അബൂദബി: കാലാവസ്ഥ വ്യതിയാനത്തെ നേരിടുന്നതിന് യു.എ.ഇ നടപ്പിലാക്കുന്ന പദ്ധതികളുടെ ഭാഗമായി 2020 മുതൽ 4.40 കോടി കണ്ടൽ മരങ്ങൾ വെച്ചുപിടിപ്പിച്ചതായി അബൂദബി പരിസ്ഥിതി ഏജൻസി അറിയിച്ചു. നഗര-വികസന വകുപ്പ്, അഡ്നോക് എന്നിവയുമായി സഹകരിച്ച് അബൂദബി പരിസ്ഥിതി ഏജൻസി രണ്ടുവർഷത്തിനിടെ 2.3 കോടി കണ്ടൽമരങ്ങളാണ് വെച്ചുപിടിപ്പിച്ചത്.
2030ഓടെ 10കോടി കണ്ടൽമരങ്ങൾ നട്ടുവളർത്തുകയെന്ന ലക്ഷ്യം മുൻനിർത്തിയാണ് 9,200 ഹെക്ടർ ഭൂമിയിൽ ഇത്രയും കണ്ടൽമരങ്ങൾ വെച്ചുപിടിപ്പിച്ചത്. ആവാസവ്യവസ്ഥയെ സംരക്ഷിക്കുന്നതിനും പുനഃസ്ഥാപിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ വിപുലീകരിക്കാനും വേഗത്തിലാക്കാനും ലക്ഷ്യമിട്ടാണ് സർക്കാർ പദ്ധതി നടപ്പിലാക്കുന്നത്.
കണ്ടൽമരങ്ങൾ പ്രതിവർഷം 2,33,000 ടൺ കാർബൺ സംഭരിക്കാൻ സഹായിക്കുമെന്നാണ് കരുതുന്നത്. 25,000ത്തിലധികം വീടുകളിലെ ഊർജ ഉപഭോഗത്തിന് തുല്യമാണിത്. യു.എ.ഇ സുസ്ഥിരതാ വർഷം ആചരിക്കുന്നതിനൊപ്പം ഇത്തരമൊരു നേട്ടം കൈവരിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് അൽ ദഫ്റ മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധിയും അബൂദബി പരിസ്ഥിതി ഏജൻസി ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ സായിദ് ആൽ നഹ്യാൻ പറഞ്ഞു. തീരദേശ ആവാസവ്യവസ്ഥ നിലനിർത്തുന്നതിനായി, രാഷ്ട്രപിതാവ് ശൈഖ് സായിദിന്റെ പാരമ്പര്യത്തിന്റെ പിന്തുടർച്ചയായാണ് കണ്ടൽമരങ്ങൾ സംരക്ഷിക്കുന്നതിൽ അബൂദബി നടത്തുന്ന അക്ഷീണ പരിശ്രമങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മന്ത്രിയും അഡ്നോക് എം.ഡിയും സി.ഇ.ഒയുമായ ഡോ. സുൽത്താൻ അഹമ്മദ് അൽ ജാബിർ, യു.എ.ഇ കാലാവസ്ഥ വ്യതിയാന പരിസ്ഥിതി മന്ത്രി മറിയം ബിൻത് മുഹമ്മദ് അൽഹീരി എന്നിവരും നേട്ടത്തിൽ സന്തോഷം പ്രകടിപ്പിച്ചു.
അബൂദബി പരിസ്ഥിതി ഏജൻസി പ്രാദേശികവും അന്തർദേശീയവുമായ പങ്കാളികളുടെ സഹകരണത്തോടെയാണ് കണ്ടൽ ദൗത്യം നടപ്പാക്കിവരുന്നത്. തീരപ്രദേശങ്ങളിൽ വളരുന്ന കണ്ടൽക്കാടുകൾ അനേകം സമുദ്രജീവികൾ അടക്കമുള്ളവക്ക് മികച്ച ആവാസവ്യവസ്ഥയാണ് പ്രദാനം ചെയ്യുന്നത്. വേലിയേറ്റത്തെയും തീരനശീകരണത്തെയും കണ്ടൽക്കാടുകൾ തടയും.
നൂറുകണക്കിന് പക്ഷികൾക്കും കണ്ടൽക്കാടുകൾ സുരക്ഷിതമായ ഇടമൊരുക്കി നൽകുന്നുണ്ട്. ജൈവ വൈവിധ്യത്തിന് സഹായകമാവുന്ന കണ്ടൽക്കാടുകൾ മത്സ്യസമ്പത്ത് വർധിപ്പിക്കുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.