ദുബൈ: നിഷ്കളങ്കമായ മനസ്സുമായി വ്രതം അനുഷ്ഠിച്ച വിശ്വാസികള്‍ക്ക് ലഭിച്ച നന്ദിയുടെ ആഘോഷമാണ് ഈദുല്ഫിത്ര് എന്നും കരുണയും സഹാനുഭൂതിയുമാണ് ഈ ആഘോഷത്തിന്റെ അടിസ്ഥാനമെന്നും അല്‍മനാര്‍ ഇസ്ലാമിക് സെന്റര്‍ ഡയറക്ടറും പണ്ഡിതനുമായ മൗലവി അബ്ദുസ്സലാം മോങ്ങം പ്രസ്താവിച്ചു.
ദുബൈ മതകാര്യ വകുപ്പിന്റെ സഹകരണത്തോടെ അല്‍ഖൂസ് അല്‍മനാര്‍ സെന്റര്‍ ഗ്രൗണ്ടില്‍ നടന്ന ഈദ് നമസ്കാര ശേഷം വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. മത, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രശസ്തരായ നിരവധി വ്യക്തിത്വങ്ങളും വിവിധ ഭാഗങ്ങളില്‍നിന്ന് സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങള്‍ ഈദ്ഗാഹില്‍ പങ്കെടുക്കാൻ ഇവിടെ എത്തിയിരുന്നു.
ദുബൈയില്‍ മലയാളികള്‍ക്കായി ലഭിച്ച രണ്ടാമത്തെ ഈദ്ഗാഹ് നടന്ന ഖിസൈസിലെ ടാർഗറ്റ് ഫുട്ബാള്‍ ഗ്രൗണ്ടില്‍ പണ്ഡിതനും ഖിസൈസ് ഇന്ത്യന്‍ ഇസ് ലാഹി സെന്റര്‍ പ്രസിഡന്റും ഷാര്‍ജ അല്‍ഗുവൈര്‍ മസ്ജിദ് ഖത്തീബുമായ മൗലവി ഹുസൈന് കക്കാട് നമസ്കാരത്തിന് നേതൃത്വം നൽകി. 30 ദിനരാത്രങ്ങളിലൂടെ നേടിയെടുത്ത സൂക്ഷ്മതയും നിയന്ത്രണവും നന്മയുടെ ശീലങ്ങളും ജീവിതത്തില്‍ നിലനിര്‍ത്താന്‍ കഴിയണമെന്നും ഉദയാസ്തമയങ്ങൾ ശ്രദ്ധിക്കുകയും ഘടികാരസൂചിയുടെ ചലനം പോലും നിരീക്ഷിക്കുകയും ചെയ്ത വിശ്വാസിക്ക് സമയത്തിന്റെയും ആയുസ്സിന്റെയും മൂല്യം നഷ്ടപ്പെട്ടുപോവരുതെന്നും അദ്ദേഹം പ്രഭാഷണത്തിൽ ഉണര്‍ത്തി.
മത-സാമൂഹ്യ-സാംസ്കാരിക രംഗത്തെ വിശിഷ്ട വ്യക്തിത്വങ്ങളും വിവിധ ഭാഗങ്ങളില്‍നിന്ന് സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങള്‍ വിശാലമായ ഗ്രൗണ്ടില്‍ പ്രത്യേകം സംവിധാനിച്ച ഈദ്ഗാഹില്‍ പങ്കെടുക്കുകയും പരസ്പരം സ്നേഹാശംസകള്‍ കൈമാറുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.