ഷാർജ: യു.എ.ഇ.യിൽ അർബുദ ബോധവത്കരണവും സൗജന്യപരിശോധനകളും നടത്തുന്നതിന് പിങ്ക് കാരവൻ റൈഡിന്റെ (പി.സി.ആർ) 11ാം പതിപ്പിന് ഷാർജ അൽഹീറ ബീച്ചിൽ തുടക്കമായി. ‘പവേർഡ് ബൈ യു’ എന്ന ആശയത്തിൽ ഫ്രണ്ട്സ് ഓഫ് കാൻസർ പേഷ്യന്റ്സ് സംഘടിപ്പിക്കുന്ന പരിപാടി യു.എ.ഇ സുപ്രീംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉദ്ഘാടനം ചെയ്തു. ഫെബ്രുവരി 10 വരെ ഏഴ് എമിറേറ്റുകളിൽ യാത്ര ചെയ്ത് സ്തനാർബുദത്തെക്കുറിച്ചുള്ള അവബോധം വളർത്തുകയും രോഗം നേരത്തെ കണ്ടെത്തേണ്ടതിന്റെ പ്രാധാന്യം നൽകുകയും ചെയ്യും. പിങ്ക് നിറത്തിലുള്ള വസ്ത്രങ്ങളണിഞ്ഞ് വിവിധ എമിറേറ്റുകളിൽ കുതിര റൈഡർമാർ എത്തും. മുൻകൂട്ടി അറിഞ്ഞാൽ ചികിത്സിച്ച ഭേദമാക്കാവുന്ന രോഗമാണ് സ്തനാർബുദം. എന്നാൽ, പലരും അറിയാത്തതിനാൽ മരണത്തിനുവരെ കാരണമാകുന്നു. ഈ സന്ദേശം എല്ലാവരിലേക്കും എത്തിക്കാൻ ലക്ഷ്യമിട്ടാണ് ബോധവത്കരണം നടത്തുന്നത്. സ്വയം പരിശോധനയിലൂടെ എങ്ങനെ സ്തനാർബുദം മുൻകൂട്ടി അറിയാം എന്നതും ബോധവത്കരണത്തിലൂടെ പകർന്നുനൽകും. ഏഴുദിവസത്തെ സവാരിയിൽ മൊബൈൽ ക്ലിനിക്കുകൾ വഴിയും മാമോഗ്രഫി യൂനിറ്റ് വഴിയും ഏഴ് എമിറേറ്റുകളിലും സൗജന്യ സ്തനാർബുദ പരിശോധനകൾ നടത്തും.
17 കുതിരകളുടെ സവാരി, 120 എക്സാമിനർമാർ, 100 സന്നദ്ധപ്രവർത്തകർ എന്നിവരുടെ പങ്കാളിത്തത്തോടെയാണ് ഉദ്ഘാടന പരിപാടി ആരംഭിച്ചത്. ഈ വർഷം എല്ലാ എമിറേറ്റുകളിലും മൊബൈൽ ക്ലിനിക്കുകൾ കൂടാതെ 11 സ്ഥിരം ക്ലിനിക്കുകൾ ഉണ്ടാകും.
എട്ടിൽ ഒരു സ്ത്രീക്ക് സ്തനാർബുദമുണ്ടാകുന്നു എന്നതാണ് കണക്ക്. എന്നാൽ, 98 ശതമാനം കേസുകളും മുൻകൂട്ടി അറിഞ്ഞാൽ ചികിത്സിച്ച് ഭേദമാക്കാവുന്നതാണ്. കഴിഞ്ഞ വർഷം പിങ്ക് കാരവന്റെ ഭാഗമായി 3041 സ്തനപരിശോധനകളും 893 മാമ്മോഗ്രാമും 10 അൾട്രാസൗണ്ട് സ്ക്രീനിങ്ങും നടത്തിയിരുന്നു. 2011 മുതൽ സ്ത്രീകൾക്കായി 13,000ഉം, പുരുഷന്മാർക്കായി 75,000ഉം സ്ക്രീനിങ്ങുകൾ നടത്തിയിട്ടുണ്ടെന്നും കാമ്പയിനിൽ വലിയ ജനപങ്കാളിത്തമാണ് ഉണ്ടായിരിക്കുന്നതെന്നും ഫ്രണ്ട്സ് ഓഫ് കാൻസർ പേഷ്യന്റ്സ് ഡയറക്ടർ ഐഷ അൽ മുല്ല പറഞ്ഞു.
ഒമ്പത് കേന്ദ്രങ്ങളിൽ സൗജന്യ പരിശോധന
• ഷാർജ: മജാസ് വാട്ടർഫ്രണ്ട്: വൈകു. 4.00-10.00
• മെഗാമാൾ: വൈകു. 4.00-10.00
• ലുലു സെൻട്രൽ, അൽബുത്തീന -വൈകു. 4.00-10.00
• ദുബൈ: ലുലു ഹൈപ്പർ മാർക്കറ്റ്, അൽ ബർഷ -വൈകു. 4.00-10.00
• മിർദിഫ് സിറ്റി സെന്റർ - ഉച്ച. 2.00-9.00
• അജ്മാൻ: ചൈന മാൾ: വൈകു. 4.00-10.00
• റാസൽഖൈമ: ലുലു ഹൈപ്പർ മാർക്കറ്റ്, റാക് മാൾ: വൈകു. 4.00-10.00
• ഉമ്മുൽ ഖുവൈൻ: ലുലു ഹൈപ്പർ മാർക്കറ്റ്, യു.എ.ക്യു മാൾ: വൈകു. 4.00-10.00
• ഫുജൈറ: ലുലു ഹൈപ്പർ മാർക്കറ്റ്, ലുലുമാൾ -വൈകു. 4.00-10.00
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.