അബൂദബി കിരീടാവകാശിക്ക് ഊഷ്മള വരവേല്‍പ്-VIDEO

ന്യൂഡല്‍ഹി: റിപ്പബ്ളിക്ദിനത്തിലെ വിശിഷ്ടാതിഥിയായി എത്തിയ അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേന ഉപമേധാവിയുമായ മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാനെ പ്രധാനമന്ത്രി നരേന്ദ്ര മോദി പതിവുവിട്ട് നേരിട്ടത്തെി വ്യോമസേന വിമാനത്താവളത്തില്‍ സ്വീകരിച്ചു. ഗള്‍ഫ് നാടുകളുമായി ബന്ധം വിപുലപ്പെടുത്താനുള്ള ഇന്ത്യയുടെ സവിശേഷ താല്‍പര്യവും ന്യൂനപക്ഷവോട്ട് നിര്‍ണായകമായ യു.പി തെരഞ്ഞെടുപ്പു രാഷ്ട്രീയവും ഇഴചേര്‍ന്ന ഊഷ്മള സ്വീകരണമായി അത്.

ചൊവ്വാഴ്ച വൈകീട്ടാണ് ശൈഖ് മുഹമ്മദ് ഡല്‍ഹിയില്‍ വിമാനമിറങ്ങിയത്. ബുധനാഴ്ച രാവിലെ രാഷ്ട്രപതി ഭവന്‍ അങ്കണത്തില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചേര്‍ന്ന് ആചാരപരമായ വരവേല്‍പു നല്‍കും. ഉച്ചക്ക് പ്രധാനമന്ത്രിയുമായുള്ള ഒൗപചാരിക കൂടിക്കാഴ്ചയില്‍ കരാറുകള്‍ ഒപ്പിടും. വൈകീട്ട് ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിയുമായി കൂടിക്കാഴ്ച. രാത്രി ഏഴരക്ക് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ കാണും. വ്യാഴാഴ്ച രാവിലെ രാജ്പഥില്‍ നടക്കുന്ന റിപ്പബ്ളിക്ദിന പരേഡില്‍ മുഖ്യാതിഥിയായി അബൂദബി കിരീടാവകാശി പങ്കെടുക്കും.

കഴിഞ്ഞ ഫെബ്രുവരിയില്‍ അബൂദബി കിരീടാവകാശി ഇന്ത്യയില്‍ വന്നിരുന്നു. 2015 ആഗസ്റ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അവിടം സന്ദര്‍ശിക്കുകയും ചെയ്തു. ഇതോടെ, ഇന്ത്യ-യു.എ.ഇ സഹകരണത്തിന്‍െറ ഗതിവേഗം കൂടി. 70 ലക്ഷത്തോളം വരുന്ന ഗള്‍ഫിലെ ഇന്ത്യന്‍ പ്രവാസികളില്‍ 26 ലക്ഷം യു.എ.ഇയിലാണ്. ഊര്‍ജ, സാമ്പത്തിക, വ്യാപാര രംഗങ്ങളിലെ ബന്ധം ശക്തിപ്പെടുത്താന്‍ ഇന്ത്യക്ക് പ്രത്യേക താല്‍പര്യമുണ്ട്. ഡോണള്‍ഡ് ട്രംപ് പ്രസിഡന്‍റായതോടെ അമേരിക്കന്‍ നയത്തിലുണ്ടായ അനിശ്ചിതത്വം ഗള്‍ഫ് രാജ്യങ്ങളുമായി അടുത്ത ബന്ധത്തിന് കേന്ദ്ര സര്‍ക്കാറിനെ കൂടുതല്‍ പ്രേരിപ്പിക്കുന്നു.

അടിസ്ഥാന സൗകര്യ വികസനത്തില്‍ യു.എ.ഇയില്‍നിന്ന് ഇന്ത്യയിലേക്ക് നിക്ഷേപം വര്‍ധിപ്പിക്കാനും പ്രവാസി മുതല്‍മുടക്ക് വര്‍ധിപ്പിക്കാനും കേന്ദ്രം താല്‍പര്യപ്പെടുന്നുണ്ട്. പ്രതിരോധ, സുരക്ഷ തുടങ്ങിയ രംഗങ്ങളില്‍ സഹകരണം വിപുലപ്പെടുത്താനുള്ള ധാരണാപത്രങ്ങള്‍ ഒപ്പുവെക്കും. യു.എ.ഇയെ പടക്കോപ്പ് വിപണിയായി വളര്‍ത്താനും സംയുക്ത സൈനിക സാമഗ്രി നിര്‍മാണം തുടങ്ങാനും ഇന്ത്യ ലക്ഷ്യമിടുന്നുണ്ട്.
 

 

Tags:    
News Summary - Prince of Abu Dhabi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.