ദുബൈ: പ്രതീക്ഷയുടെ മറ്റൊരു വർഷത്തിലേക്ക് രാജ്യം. മഹാമാരിയിൽ നിന്ന് മുക്തിനേടിയ 2022ൽ നിന്ന് കുതിപ്പിന്റെ 2023ലേക്കാണ് യു.എ.ഇയുടെ പ്രതീക്ഷകളും യാത്ര ചെയ്യുന്നത്. മുൻവർഷങ്ങളിൽ തുടങ്ങിവെച്ച വികസന പദ്ധതികളുടെ പൂർത്തീകരണത്തിനൊപ്പം പുതിയ പദ്ധതികളുടെ തുടക്കവും ഈ വർഷമുണ്ടാകും. യു.എ.ഇയുടെ ഓരോ ചലനവും നേരിട്ട് ബാധിക്കുന്ന പ്രവാസികളും 2023നെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്.
യു.എ.ഇ ആഘോഷത്തിമിർപ്പിലായ രാവാണ് കടന്നുപോയത്. ദുബൈ, അബൂദബി, ഫുജൈറ, റാസൽഖൈമ, ഉമ്മുൽഖുവൈൻ, അൽഐൻ, അജ്മാൻ, ഷാർജ എന്നിവിടങ്ങളിലെല്ലാം ആഘോഷങ്ങൾ അരങ്ങേറി. കരിമരുന്ന് പ്രയോഗങ്ങളും സംഗീത നിശകളും ഷോപ്പിങുമെല്ലാമായി പ്രവാസികൾ അടക്കമുള്ളവർ ആഘോഷിച്ചു. യു.എ.ഇയുടെ പല ഭാഗങ്ങളിലും നേരം പുലരുവോളം ആഘോഷം നടന്നു. വൈകുന്നേരം തുടങ്ങിയ ആഘോഷങ്ങളിൽ ദേശ ഭാഷാ വ്യത്യാസമില്ലാതെ എല്ലാവരും ആടിത്തകർത്തു. പുതുവർഷത്തിലേക്ക് കിടക്കുമ്പോൾ യു.എ.ഇയും കാത്തിരിക്കുന്നത് പുതിയ പദ്ധതികൾക്കും പരിപാടികൾക്കും നിയമ മാറ്റങ്ങൾക്കുമാണ്. ഐക്യരാഷ്ട്ര സഭയുടെ അന്താരാഷ്ട്ര കാലാവസ്ഥ ഉച്ചകോടിയാണ് യു.എ.ഇ കാത്തിരിക്കുന്ന ഏറ്റവും വലിയ ഇവന്റുകളിൽ ഒന്ന്. എക്സ്പോ സിറ്റിയിൽ നടക്കുന്ന പരിപടാിയിൽ ലോകനേതാക്കൾ പങ്കെടുക്കും.
തൊഴിലാളികൾക്ക് ആത്മവിശ്വാസത്തോടെ പണിയെടുക്കാൻ വഴിയൊരുക്കുന്ന ഇൻഷ്വറൻസ് സ്കീമും ഇന്ന് മുതൽ നടപ്പിൽ വരും. തൊഴിൽ നഷ്ടപ്പെടുന്നവർക്ക് മൂന്ന് മാസം വരെ ശമ്പളത്തിന്റെ 60 ശതമാനം ലഭിക്കുന്ന രീതിയിലാണ് പദ്ധതി. ഇതിനായി ഈ മാസം മുതൽ തൊഴിലാളി ചെറിയ വിഹിതം സ്കീമിലേക്ക് അടക്കണം. ഇമാറാത്തിവത്കരണം കൂടുതൽ ശക്തമായി നടപ്പാക്കുന്നത് ഇന്ന് മുതലാണ്. 50ൽ കൂടുതൽ ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങൾ രണ്ട് ശതമാനം ഇമാറാത്തി ജീവനക്കാരെ നിയമിക്കണമെന്നാണ് നിർദേശം. ഇല്ലെങ്കിൽ പിഴ അടക്കേണ്ടി വരും. ഇമാറാത്തികളെ നിയമിക്കുന്ന സ്ഥാപനങ്ങൾക്ക് സർക്കാർ സഹായവും പ്രഖ്യാപിച്ചിട്ടുണ്ട്.
നിരവധി പുതിയ ടൂറിസം കേന്ദ്രങ്ങളും ഈ വർഷം തുറക്കുന്നുണ്ട്. യു.എ.ഇയുടെ ടൂറിസം ഭൂപടത്തിൽ അടയാളപ്പെടുത്തുന്ന ഡെസ്റ്റിനേഷനുകൾ തുറക്കപ്പെടും. കായിക പ്രേമികൾക്ക് ഏറ്റവും കൂടുതൽ ആവേശം നിറക്കുന്നത് ഐ.പി.എൽ മാതൃകയിൽ ആരംഭിക്കുന്ന ഇന്റർനാഷനൽ ടി 20 ലീഗാണ്. ലോകോത്തര താരങ്ങൾ പങ്കെടുക്കുന്ന ഈ ടൂർണമെന്റിൽ ആറ് ടീമുകളാണ് കളിക്കുന്നത്. ഇതിൽ അഞ്ച് ടീമുകളെയും സ്വന്തമാക്കിയിരിക്കുന്നത് ഇന്ത്യൻ കമ്പനികളാണ്. കൂടുതൽ മേഖലകളിലേക്ക് പ്ലാസ്റ്റിക് നിരോധനം ഏർപെടുത്തുന്നതും ഈ വർഷമായിരിക്കും. ദുബൈയിലും അബൂദബിയിലും ഷാർജയിലും നടപ്പാക്കിയ നിരോധനത്തിന്റെ ബാക്കി ഈ വർഷമുണ്ടാകും. അജ്മാനും ഉമ്മുൽഖുവൈനും ഈ വർഷം നിരോധനം നടപ്പാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.