അബൂദബി: മൂന്ന് ഇന്ത്യൻ നഗരങ്ങളിലേക്കുകൂടി അബൂദബിയിൽനിന്ന് നേരിട്ട് വിമാന സർവിസുകൾ തുടങ്ങുന്നു. മംഗളൂരു, തിരുച്ചിറപ്പിള്ളി, കോയമ്പത്തൂർ നഗരങ്ങളിലേക്കാണ് അബൂദബിയിൽനിന്ന് സർവിസുകൾ നടത്തുകയെന്ന് അബൂദബി വിമാനത്താവള അധികൃതർ അറിയിച്ചു.
ഇൻഡിഗോ ആണ് സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് പുതുതായി സർവിസുകൾ തുടങ്ങുന്നത്. നിലവിൽ 13 ഇന്ത്യൻ നഗരങ്ങളിലേക്ക് ഇൻഡിഗോ സർവിസുകൾ നടത്തുന്നുണ്ട്.
കൂടുതൽ വിമാനങ്ങൾ കൂട്ടിച്ചേർക്കുക എന്നതിലുപരി കുടുംബങ്ങളുമായും കൂട്ടുകാരുമായുള്ള ബന്ധങ്ങൾ കൂടുതൽ എളുപ്പമാക്കുകയും വ്യാപാരങ്ങൾ തുടങ്ങുന്നതിന് പാതയൊരുക്കുകയും ഇൻഡിഗോയുമായി വിജയകരമായ ബന്ധം കെട്ടിപ്പടുക്കുകയുമാണ് ചെയ്യുന്നതെന്ന് വ്യോമയാന വികസന വിഭാഗം വൈസ് പ്രസിഡന്റ് നതാലി ജോങ്മ പറഞ്ഞു.
എന്നാൽ, എന്നുമുതലാണ് സർവിസ് ആരംഭിക്കുകയെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല. സെപ്റ്റംബർ മുതൽ സർവിസ് തുടങ്ങുമെന്നാണ് അനൗദ്യോഗിക വിവരം.
ഈ വർഷം ആദ്യ ആറുമാസത്തിനുള്ളിൽ അബൂദബി വിമാനത്താവളങ്ങളിൽ യാത്രികരുടെ എണ്ണത്തിൽ 33.5 ശതമാനം വർധന നേടിയെന്ന പ്രഖ്യാപനം പുറത്തുവന്നതിനു പിന്നാലെയാണ് കൂടുതൽ യാത്രികരുള്ള ഇന്ത്യയിലെ മൂന്നു നഗരങ്ങളിലേക്കുകൂടി നേരിട്ട് സർവിസ് ആരംഭിക്കുന്ന പ്രഖ്യാപനവും നടത്തിയിരിക്കുന്നത്. ആഗോള സ്വീകാര്യത വർധിപ്പിക്കുന്നതിന് തങ്ങൾക്ക് ലഭിച്ച മികച്ച പങ്കാളിയാണ് സായിദ് അന്താരാഷ്ട്ര വിമാനത്താവളമെന്ന് ഇൻഡിഗോയുടെ പ്രതിനിധി സഞ്ജീവ് രാംദാസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.