ദുബൈ: റമദാനിൽ സ്വകാര്യ കമ്പനി ജീവനക്കാരുടെ ജോലി സമയത്തിൽ രണ്ട് മണിക്കൂർ കുറച്ചു. എട്ടു മണിക്കൂർ ജോലിയുള്ളവർക്ക് ജോലി സമയം ആറു മണിക്കൂറായി കുറയും. മാനവവിഭവ ശേഷി, എമിററ്റൈസേഷൻ മന്ത്രാലയമാണ് തിങ്കളാഴ്ച ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്.
ജോലിയുടെ ആവശ്യകതകളും സ്വഭാവത്തിനും അനുസൃതമായി കമ്പനികൾക്ക് റമദാനിലെ ദൈനംദിന പ്രവൃത്തി സമയത്തിന്റെ പരിധിക്കുള്ളിൽനിന്ന് വർക്ക് ഫ്രം ഹോം ഉൾപ്പെടെ സൗകര്യപ്രദമായ രീതികൾ പ്രയോഗിക്കാമെന്ന് മന്ത്രാലയം അറിയിച്ചു.പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ജോലിസമയവും പുനഃക്രമീകരിച്ചിട്ടുണ്ട്. തിങ്കൾ മുതൽ വ്യാഴം വരെ 3.5 മണിക്കൂറും വെള്ളിയാഴ്ച 1.5 മണിക്കൂറുമാണ് കുറച്ചത്.
റമദാനിൽ സർക്കാർ സ്ഥാപനങ്ങളുടെ പ്രവൃത്തി സമയം തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ ഒമ്പതു മുതൽ ഉച്ചക്ക് 2.30 വരെയും വെള്ളിയാഴ്ച രാവിലെ ഒമ്പതു മുതൽ ഉച്ചക്ക് 12 മണിവരെയുമായിരിക്കും. വർക്ക് ഫ്രം ഹോം ഉൾപ്പെടെ സൗകര്യപ്രദമായ രീതികൾ സർക്കാർ സ്ഥാപനങ്ങൾക്കും മന്ത്രാലയങ്ങൾക്കും അവലംബിക്കാം. എന്നാൽ, ആകെ ജീവനക്കാരുടെ 70 ശതമാനത്തിൽ കൂടുതൽ വർക്ക് ഫ്രം ഹോം അനുവദിക്കാനാവില്ല. ഹിജ്റ കലണ്ടർ പ്രകാരം യു.എ.ഇയിൽ മാർച്ച് 12 മുതലാണ് റമദാൻ വ്രതാരംഭം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.