ദുബൈ: ഇന്ത്യക്കു പുറമെ പാകിസ്താൻ, ബംഗ്ലാദേശ്, നേപ്പാൾ, ശ്രീലങ്ക യാത്രക്കാർക്കും യു.എ.ഇയിൽ യാത്രവിലക്ക് ഏർപ്പെടുത്തി. ബുധനാഴ്ച രാത്രി 12 മുതലാണ് വിലക്ക് നിലവിൽ വരുക. കാർഗോ വിമാനങ്ങളെ വിലക്ക് ബാധിക്കില്ല. ദേശീയ ദുരന്ത നിവാരണ സമിതിയാണ് വിലക്ക് പ്രഖ്യാപിച്ചത്. മറ്റു രാജ്യങ്ങൾ വഴി യു.എ.ഇയിലെത്താമെന്ന് ഇന്ത്യൻ യാത്രക്കാരുടെ പ്രതീക്ഷയാണ് ഇതോടെ ഇല്ലാതായത്.
ഈ രാജ്യങ്ങളിലെ കോവിഡ് വ്യാപനം കണക്കിലെടുത്ത് കൂടിയാണ് തീരുമാനം. അറിയിപ്പ് വന്നതോടെ ഈ രാജ്യങ്ങളിൽനിന്ന് യു.എ.ഇയിലേക്കുള്ള യാത്രക്കാരുടെ ഒഴുക്ക് തുടങ്ങി. വിലക്ക് പ്രാബല്യത്തിൽ എത്തുന്നതിന് മുേമ്പ ഇവിടെയെത്താനാണ് ശ്രമം. ഇതോടെ ഈ രാജ്യങ്ങളിൽനിന്നുള്ള ടിക്കറ്റ് നിരക്കും കുതിച്ചുയർന്നു. ഇന്ത്യൻ യാത്രികർക്ക് 10 ദിവസത്തെ വിലക്കായിരുന്നു ആദ്യം പ്രഖ്യാപിച്ചിരുന്നത്. പിന്നീട് അനിശ്ചിതമായി നീട്ടിയിരുന്നു. ഈ അനുഭവം മുന്നിലുള്ളതിനാൽ പരമാവധി ആളുകൾ ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി ഇവിടെയെത്താനുള്ള ശ്രമത്തിലാണ്. ഗൾഫിനെ ആശ്രയിക്കുന്ന ഏഷ്യൻ രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാർക്കാരാണ് ഇതോടെ വലഞ്ഞത്.
അതേസമയം, യു.എ.ഇ പൗരന്മാർ, നയതന്ത്ര ഉദ്യോഗസ്ഥർ, ഗോൾഡൻ വിസക്കാർ, ബിസിനസ് വിമാനങ്ങൾ എന്നിവക്ക് വിലക്കില്ല. ഇവർ 48 മണിക്കൂറിനുള്ളിൽ നടത്തിയ കോവിഡ് പരിശോധന ഫലവുമായി വേണം യാത്ര ചെയ്യാൻ. യു.എ.ഇയിലെത്തുന്ന ദിവസവും നാലാം ദിവസവും എട്ടാം ദിവസവും പരിശോധന നടത്തണം. 10 ദിവസം ക്വാറൻറീനും നിർബന്ധമാണ്.
ദുബൈ: ഇന്ത്യയിൽനിന്ന് ദുബൈയിേലക്ക് ബിസിനസുകാർക്ക് അനുവദിച്ച ചെറുവിമാനങ്ങളിൽ യാത്ര ചെയ്യുന്നതിന് പുതിയ നിയന്ത്രണം ഏർപ്പെടുത്തി. എട്ടുപേരിൽ കൂടുതൽ ഒരു വിമാനത്തിൽ അനുവദിക്കില്ലെന്ന് ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. കഴിഞ്ഞ ദിവസം 13 പേർ വരെയുള്ള വിമാനങ്ങൾ എത്തിയിരുന്നു.
നേരത്തെ ചെറുവിമാനങ്ങൾ എന്നായിരുന്നു നിർദേശിച്ചിരുന്നത്. ആറ് മുതൽ 35 പേർക്ക് വരെ സഞ്ചരിക്കാവുന്ന ചെറിയ ജെറ്റുകൾ ഉണ്ടെങ്കിലും ഇവയിലും എട്ടു പേർക്ക് മാത്രമാണ് അനുമതി. 35 ആളുകളിൽ കൂടുതൽ കയറുന്ന വിമാനങ്ങൾ ബിസിനസ് വിമാനമായി അംഗീകരിക്കില്ല.അതേസമയം, ചാർട്ടേഡ് വിമാനങ്ങളിലെ ടിക്കറ്റ് നിരക്ക് കുതിച്ചുയരുകയാണ്. ഒരാൾക്ക് നാലു ലക്ഷം രൂപയുടെ മുകളിലേക്കാണ് നിരക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.