളിന് പുറത്തിറക്കാമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ, കേരളത്തിൽ വീണ്ടും തീയറ്ററുകൾ അടച്ചതോടെ റിലീസിങ് മാറ്റിവെക്കുകയായിരുന്നു. തീയറ്ററിൽ തന്നെ ഇറക്കിയാൽ മതി എന്നാണ് 'മ്യാവു' ടീമിെൻറ തീരുമാനം. അറബിക്കഥ, ഡയമണ്ട് നെേക്ലസ് എന്നീ സിനിമകൾക്ക് ശേഷം യു.എ.ഇ കേന്ദ്രീകരിച്ച് ലാൽജോസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.