ദുബൈ: ദുബൈയിൽ ശനി, ഞായർ ദിവസങ്ങളിലായി മീഡിയവൺ സംഘടിപ്പിക്കുന്ന സൂപ്പർ കപ്പ് മത്സരത്തിന് ടീമുകൾ ഒരുങ്ങി. യു.എ.ഇയിലെ എട്ടു ടീമുകളാണ് മാറ്റുരക്കുക. കേരളത്തിലെ എട്ടു ജില്ലകളെ പ്രതിനിധാനം ചെയ്യുന്ന ടീമുകൾ തമ്മിലെ മത്സരം വീക്ഷിക്കാൻ ആയിരങ്ങളെത്തും.
കണ്ണൂർ വാരിയേഴ്സ്, കോഴിക്കോട് കിങ്സ്, മലപ്പുറം ഹീറോസ്, തിരുവനന്തപുരം ടൈറ്റാൻസ്, തൃശൂർ ടസ്കേഴ്സ്, പാലക്കാട് പാന്തേഴ്സ്, കാസർകോട് റൈഡേഴ്സ്, എറണാകുളം ചലഞ്ചേഴ്സ് എന്നീ ടീമുകളാണ് സൂപ്പർ കപ്പിൽ മാറ്റുരക്കുക.
ദുബൈ ഖിസൈസിൽ ലുലുവിനോടു ചേർന്ന ഡിറ്റർമിനേഷൻ ക്ലബ് സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ അരങ്ങേറുക. വൈകീട്ട് അഞ്ചിന് തുടങ്ങി രാത്രി 10ന് അവസാനിക്കും. ജേതാക്കൾക്ക് കാഷ് പ്രൈസും ട്രോഫിയും സമ്മാനമായി കൈമാറും. പ്രവേശനം സൗജന്യമായിരിക്കും.
ആസ്പാസ്ക് പൂനൂർ സാരഥി അൻവർ കാന്തപുരം, കെഫ പ്രസിഡൻറ് ജാഫർ, ആസ്പാസ്ക് പൂനൂർ മിഡിലീസ്റ്റ് കോഓഡിനേറ്റർ സാദിഖ് പൂനൂർ, കെഫ ഫിനാൻസ് കം ഇവൻറ് കോഓഡിനേറ്റർ ആദം അലി, കെഫ പ്രതിനിധികളായ ശരീഫ് അൽ ബർഷ, അക്ബർ, ഷുഹൈബ് എന്നിവരുടെ നേതൃത്വത്തിൽ മത്സരത്തിന് മുന്നൊരുക്കങ്ങൾ ഊർജിതമായി പുരോഗമിക്കുകയാണ്. സൂപ്പർ കപ്പിലെ ടീമുകളെ ഇന്നു മുതൽ പരിചയപ്പെടാം.
ഫുട്ബാളിന്റെ മണ്ണായ മലപ്പുറത്തെ പ്രതിനിധാനം ചെയ്താണ് 'മലപ്പുറം ഹീറോസ്' എന്ന പേരിൽ അൽ സബ എഫ്.സി, അജ്മാൻ ബൂട്ടണിയുന്നത്. നൗഫലാണ് നായകൻ. കേരള യുനൈറ്റഡ് എഫ്.സി താരങ്ങളായ നൗഫലും നിതിനുമാണ് ശ്രദ്ധിക്കേണ്ട താരങ്ങൾ. ഷരീഫ് പുന്നക്കാടനാണ് മാനേജർ.
ഷായ് അൽ ഹിറയുടെ ടീമാണ് തൃശൂരിനായി കളത്തിലിറങ്ങുന്നത്. മുജ്ത്തബയാണ് നായകൻ. ബാംഗ്ലൂർ ജവഹർ യൂനിയൻ എഫ്.സി താരം അഷ്കർ, കേരള പ്രീമിയർ ലീഗ് താരങ്ങളായ അഫ്സൽ, അൻസിൽ എന്നിവരാണ് ശ്രദ്ധിക്കേണ്ട താരങ്ങൾ. അബ്ദുല്ലയാണ് ടീം മാനേജർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.