ദുബൈ: ദുബൈ അന്താരാഷ്ട വിമാനത്താവളത്തിൽ പാസ്പോർട്ട് രഹിത യാത്ര സർവിസിന് തുടക്കമായി. ആദ്യഘട്ടം ടെർമിനൽ മൂന്നിലാണ് പുതിയ സേവനം ലഭ്യമാകുക. യാത്രക്കാരുടെ മുഖം തിരിച്ചറിഞ്ഞ് എമിഗ്രേഷൻ നടപടി പൂർത്തീകരിക്കാനായി ഏറ്റവും നൂതനമായ അഞ്ച് സ്മാർട്ട് ഗേറ്റുകളാണ് ഇതിനായി സ്ഥാപിച്ചിരിക്കുന്നത്. ഗൾഫ് ഇൻഫർമേഷൻ ടെക്നോളജി എക്സിബിഷനിൽ (ജൈടെക്സ്) ജി.ഡി.ആർ.എഫ്.എ ആണ് പുതിയ സാങ്കേതികവിദ്യയുടെ പ്രവർത്തനത്തിന്റെ ലോഞ്ചിങ് പ്രഖ്യാപിച്ചത്
നീണ്ട കാലത്തെ പരീക്ഷണങ്ങൾക്കും സുരക്ഷാപ്രക്രിയകൾക്കും ശേഷമാണ് ഔദ്യോഗികമായി പാസ്പോർട്ട് ഇല്ലാതെ സ്മാർട്ട് ഗേറ്റിലൂടെ കടന്നുപോകുന്ന നടപടികൾക്ക് തുടക്കമായത്. സ്മാർട്ട് ഗേറ്റുകൾ ഉപയോഗിക്കുന്നതിന് താമസക്കാർ അവരുടെ പാസ്പോർട്ടോ എമിറേറ്റ്സ് ഐഡിയോ ടെർമിനൽ മൂന്നിലെ കൗണ്ടറിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. ഒറ്റത്തവണ രജിസ്റ്റർ ചെയ്താൽ, പിന്നീടുള്ള യാത്രക്ക് പാസ്പോർട്ട് സ്കാൻ ചെയ്യേണ്ടതില്ല. നേരിട്ട് ഗേറ്റിലെ സ്ക്രീനിൽ മുഖം കാണിച്ച് എമിഗ്രേഷൻ നടപടി പൂർത്തീകരിക്കാം. എങ്കിലും യാത്രികർ എപ്പോഴും യാത്രാരേഖകൾ കൈയിൽ കരുതണം. പാസ്പോർട്ട് രഹിത സേവനം ഉപയോഗിക്കുന്നതിന് കാമറക്ക് മുഖവും ഒപ്റ്റിക് പ്രിന്റും കൃത്യമായി പകർത്താൻ കഴിയുമെന്ന് ഉറപ്പാക്കാൻ ഗ്ലാസുകൾ, മുഖംമൂടികൾ, തൊപ്പികൾ എന്നിവ നീക്കംചെയ്യണം. സമീപഭാവിയിൽ ടെർമിനൽ ഒന്നിലും രണ്ടിലും ഈ സാങ്കേതികവിദ്യ നടപ്പാക്കാൻ പദ്ധതിയുള്ളതായി ജി.ഡി.ആർ.എഫ്.എ വെളിപ്പെടുത്തി.
അതേസമയം, പാസ്പോർട്ട് സ്കാൻ ചെയ്ത് സ്മാർട്ട് ഗേറ്റ് ഉപയോഗിക്കുന്ന സേവനം എല്ലാ ടെർമിനലിലും തുടരും. ഇതിനുള്ള 122 സ്മാർട്ട് ഗേറ്റുകളാണ് ഇവിടങ്ങളിലുള്ളത്.
ഇതുൾപ്പെടെ 11 പുതിയ സാങ്കേതികവിദ്യ പദ്ധതികളാണ് ജൈടെക്സിൽ ജി.ഡി.ആർ.എഫ്.എ അവതരിപ്പിച്ചത്. വിപുലീകരിച്ച ആപ്ലിക്കേഷൻ, പാസ്പോർട്ട് രഹിത യാത്രക്കുള്ള സ്മാർട്ട് ഗേറ്റ്, വിഡിയോ കാൾ സേവനം, ഡേറ്റ സയൻസ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടക്കമുള്ള പദ്ധതികളുടെ പ്രദർശനവും വിവരണവുമാണ് മേളയിൽ നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.