ദുബൈ: കേരളത്തിന്റെ സർവതല സ്പർശിയായ വികസനത്തിന് സഹായകമാകുന്ന ബജറ്റാണ് കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ചതെന്ന് ഓർമ സെൻട്രൽ കമ്മിറ്റി അഭിപ്രായപ്പെട്ടു. ഗൾഫ് മലയാളികളുടെ ഉയർന്ന യാത്രാക്കൂലി പ്രശ്നം പരിഹരിക്കുന്നതിന് 15 കോടിയുടെ കോർപസ് ഫണ്ട് ബജറ്റിൽ വകയിരുത്തിയത് പ്രവാസികളുടെ ഏറെക്കാലത്തെ ആവശ്യമായിരുന്നു.
കേരളത്തിന്റെ കരുത്തായ പൊതുവിദ്യാഭ്യാസ മേഖലക്കും ഉന്നത വിദ്യാഭ്യാസ മേഖലക്കും കൂടി 1700 കോടിയാണ് നീക്കിവെച്ചിരിക്കുന്നത്. കേരളത്തിന്റെ ആരോഗ്യമേഖലയെ കൂടുതൽ ശക്തമാക്കാൻ വലിയ തുക ബജറ്റിൽ നീക്കിവെച്ചിരിക്കുന്നു. പൊതുമേഖലയെ ശക്തിപ്പെടുത്താനും പുതിയ സംരംഭങ്ങൾക്ക് തുടക്കംകുറിക്കാനുമുള്ള വലിയ പിന്തുണ ബജറ്റിൽ നൽകുന്നു. തൊഴിൽ നഷ്ടപ്പെട്ട് തിരിച്ചെത്തുന്ന പ്രവാസികൾക്ക് 100 തൊഴിൽദിനങ്ങൾ സൃഷ്ടിക്കുമെന്നത് ആവേശകരമാണ്. പ്രവാസി പുനരധിവാസത്തിനും നൈപുണ്യ വികസനത്തിനുമായി ഏതാണ്ട് 90 കോടിയോളം രൂപ മാറ്റിവെച്ചിരുന്നു.
പ്രവാസികളുടെ എമർജൻസി ആംബുലൻസ് സൗകര്യത്തിനായി 60 ലക്ഷവും ലോകകേരളസഭയുടെ പ്രവർത്തനത്തിനായി 2.5 കോടിയും മാറ്റിവെച്ചത് പ്രശംസനീയമാണെന്നും ഓർമ അറിയിച്ചു.
ഷാർജ: സംസ്ഥാന ബജറ്റിൽ പ്രവാസിക്ഷേമ പദ്ധതികൾക്ക് അനുവദിച്ച വിഹിതം അപര്യാപ്തമാണെന്ന് ജനത കൾചറൽ സെന്റർ (ജെ.സി.സി) ഓവർസീസ് കമ്മിറ്റി. 1.76 ലക്ഷം കോടിയുടെ സംസ്ഥാന ബജറ്റിൽ ജനസംഖ്യയുടെ നാലിലൊന്ന് വരുന്ന പ്രവാസികളുടെ ക്ഷേമത്തിന് കേവലം 219 കോടി രൂപ മാത്രമാണ് വകയിരുത്തിയത്. ഇത് അത്യന്തം പ്രതിഷേധാർഹമാണ്. ക്ഷേമനിധി ബോർഡിനുള്ള വിഹിതം കുറഞ്ഞതിലൂടെ ക്ഷേമനിധി പെൻഷൻ മുടങ്ങാനുള്ള സാധ്യതയും മുന്നിൽ കാണുന്നു.
വിവിധ പ്രവാസിവായ്പ, പലിശ സബ്സിഡി ഇനത്തിൽ ബാങ്കുകൾക്ക് നൽകാനുള്ള തുക കുടിശ്ശിഖയാണെന്നും ജെ.സി.സി ഓവർസീസ് കമ്മിറ്റി പ്രസിഡൻറ് പി.ജി. രാജേന്ദ്രൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.