റാസല്‍ഖൈമ: 'മയക്കുമരുന്ന്: വേദനാജനകമായ അന്ത്യം' എന്ന ശീര്‍ഷകത്തില്‍ വിപുലമായ പ്രചാരണവുമായി റാക് പൊലീസ് മയക്കുമരുന്ന് വിരുദ്ധ വകുപ്പ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ജനവാസ കേന്ദ്രങ്ങള്‍, ഷോപ്പിങ് മാളുകള്‍ തുടങ്ങിയവക്കൊപ്പം സിനിമ തിയറ്ററുകളിലും ലഹരി വിരുദ്ധ സന്ദേശങ്ങള്‍ സംപ്രേക്ഷണം ചെയ്തുവരുന്നതായി അധികൃതര്‍ പറഞ്ഞു. മയക്കുമരുന്ന് ഉപയോഗത്തിന്റെയും ആസക്തിയുടെയും ദൂഷ്യങ്ങളും അപകടങ്ങളും ജനങ്ങളിലെത്തിക്കുകയാണ് പ്രചാരണ ലക്ഷ്യമെന്ന് റാക് പൊലീസ് ആന്റി നാർകോട്ടിക് ടെക്നിക്കല്‍ സപ്പോര്‍ട്ട് വകുപ്പ് മേധാവി ലഫ്റ്റനന്റ് കേണല്‍ മതാര്‍ അലി അല്‍ മതാര്‍ പറഞ്ഞു.
സമൂഹത്തില്‍ എല്ലാ വിഭാഗങ്ങളെയും ആകര്‍ഷിക്കുന്ന രീതിയിലാണ് മയക്കുമരുന്ന് മാഫിയകളുടെ പ്രവര്‍ത്തനം. ഇതിനെക്കുറിച്ച് രക്ഷിതാക്കളും കുടുംബാംഗങ്ങളും ബോധവാന്മാരാകണം. ഒരാള്‍ മയക്കുമരുന്നിനടിമപ്പെടുന്നതോടെ അതിന്റെ ദൂഷ്യം അനുഭവിക്കേണ്ടി വരുക വ്യക്തി മാത്രമല്ല. കുടുംബവും സമൂഹവും ഭാവി തലമുറകളിലേക്ക് കൂടി അതിന്റെ ദുരന്ത ഫലം ചെന്നെത്തും. കുട്ടികളുടെയും യുവതീ-യുവാക്കളുടെയും സൗഹൃദ വലയങ്ങളെക്കുറിച്ചും അവരുടെ യാത്ര സ്ഥലങ്ങളെക്കുറിച്ചുമുള്ള അറിവ് രക്ഷിതാക്കള്‍ക്കുണ്ടാകണം. രാജ്യത്തിന്റെ സുരക്ഷയെക്കൂടി ബാധിക്കുന്ന വിഷയമാണ് മയക്കുമരുന്ന് ഉപയോഗമെന്നും അധികൃതര്‍ വ്യക്തമാക്കി.
പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ സഹകരണത്തോടെയാണ് മയക്കുമരുന്ന് വിരുദ്ധ പ്രചാരണം റാസല്‍ഖൈമയില്‍ നടക്കുന്നത്. വിവിധ ഭാഷകളില്‍ ഇറക്കിയിരിക്കുന്ന ബോധവത്കരണ ലഘുലേഖകളും അറബി, ഇംഗ്ലീഷ്, ചൈനീസ് ഭാഷകളില്‍ സിനിമ കേന്ദ്രങ്ങളിലും പ്രചാരണം നടക്കുമെന്ന് ആഫ്റ്റര്‍ കെയര്‍ ബ്രാഞ്ച് ഡയറക്ടര്‍ ഫസ്റ്റ് ലഫ്റ്റനന്റ് അലി അബ്ദുല്ല ഗബ്രൂണ് പറഞ്ഞു. മാധ്യമങ്ങള്‍, സേവന കേന്ദ്രങ്ങളിലെ സ്ക്രീനുകള്‍, തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലൂടെ മയക്കുമരുന്ന് ഉപയോഗത്തിന്റെ അപകടങ്ങളെക്കുറിച്ച പ്രചാരണ പരിപാടികള്‍ തുടരുമെന്നും അലി അബ്ദുല്ല തുടര്‍ന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.