ഷാർജ: അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ മുന്നോടിയായി സംഘടിപ്പിക്കുന്ന പ്രസാധക സമ്മേളനം ഞായറാഴ്ച ആരംഭിക്കും. ഷാർജ എക്സ്പോ സെന്ററിന് സമീപം പ്രത്യേകം സജ്ജമാക്കിയ വേദിയിൽ രാവിലെ 10ന് ആരംഭിക്കുന്ന ചടങ്ങ് ഷാർജ ബുക്ക് അതോറിറ്റി ചെയർപേഴ്സൻ ശൈഖ ബുദൂർ അൽ ഖാസിമി ഉദ്ഘാടനം ചെയ്യും.
പുസ്തകോത്സവത്തിലെ ഇത്തവണത്തെ അതിഥിരാജ്യമായ ദക്ഷിണ കൊറിയയിലെ പബ്ലിഷേഴ്സ് അസോസിയേഷൻ പ്രസിഡന്റ് യൂൻ ചുൽ ഹോ മുഖ്യാതിഥിയാകും. പ്രസാധക മേഖലയിലെ നവീന ആശയ കൈമാറ്റങ്ങൾക്കും പരസ്പര സഹകരണ കരാറുകൾക്കും വേദിയാകുന്ന സമ്മേളനത്തിന്റെ 13ാമത് എഡിഷനാണ് ഇത്തവണത്തേത്.
101 രാജ്യങ്ങളിൽ നിന്നായി പ്രസാധകർ, വിതരണക്കാർ, പുസ്തക വിദഗ്ധർ എന്നിവരെത്തുന്ന സമ്മേളനം മൂന്നു ദിവസം നീളും. ബെനിൻ, ഐവറി കോസ്റ്റ്, ചെക്ക് റിപ്പബ്ലിക്, മൊറീഷ്യസ്, പരഗ്വേ, ബുർകിനഫാസോ, കോംഗോ എന്നീ ഏഴു രാജ്യങ്ങൾ ഇത്തവണ സമ്മേളനത്തിൽ പുതുതായി അരങ്ങേറ്റം കുറിക്കുന്നവരാണ്.
പ്രസിദ്ധീകരണ വ്യവസായത്തിലെ പുതിയ സംഭവവികാസങ്ങളും വെല്ലുവിളികളും ചർച്ച ചെയ്യുന്ന വിദഗ്ധരുടെ സംസാരങ്ങളും സമ്മേളനത്തിലുണ്ടാകും. സമ്മേളനം ചൊവ്വാഴ്ചയാണ് സമീപിക്കുന്നത്. ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് നവംബർ ഒന്നിനാണ് തുടക്കമാകുന്നത്. ഷാർജ എക്സ്പോ സെന്ററിൽ നവംബർ 12 വരെയാണ് മേള അരങ്ങേറുക. ‘നാം പുസ്തകങ്ങളെ കുറിച്ച് സംസാരിക്കുന്നു’ എന്നതാണ് ഇത്തവണ മേളയുടെ സന്ദേശം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.