അബൂദബി: അബൂദബി നഗര, ഗതാഗത വകുപ്പിന് കീഴിലുള്ള അബൂദബിയിലെ സംയോജിത ഗതാഗത കേന്ദ്രം ഇനി പുതിയ പേരിൽ അറിയപ്പെടും. അബൂദബി മൊബിലിറ്റി എന്ന പേരിലായിരിക്കും ഇത് അറിയപ്പെടുക.
അബൂദബിയിലെ മുഴുവൻ ഗതാഗത സംവിധാനങ്ങളെയും ഉൾകൊള്ളുന്ന വിധമാണ് പുതിയ ബ്രാൻഡ് ഐഡന്റിറ്റി രൂപകൽപന ചെയ്തിരിക്കുന്നത്.
അബൂദബിയിലെ റോഡ് ഗതാഗതം, വ്യോമഗതാഗതം, ജലഗതാഗതം, ഡ്രൈവിങ് ലൈസൻസ്, വാഹന രജിസ്ട്രേഷൻ ഭാവി ഗതാഗത സംവിധാനങ്ങൾ എന്നിവയെല്ലാം അബൂദബി മൊബിലിറ്റിക്ക് കീഴിലായിരിക്കും.
ഇക്കാര്യം സൂചിപ്പിക്കുന്ന വിധമാണ് അബൂദബി മൊബിലിറ്റിയുടെ പുതിയ ബ്രാൻഡ് ഐഡന്റിറ്റി രൂപകൽപന ചെയ്തിരിക്കുന്നത്. അബൂദബി നഗരസഭ, ഗതാഗത വകുപ്പിനോട് ചേർന്ന് പ്രവർത്തിച്ചിരുന്ന സംയോജിത ഗതാഗത കേന്ദ്രമാണ് അബൂദബി മൊബിലിറ്റിയായി മാറിയിരിക്കുന്നത്. സുരക്ഷിതവും സുസ്ഥിരവും സ്മാർട്ടുമായ ഗതാഗത സൗകര്യങ്ങൾ ഒരുക്കുന്ന ലോകത്തിലെ മുൻനിര നഗരമെന്ന പട്ടികയിൽ സ്ഥാനമുറപ്പിക്കാനുള്ള അബൂദബിയുടെ നടപടികളുടെ ഭാഗമായാണ് ഈ മാറ്റം.
വാഹനത്തിന്റെ ചക്രത്തിന്റെ മാതൃകയിലാണ് എഡി മൊബിലിറ്റിയുടെ നീലനിറത്തിലുള്ള പുതിയ ലോഗോ രൂപകൽപന ചെയ്തിരിക്കുന്നത്.
വ്യത്യസ്ത രൂപത്തിലുള്ള ഗതാഗത സംവിധാനങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്നതിനെ പ്രതിനിധാനം ചെയ്യുന്നതാണ് പുതിയ ലോഗോ എന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.