കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് തൊഴിലാളികളെ അയക്കുന്നതുമായി ബന്ധപ്പെട്ട പുതിയ കരാറിെൻറ കരട് ഫിലിപ്പീൻസ് തയാറാക്കിയതായി റിപ്പോർട്ട്. ഫിലിപ്പീൻസ് തൊഴിൽ മന്ത്രാലയം അണ്ടർ സെക്രട്ടറി കാർലോ അരീലാനോയെ ഉദ്ധരിച്ച് ഫിലിപ്പീൻസ് വാർത്താ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. പുതുക്കിയ തൊഴിൽ കരാർ സംബന്ധിച്ച് ഫിലിപ്പീൻസ്-കുവൈത്ത് ഔദ്യോഗിക ചർച്ചകൾ അടുത്ത ആഴ്ച നടക്കാനിരിക്കെയാണ് കരട് വ്യവസ്ഥകൾ തയാറായത്.
തൊഴിലാളികളുടെ പാസ്പോർട്ടുകൾ തൊഴിലുടമകൾ പിടിച്ചുവെക്കുന്നതിനെയും അനുമതി കൂടാതെ തൊഴിലാളികളുടെ സ്പോൺസർഷിപ് മാറ്റുന്നതിനെയും പുതിയ കരാർ വിലക്കുന്നുണ്ട്. തൊഴിലാളികൾക്ക് അവരുടെ മൊബൈൽ ഫോണുകൾ കൈവശം വെക്കാൻ അനുമതി നൽകണമെന്നും വ്യവസ്ഥയിലുണ്ട്. പുതിയ വ്യവസ്ഥ പ്രകാരം തൊഴിൽ പീഡനമുൾപ്പെടെ അവകാശ നിഷേധത്തിന് കേസുള്ള സ്പോൺസർമാർക്ക് തൊഴിലാളികളെ വീണ്ടും ലഭ്യമാക്കാൻ പാടില്ല. ഇക്കാര്യങ്ങൾ അംഗീകരിക്കാൻ കുവൈത്ത് തയാറായിട്ടില്ലെങ്കിൽ ഇപ്പോൾ പ്രഖ്യാപിക്കപ്പെട്ട റിക്രൂട്ടിങ് വിലക്ക് നീക്കാൻ സാധ്യമല്ലെന്ന് ഫിലിപ്പീൻസ് അണ്ടർ സെക്രട്ടറി പറഞ്ഞു.
സ്പോൺസറുടെ പീഡനത്തിനിരയായി ജോലിക്കാരി മരിക്കാനിടയായ സാഹചര്യത്തിലാണ് ഫിലിപ്പീൻസ് കുവൈത്തിലേക്ക് തൊഴിലാളികളെ അയക്കേണ്ടതില്ലെന്ന തീരുമാനമെടുത്തത്. വിലക്ക് നീക്കി റിക്രൂട്ട്മെൻറ് പുനഃസ്ഥാപിക്കുന്നതിനുള്ള ചർച്ചകൾക്കായി കുവൈത്ത് സംഘം അടുത്ത ആഴ്ച മനിലയിലേക്ക് പോകുന്നുണ്ട്. കുവൈത്ത് സംഘം എത്തുന്നതിെൻറ മുന്നോടിയായാണ് ഫിലിപ്പീൻസ് തൊഴിൽ ഉടമ്പടിയുടെ കരട് തായാറാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.