ദുബൈ: ദുബൈ ഇന്റർനാഷനൽ ഫിനാൻഷ്യൽ സെന്ററിന്(ഡി.ഐ.എഫ്.സി) കഴിഞ്ഞ വർഷം 178 കോടി ദിർഹമിന്റെ വരുമാനം. 20വർഷം പൂർത്തിയായ ഡി.ഐ.എഫ്.സിയുടെ എക്കാലത്തെയും മികച്ച നേട്ടമാണ് 2024ൽ രേഖപ്പെടുത്തിയിരിക്കുന്നത്. 2023ലെ പ്രകടനത്തിൽനിന്ന് 37 ശതമാനം വർധനയാണ് കഴിഞ്ഞതവണ രേഖപ്പെടുത്തിയത്. അതോടൊപ്പം സെന്ററിലെ ആക്ടിവ് കമ്പനികളുടെ എണ്ണം 2023ൽ 5,523 ആയിരുന്നത് 25 ശതമാനം വർധിച്ച് 6,920 ആയി വർധിച്ചിട്ടുമുണ്ട്. 2024ൽ ഡി.ഐ.എഫ്.സിയിൽ 1,823 പുതിയ രജിസ്ട്രേഷനുകളാണ് രേഖപ്പെടുത്തിയത്. ഇതുവരെയുള്ളതിൽവെച്ച് ഏറ്റവും ഉയർന്ന വാർഷിക കണക്കാണിത്.
കഴിഞ്ഞ 20 വർഷത്തിനിടെ സെന്റർ നേടിയ അസാധാരണ വളർച്ച മേഖലയിലെ പ്രമുഖ ആഗോള സാമ്പത്തിക കേന്ദ്രമായി എമിറേറ്റിനെ വളർത്തിയെടുക്കുക എന്ന യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ കാഴ്ചപ്പാടിനെ പ്രതിഫലിപ്പിക്കുന്നുവെന്ന് ദുബൈ ഒന്നാം ഉപഭരണാധികാരിയും ഉപപ്രധാനമന്ത്രിയും ധനകാര്യമന്ത്രിയും ഡി.ഐ.എഫ്.സി പ്രസിഡന്റുമായ ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം പറഞ്ഞു.
ഈ നേട്ടം സാമ്പത്തിക സേവനങ്ങൾക്കുള്ള ലോകോത്തര കേന്ദ്രമെന്ന നിലയിൽ ദുബൈയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദുബൈ എ.ഐ കാമ്പസ് ആരംഭിച്ചതോടെ ഡി.ഐ.എഫ്.സിയിൽ ഏറ്റവും വേഗത്തിൽ വളരുന്ന മേഖലയായി സാങ്കേതികവിദ്യയും ഇന്നൊവേഷൻ മേഖലയും തുടരുകയാണ്. ഈ രംഗത്ത് വർഷന്തോറും 38 ശതമാനം വർധനയാണുണ്ടായിട്ടുള്ളത്. 2024ൽ ഇത് 1,245 കമ്പനികളിലെത്തി. പുതിയതും നിലവിലുള്ളതുമായ ബിസിനസുകളിലൂടെ തൊഴിലവസരങ്ങൾ സൃഷ്ടിച്ചതോടെ ഡി.ഐ.എഫ്.സിയുടെ തൊഴിൽ ശക്തി 46,078 ആയി ഉയർന്നിട്ടുമുണ്ട്. ഇതിൽ മുൻ വർഷത്തേക്കാൾ 10 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.