ദുബൈ: ദുബൈ മെട്രോയുടെ 11ാം വാർഷികത്തോടനുബന്ധിച്ച് പുതിയ എക്സ്പോ മെട്രോ സ്റ്റേഷനിൽ ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം എത്തി. ഇവിടെ നടന്ന യോഗത്തിലും ഹംദാൻ പങ്കെടുത്തു.
യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ ദീർഘ വീക്ഷണമില്ലായിരുന്നെങ്കിൽ ഇത്തരം പദ്ധതികൾ പൂർത്തിയാക്കാൻ കഴിയില്ലായിരുന്നെന്നും റോഡുകളും അടിസ്ഥാന സൗകര്യങ്ങളുമാണ് നഗരത്തിെൻറ പുരോഗതി പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിലെ ഏറ്റവും ഊർജസ്വലവും ചലനാത്മകവുമായ നഗരമായി ദുബൈയെ മാറ്റാൻ കഴിഞ്ഞതിൽ നമുക്ക് അഭിമാനിക്കാം. ക്രിയാത്മകമായ ചിന്തകളാണ് നമ്മുടെ വിജയത്തിെൻറ ഫോർമുലയെന്നും അദ്ദേഹം പറഞ്ഞു.
2009 സെപ്റ്റംബർ ഒമ്പതിനാണ് ദുബൈ മെട്രോ ഓട്ടം തുടങ്ങിയത്. എക്സ്പോ വേദിയിലേക്കുള്ള പുതിയ സ്റ്റേഷൻ അടുത്തിടെയാണ് ഉദ്ഘാടനം ചെയ്തത്. ഇത് യാത്രക്കാർക്കായി തുറന്നുകൊടുത്തിട്ടില്ല.കോവിഡ് കാലത്ത് ലോക്ഡൗൺ വന്നതോടെ ആദ്യമായി മെട്രോയുടെ ഓട്ടം നിർത്തിവെക്കേണ്ടി വന്ന ചരിത്രവർഷം കൂടിയാണ് കടന്നുപോകുന്നത്. യാത്രക്കാരുടെ എണ്ണം കുറവാണെങ്കിലും സർവിസുകൾ പഴയപടി തുടരുന്നു.
ജബൽ അലിക്കും റാഷിദിയക്കും ഇടയിലായി 29 സ്റ്റേഷനുകളുള്ള റെഡ് ലൈനിലാണ് മെട്രോ ഓടിത്തുടങ്ങിയത്. അന്ന് 52 കിലോമീറ്ററായിരുന്നു ദൈർഘ്യം.പിന്നീട് 23 കിലോമീറ്റർ ദൈർഘ്യമുള്ള ഗ്രീൻലൈനിലേക്ക് മെട്രോ വ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.