ദുബൈ: ആരോഗ്യസുരക്ഷ രംഗത്ത് കൂടുതൽ നിയന്ത്രണങ്ങൾ തേടുന്ന വിവിധ ഫെഡറൽ നിയമങ്ങൾക്കും ഭേദഗതികൾക്കും യു.എ.ഇ സർക്കാർ അംഗീകാരം നൽകി. മെഡിക്കൽ പ്രഫഷനലുകൾ, സ്വകാര്യ ക്ലിനിക്കുകൾ, വെറ്ററിനറി മേഖലകൾ എന്നിവ ഉൾപ്പെടെ ആരോഗ്യസുരക്ഷാരംഗത്ത് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെയും വ്യക്തികളേയും നിയന്ത്രിക്കുന്നതിനുള്ള നിയമത്തിനാണ് തിങ്കളാഴ്ച യു.എ.ഇ സർക്കാർ അംഗീകാരം നൽകിയത്. മതിയായ നിലവാരമോ ലൈസൻസോ ഇല്ലാതെ പ്രവർത്തിക്കുന്ന മെഡിക്കൽ പ്രഫഷനലുകൾക്ക് പരിഷ്കരിച്ച നിയമപ്രകാരം പിഴശിക്ഷ ഉയർത്തിയിട്ടുണ്ട്. കൂടാതെ, അച്ചടക്ക നടപടികൾ പതിവായി അവലോകനം ചെയ്യുകയും നിയമലംഘനങ്ങളുടെ സ്വഭാവം അനുസരിച്ച് പിഴനടപടികൾ ക്രമീകരിക്കുകയും ചെയ്യും. മെഡിക്കൽ രംഗത്ത് പ്രവർത്തിക്കുന്നവർ പാലിക്കേണ്ട ധാർമികതയും ഉത്തരവാദിത്തവും ഉയർത്തുകയാണ് നിയമത്തിന്റെ ലക്ഷ്യം. ലൈസൻസുള്ള വ്യക്തികളെയും സ്ഥാപനങ്ങളേയും ഉൾപ്പെടുത്തിയ ദേശീയ മെഡിക്കൽ രജിസ്ട്രി സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്. മെഡിക്കൽ രംഗത്തെ സ്ഥാപനങ്ങൾ, വ്യക്തികൾ പാലിക്കേണ്ട മാർഗനിർദേശങ്ങളും നിയമത്തിൽ കൃത്യമായി പ്രതിപാദിക്കുന്നുണ്ട്.
ലഘുലേഖകൾ, ബോർഡുകൾ, അല്ലെങ്കിൽ മറ്റേതെങ്കിലും മാധ്യമങ്ങൾ എന്നിവയുടെ ഉപയോഗത്തിലൂടെ ലൈസൻസുള്ളതായി വ്യാജമായി പ്രചരിപ്പിച്ച് പൊതുജനങ്ങളെ വഞ്ചിച്ചാൽ 50,000 ദിർഹം മുതൽ ഒരു ലക്ഷം ദിർഹം വരെ പിഴയും തടവും ഉൾപ്പെടെയുള്ള കടുത്ത ശിക്ഷകൾ ലഭിക്കും. ഗുരുതരമായ നിയമ ലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ലൈസൻസുകൾ പിൻവലിക്കും. ഇത്തരം പ്രഫഷനലുകളുടെ പേരുകൾ ദേശീയ പ്രഫഷനൽ രജിസ്ട്രിയിൽനിന്ന് ഒഴിവാക്കും. നിയമലംഘനം നടന്ന സ്ഥാപനം പൂട്ടുന്നതിനായി കേസ് കോടതിക്ക് കൈമാറുകയും ചെയ്യും. ഔദ്യോഗികമായി ലൈസൻസ് ലഭിക്കുന്നതിന് മുമ്പ് ബോർഡുകൾ, ലഘുലേഖകൾ എന്നിവ വഴി ലൈസൻസുണ്ടെന്ന് പ്രചരിപ്പിക്കുകയോ പ്രാക്ടീസ് നടത്തുകയോ ചെയ്താൽ അത്തരം വ്യക്തികൾക്ക് 10,000 മുതൽ ഒരു ലക്ഷം ദിർഹം വരെ പിഴ ഈടാക്കും. സ്ഥാപനങ്ങളാണ് നിയമം ലംഘിക്കുന്നതെങ്കിൽ ചുമതലപ്പെട്ട ഡയറക്ടർ, വ്യക്തികൾ എന്നിവർക്കായിരിക്കും ഉത്തരവാദിത്തം. അതോടൊപ്പം രാജ്യത്ത് മെഡിക്കൽ സ്ഥാപനങ്ങൾ തുടങ്ങുന്നതിനുള്ള ലൈസൻസുകൾ ലഭിക്കുന്നതിനുള്ള വിശദമായ മാർഗനിർദേശങ്ങളും നിയമത്തിൽ പ്രതിപാദിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.