ദുബൈ: എമിറേറ്റിലെ സ്വകാര്യ സ്കൂളുകളിൽ പകുതിയിലേറെ കുട്ടികളും നേരിട്ട് ക്ലാസിലെത്തിത്തുടങ്ങിയതായി വിദ്യാഭ്യാസ, മാനവ വിഭവശേഷി വികസന വകുപ്പ്. കഴിഞ്ഞ സെപ്റ്റംബറിൽ സ്കൂളുകൾ തുറന്ന ശേഷം ആദ്യമായാണ് ഇത്രയും കുട്ടികൾ നേരിട്ട് ക്ലാസുകളിൽ എത്തുന്നതെന്ന് വകുപ്പ് ഡയറക്ടർ ഡോ. അബ്ദുല്ല അൽ കറാം വെളിപ്പെടുത്തി. മാതാപിതാക്കൾക്ക് എപ്പോഴും കുട്ടികൾക്ക് വേണ്ടി ഓൺലൈൻ വിദൂര ക്ലാസുകളോ മുഖാമുഖ പഠനമോ തെരഞ്ഞെടുക്കാം.
മാതാപിതാക്കൾ സ്കൂളുകളിൽ വിശ്വാസം പ്രകടിപ്പിക്കുന്നതും സ്ഥാപനങ്ങൾ സർക്കാറിെൻറ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി നടപ്പാക്കുന്നതും വളരെ സന്തോഷകരമാണ് -അദ്ദേഹം പറഞ്ഞു. സ്വകാര്യ സ്കൂളുകളിലെ യോഗ്യരായ ജീവനക്കാരിൽ 97 ശതമാനവും ഒരു ഡോസ് കോവിഡ് വാക്സിനെങ്കിലും സ്വീകരിച്ചുകഴിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി.
സ്കൂളുകളിൽ പ്രവേശനം നേടുന്ന വിദ്യാർഥികളുടെ എണ്ണത്തിൽ 3.9 ശതമാനം വർധനയുണ്ട്. സെപ്റ്റംബറിന് ശേഷം പതിനായിരത്തിലേറെ കുട്ടികൾ പുതുതായി അഡ്മിഷനെടുത്തു.
ഏറ്റവും പുതിയ കണക്കനുസരിച്ച് എമിറേറ്റിലെ 169 നഴ്സറികളിലാണ് ഇത്രയും കുട്ടികൾ ചേർന്നത്. കുട്ടികളുടെ എണ്ണം വർധിച്ചതോടെ എട്ട് പുതിയ നഴ്സറികൾ ആരംഭിച്ചു -ഡോ. അൽ കറാം പറഞ്ഞു.
കോവിഡ് ആരംഭിച്ചതു മുതൽ വിദ്യാർഥികളുടെ പഠനം ഓൺലൈൻ വഴിയാക്കിയിരുന്നു. പിന്നീട് നേരിട്ടും ഓൺലൈനിലും ഹാജരാകാവുന്ന സൗകര്യം ഏർപ്പെടുത്തി. നിലവിൽ കോവിഡ് വ്യാപനം കുറയുകയും അധ്യാപകരുടെ പ്രതിരോധ കുത്തിവെപ്പ് ഒന്നാം ഡോസ് ഏറക്കുറെ പൂർത്തിയാവുകയും ചെയ്തതോടെയാണ് കുട്ടികളെ സ്കൂളിലയക്കാൻ രക്ഷിതാക്കൾ തയാറാകുന്നത്. കുട്ടികളുടെ കുത്തിവെപ്പിന് ഒരുക്കവും യു.എ.ഇയിൽ ആരംഭിച്ചു. ആദ്യഘട്ടമെന്ന നിലയിൽ 900 കുട്ടികൾക്ക് കുത്തിവെപ്പ് നൽകിവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.