ദുബൈ: നഗരത്തിലെ രണ്ട് പുതിയ ടോൾഗേറ്റുകളുടെ മൂല്യമായ 273 കോടി ദിർഹം സാലിക് കമ്പനി റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ)ക്ക് നൽകും. ബിസിനസ് ബേ, അൽ സഫ സൗത്ത് എന്നിവിടങ്ങളിൽ സ്ഥാപിക്കുന്ന ടോൾ ഗേറ്റുകൾ നവംബർ അവസാനം പ്രവർത്തനമാരംഭിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ഇതോടെ, നഗരത്തിലെ സാലിക് ഗേറ്റുകളുടെ എണ്ണം 10ആയി വർധിക്കും.
രണ്ട് ഗേറ്റുകൾ കൂടി വരുന്നതോടെ കമ്പനിയുടെ വരുമാനം അടുത്ത വർഷങ്ങളിൽ ഗണ്യമായി വർധിക്കാനും സഹായിക്കും. പുതിയ രണ്ട് ലൊക്കേഷനുകളിലും ഇതിനകം തന്നെ എല്ലാ ദിവസങ്ങളിലും ഉയർന്ന ട്രാഫിക് സാന്ദ്രതയുണ്ട്.ബിസിനസ് ബേയിലെ ടോൾ ഗേറ്റിന് 226കോടി ദിർഹമും അൽ സഫ സൗത്തിലെ ഗേറ്റിന് 46.9കോടി ദിർഹമുമാണ് മൂല്യം കണക്കാക്കിയിരിക്കുന്നത്. അൽ സഫ സൗത്ത് ഗേറ്റും നിലവിലുള്ള അൽ സഫ നോർത്ത് ഗേറ്റും ബന്ധിപ്പിച്ചായിരിക്കും പ്രവർത്തിക്കുക. വാഹനങ്ങൾ ഈ രണ്ട് ഗേറ്റിലൂടെ ഒരു മണിക്കൂറിനിടെ കടന്നുപോകുമ്പോൾ ടോൾ അടക്കേണ്ടിവരിക ഒരു തവണ മാത്രമാണ്. ടോൾഗേറ്റുകളുടെ മൂല്യം അടക്കുന്നത് സംബന്ധിച്ച് സാലിക് ആർ.ടി.എയുമായി കരാറിലെത്തിയിട്ടുണ്ട്. 2024 നവംബർ മുതൽ 6 വർഷ കാലയളവിലാണ് ഇത്രയും തുക അടച്ചുതീർക്കുക. 22.79 കോടി ദിർഹം വീതമാണ് ഓരോ ആറു മാസത്തിലും അടക്കുക. പുതിയ ടോൾ ഗേറ്റുകൾ വരുന്നതോടെ സാലികിന് വരുമാനം ലഭിക്കുന്ന യാത്രകൾ 7 മുതൽ 8 വരെ ശതമാനം വർധിക്കുമെന്നാണ് കരുതുന്നത്. നേരത്തേ 4 മുതൽ 6 വരെയാണ് പ്രതീക്ഷിച്ചിരുന്നത്.ഗതാഗത മേഖലയിൽ ആഗോള തലത്തിൽ മുൻനിരയിലെത്താനുള്ള ലക്ഷ്യത്തിന്റെ അടിസ്ഥാനത്തിൽ, പുരോഗതി കൈവരിക്കാൻ സാധിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് സാലിക് സി.ഇ.ഒ ഇബ്രാഹീം സുൽത്താൻ അൽ ഹദ്ദാദ് പറഞ്ഞു.
എമിറേറ്റിലെ ടോൾ ഗേറ്റ് ഓപറേറ്റർമാരായ ‘സാലികി’ന് ഈ വർഷം ആദ്യ ആറുമാസത്തിൽ 110 കോടി ദിർഹമിന്റെ വരുമാനമാണ് രേഖപ്പെടുത്തിയത്. എട്ട് ടോൾ ഗേറ്റുകൾ വഴി ഇക്കാലയളവിൽ 23.85 കോടി വാഹനങ്ങൾ കടന്നുപോയിട്ടുണ്ട്. ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിലെ വരുമാനം കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിലെ വരുമാനത്തെക്കാൾ 5.6 ശതമാനം കൂടുതലാണ് രേഖപ്പെടുത്തിയിരുന്നത്. 2024ന്റെ ആദ്യ മൂന്ന് മാസങ്ങളിൽ സാലിക് 56.2കോടി ദിർഹമാണ് വരുമാനമുണ്ടാക്കിയത്. മേയ് മുതൽ ജൂൺ വരെയുള്ള രണ്ടാം പാദത്തിൽ 53.27കോടിയായി വരുമാനം കുറഞ്ഞു. എന്നാൽ, 2023 ലെ രണ്ടാം പാദവുമായി താരതമ്യപ്പെടുത്തുമ്പോൾ 3.1ശതമാനം വർധനയാണിത്. സാലി്ക്ക് രണ്ടാം പാദത്തിൽ 26.75 കോടി ദിർഹമിന്റെ ശക്തമായ അറ്റാദായവും വർഷത്തിന്റെ ആദ്യ പകുതിയിൽ മൊത്തം 54.48 കോടി ദിർഹം ലാഭവും നേടാനായിരുന്നു.
ദുബൈ: എമിറേറ്റിൽ സാലിക് ടോൾ നിരക്കിൽ മാറ്റം വന്നേക്കുമെന്ന് സൂചന നൽകി ദുബൈ റോഡ് ഗതാഗത അതോറിറ്റി. സമയം, ഉപയോഗിക്കുന്ന ലൈൻ, ദിവസം എന്നിവയുടെ അടിസ്ഥാനത്തിൽ ഫ്ലക്സി നിരക്കാണ് ഈടാക്കുക. വിഷയത്തിൽ അന്തിമ തീരുമാനമായിട്ടില്ല.
ടോളുകളിൽ ഫ്ലക്സി നിരക്ക് നടപ്പാക്കുമെന്ന് ആർ.ടി.എ നേരത്തേ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, എന്ന് മുതൽ നടപ്പാക്കുമെന്ന് അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. നിലവിൽ നാല് ദിർഹമാണ് സാലിക് ടോൾ നിരക്ക്. വ്യത്യസ്ത സമയത്തിന് അനുസരിച്ച് ഈ നിരക്കിൽ മാറ്റം വരുന്ന രീതിയിലാണ് ആസൂത്രണം ചെയ്യുന്നതെന്ന് സാലിക് സി.ഇ.ഒ ഇബ്രാഹിം അൽ ഹദ്ദാദ് പറഞ്ഞു. പുതിയ പരിഷ്കാരത്തിന്റെ സാമ്പത്തിക ഫലങ്ങൾ വിലയിരുത്തിയ ശേഷം ദുബൈ എക്സിക്യൂട്ടിവ് കൗൺസിലിന്റെ അംഗീകാരത്തിനായി പദ്ധതി സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.