ദുബൈ: നാലുപതിറ്റാണ്ടായി പ്രവാസി മലയാളികളുടെ സാംസ്കാരിക, സാമൂഹിക കൂട്ടായ്മയായി പ്രവർത്തിക്കുന്ന മാസിന്റെ 40ാം വാർഷികം ആഘോഷിച്ചു. മുൻ മന്ത്രിയും എം.എൽ.എയുമായ എം.എം. മണി ഉദ്ഘാടനം ചെയ്തു. വ്യത്യസ്ത രാഷ്ട്രീയ അഭിപ്രായങ്ങൾ നിലനിർത്തിക്കൊണ്ടുതന്നെ പ്രവാസി വിഷയങ്ങളിൽ ഒന്നിച്ചുനിൽക്കാൻ എല്ലാ പ്രവാസി സംഘടനകളും തയാറാകണമെന്ന് അദ്ദേഹം പറഞ്ഞു. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും അഖിലേന്ത്യ മഹിള ജനാധിപത്യ അസോസിയേഷൻ കേന്ദ്ര കമ്മിറ്റി അംഗവുമായ കെ.എസ്. സലീഖ സംസാരിച്ചു. മാസ് പ്രസിഡന്റ് വാഹിദ് നാട്ടിക അധ്യക്ഷത വഹിച്ചു. വിവിധ കലാരൂപങ്ങൾ അണിനിരത്തിയുള്ള ഘോഷയാത്രയോടെയാണ് അതിഥികളെ സ്വീകരിച്ചത്.
മാസ് സ്ഥാപക പ്രസിഡന്റ് ടി.കെ. അബ്ദുൽ ഹമീദ്, പ്രവാസി ക്ഷേമനിധി ഡയറക്ടർ ആർ.പി. മുരളി, മാസ് മുൻ പ്രസിഡന്റ് താലിബ്, മുൻ സെക്രട്ടറി ബി.കെ. മനു, ഇന്ത്യൻ അസോസിയേഷൻ ഷാർജ പ്രസിഡന്റ് അഡ്വ. വൈ.എ. റഹീം, അബൂദബി ശക്തി തിയറ്റേഴ്സ് പ്രതിനിധിയും കെ.എസ്.സി പ്രസിഡന്റുമായ കൃഷ്ണ കുമാർ, ഓർമ ദുബൈ പ്രസിഡന്റ് റിയാസ്, ഫുജൈറ കൈരളി പ്രസിഡന്റ് ലെനിൻ എന്നിവർ സംസാരിച്ചു.
മാസ് അംഗം എം.ഒ. രഘുനാഥ് എഴുതിയ രണ്ടു പുസ്തകങ്ങൾ എം.എം. മണിയിൽനിന്ന് മാസ് ട്രഷറർ അജിത രാജേന്ദ്രൻ സ്വീകരിച്ചു. മാസ് സെക്രട്ടറി ടി.സി. സമീന്ദ്രൻ സ്വാഗതവും ജോയന്റ് സെക്രട്ടറി ബ്രിജേഷ് ഗംഗാധരൻ നന്ദിയും പറഞ്ഞു. പിന്നിട്ട 40 വർഷങ്ങളുടെ ചരിത്രവും കേരളത്തിലെ 14 ജില്ലകളെ പ്രതിനിധാനംചെയ്യുന്ന കലാരൂപങ്ങളും അരങ്ങേറി. പ്രോഗ്രാം കൺവീനർ രാധാകൃഷ്ണൻ, വൈസ് പ്രസിഡന്റ് ഹാരിസ് എന്നിവർ നേതൃത്വം നൽകി. മണിയാശാൻ വന്നുവെന്നറിഞ്ഞ് യു.എ.ഇയിലുള്ള മലയാള ചലച്ചിത്ര താരങ്ങളായ ജാഫർ ഇടുക്കിയും സോഹൻ സീനുലാലും സദസ്സിലെത്തിയത് കാണികൾക്ക് ആവേശമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.